കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന് ലോകാരോഗ്യ സംഘടനയുടെ ഗുണനിലവാര അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. കെ എസ് ഡി പി നിര്‍ണ്ണായകമായ ഒരു ചുവടു കൂടി വയ്ക്കുകയാണെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
യുഡിഎഫിന്റെ കാലത്ത് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ടിരുന്ന ഈ പൊതുമേഖലാ ഔഷധ നിര്‍മ്മാണ കമ്പനിയ്ക്ക് ഡബ്ല്യു എച്ച് ഒ- ജിഎംപി അംഗീകാരം ലഭിച്ചിരിക്കുന്നു. ലോകാരോഗ്യ സംഘടന രൂപപ്പെടുത്തിയ ഗുണനിലവാര മാനദണ്ഡമാണ് ഡബ്ല്യു എച്ച് ഒ- ജിഎംപി. ഇത് പ്രകാരം ഉല്പാദന കമ്പനിയുടെ രാജ്യത്തിനകത്തും വിദേശത്തും മരുന്ന് വില്‍ക്കുന്നതിന് പ്രത്യേക അംഗീകാരങ്ങളുണ്ട്. നമ്മുടെ കെ എസ് ഡി പി രണ്ടും നേടിയിരിക്കുന്നു. മരുന്ന് ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതു മുതല്‍ പാക്കിങ്ങും ട്രാന്‍സ്പോര്‍ട്ടേഷനും , ഫാക്ടറിയുടെയും ലാബിന്റേയുമെല്ലാം അകലും പുറവും മുഖവുമെല്ലാo അടക്കം നൂറു കണക്കിന് സൂക്ഷ്മ ഘടകങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ഈ സാഷ്യപത്രം നല്‍കുന്നത്. കെ എസ് ഡി പി ചിട്ടയായ തയ്യാറെടുപ്പുകളിലൂടെ ഈ കടമ്പ കടന്നിരിക്കുന്നു. ഇനി കെ എസ് ഡി പിയ്ക്ക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലേയ്ക്കും മരുന്ന് കയറ്റി അയയ്ക്കാം.സെനഗലിന്റെ 100 കോടി രൂപയുടെ ഒരു ടെന്‍ഡര്‍ കെ എസ് ഡി പിയ്ക്ക് നഷ്ടമായത് ഈ അംഗീകാരമില്ലാത്തതിനാലായിരുന്നു.
ഡബ്ല്യു എച്ച് ഒ- ജിഎംപി മാനദണ്ഡപ്രകാരമുള്ള നിലവാര പരിശോധന നടത്തി തീരുമാനമെടുക്കുന്നത് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന് ആണ്. ഡബ്ല്യു എച്ച് ഒ- ജിഎംപി. പ്രകാരമുള്ള അംഗീകാരം WHO-Certification on Pharmaceutical Products(WHO-CoPP) എന്നാണ് അറിയപ്പെടുന്നത്. സി ഡി എസ് ഒയുടെ കര്‍ശന പരിശോധനകള്‍ക്ക് ശേഷം ഈ സാഷ്യപത്രം നല്‍കുന്നതിന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറിനെ ചുമതലപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഈ നേട്ടത്തിന് സാധാരണ നാം കാണുന്നതിനും അപ്പുറം ഒരു മാനമുണ്ട്.ഇന്ത്യന്‍ ജനറിക് ഔഷധ നിര്‍മ്മാണ മേഖലയെ പാവപ്പെട്ട ലോകരാജ്യങ്ങളുടെ ഔഷധശാല എന്ന അര്‍ത്ഥത്തില്‍ ഫാര്‍മസി ഓഫ് ദ സൗത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. ഭീമന് ബഹുരാഷ്ട്ര മരുന്നു കമ്പനികളെ വെല്ലുവിളിച്ച് ,1970 ലെ പേറ്റന്റ് നിയമത്തിന്റെ ബലത്തില്‍ , നമ്മുടെ കമ്പനികള്‍ നിസ്സാര വിലക്ക് ലോകമെങ്ങും മരുന്നു വിറ്റു. ബ ഹുരാഷ്ട ഭീമന്മാര് ഇന്ത്യയുടേത് കള്ളനോട്ടു പോലെ കള്ളമരുന്നാണ്(കൗണ്ടര്‍ഫീറ്റ് മെഡിസിന്) ആണെന്നു പറഞ്ഞ് ലോകമെങ്ങും നിയമപോരാട്ടം നടത്തി. നമ്മുടെ ആഭ്യന്തര ഔഷധ വ്യവസായം ആരെയും ഒന്നു വെല്ലു വിളിക്കാന്‍ പോന്ന പോരാളിയായി വളര്‍ന്നു. കരള്‍ കാന്‍സറിന് ബെയര്‍ കമ്പനി പുറത്തിറക്കിയ മരുന്ന് 30 ദിവസത്തെ ഡോസിന് 2.4 ലക്ഷം രൂപ വില. മാറ്റി മറിക്കപ്പെട്ട പേറ്റന്റ് നിയമത്തില്‍ അവശേഷിക്കുന്ന ജനാനുകൂല വ്യവസ്ഥകള്‍ ഉണ്ട്. അവ ഉപയോഗപ്പെടുത്തി, ഈ മരുന്നിന്റെ വില താങ്ങാനാവത്തതും അപ്രാപ്യവുമാണ് എന്ന് കണ്ടെത്തി, നാറ്റ്കോ എന്ന നാടന്‍ കമ്പനിക്ക് ഈ മരുന്ന് ഉല്‍പ്പാദിപ്പിക്കാനുള്ള ലൈസന്‍സ് (കമ്പല്‍സറി ലൈസന്‍സിംഗ്) ഇന്‍ഡ്യന്‍ പേറ്റന്റ് ഡയറക്ടര്‍ ജനറല്‍ നല്കി. അതോടെ മരുന്ന് 8800 രൂപയ്ക്ക് കിട്ടുമെന്നായി. ഇന്നത്തെ നമ്മുടെ റവന്യൂ സെക്രട്ടറി പി എച്ച് കുര്യന് ആണ് ലോകം മുഴുവന്‍ ശ്രദ്ധിച്ച ആ ഉത്തരവ് ഇറക്കിയത്.
ഔഷധ വ്യവസായ രംഗം പിന്നെയും മാറുകയാണ്. കടുത്ത ബൗദ്ധിക സ്വത്തവകാശ ക്രമത്തില്‍ വന്‍കിട ബഹുരാഷ്ട്ര ഭീമന്മാര് ഈ നാടന്‍ കമ്പനികളെയും കൂട്ടിച്ചേര്‍ക്കുകയോ വെട്ടിപ്പിടിക്കുകയോ ഒക്കെ ചെയ്യുകയാണ്. പൊതുമേഖലാ ഔഷധ കമ്പനികള്‍ ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യം ഇവിടെയാണ്. കെ എസ് ടി പി നേടിയ ഈ അംഗീകാരത്തിന് ഉത്തരം ബൃഹത്തായ ഒരു രാഷ്ട്രീയ മാനമുണ്ട്. കാന്‍സര്‍ മരുന്നു നിര്‍മ്മാണത്തിലേയ്ക്കു കൂടി ചുവടുവെക്കാന്‍ തുനിയുമ്പോള്‍ പ്രത്യേകിച്ചും. വലിയ നേട്ടമാണിതെന്നും മന്ത്രി പറഞ്ഞു.
Comments are closed.