മിനിമം ബാലന്‍സ് പിഴയായി കയര്‍ത്തൊഴിലാളിയുടെ പെന്ഷന് ബാങ്ക് കവര്‍ന്നു
മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാതിരുന്നതിന് കര്‍ഷകത്തൊഴിലാളിയായ സ്ത്രീയുടെ പെന്ഷന് തുക ബാങ്ക് കവര്‍ന്നു. തൊഴിലാളിയുടെ ദുരിതം ധനമന്ത്രി തോമസ് ഐസക് ഫേസ് ബുക്കിലൂടെ പങ്കുവച്ചപ്പോഴാണ് പുറത്തുവന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലെ ഹമീദ ബീവിക്ക് ലഭിച്ച 3300 രൂപ പെന്‍ഷനില്‍ നിന്ന് ബാങ്ക് പിഴയീടാക്കിയശേഷം നല്‍കിയത് 250 രൂപയാണ്.
ധനമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്
3300 രൂപയാണ് ഹമീദ ബീവിക്ക് കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ പെൻഷൻ ലഭിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് ആപ്പൂര് ലക്ഷംവീട് കോളനിയിലെ ഹമീദ ബീവിക്ക് മണ്ണഞ്ചേരിയിലുള്ള ബാങ്കിൻ്റെ ശാഖയിലാണ് അക്കൌണ്ട്. പെൻഷനുവേണ്ടി മാത്രം തുടങ്ങിയ അക്കൌണ്ടാണ്. സാമൂഹികസുരക്ഷാ പെൻഷനും ക്ഷേമപെൻഷനും ലഭിക്കുന്നവർ സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങളിൽപ്പെടുന്നവരാണല്ലോ. പണം വന്നാൽ അപ്പോൾ തന്നെ അവർ പിൻവലിക്കും. ബാക്കി ഇടാൻ ഒന്നും ഉണ്ടാവില്ല. 1000 രൂപ മിനിമം ബാലൻസ് ഇല്ലെങ്കിൽ 17.7 ശതമാനം പിഴ ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനം ഈ പെൻഷൻകാർക്കെല്ലാം വലിയ തിരിച്ചടിയായിരിക്കുകയാണ്.
ഹമീദ ബീവിക്ക് മിനിമം ബാലൻസ് ഇല്ലാതിരുന്ന മാസങ്ങളിലെ പിഴയെല്ലാം ഒന്നിച്ചു പിടിച്ചു കഴിഞ്ഞപ്പോൾ 3300 ൽ 250 രൂപ മാത്രം മിച്ചം. ബാക്കിയൊക്കെ ബാങ്ക് പിഴയായി ഈടാക്കി. സാമൂഹികസുരക്ഷാ പെൻഷൻ വിതരണം സംബന്ധിച്ച് ബാങ്കുകളുമായി ഉണ്ടായിരുന്ന ധാരണയ്ക്ക് വിരുദ്ധമാണ് ഈ നടപടി. പലതും സീറോ ബാലൻസ് അക്കൌണ്ടുകളായി തുറന്നവയാണ്. വേഗത്തിലും സുതാര്യമായും നേരിട്ട് ഗുണഭോക്താവിന് പണം ലഭിക്കുന്നതിനുള്ള മാർഗ്ഗമായിട്ടാണ് ഡയറക്ട് ബാങ്ക് ട്രാൻസ്ഫറിനെ വീക്ഷിക്കുന്നത്. ബാങ്കുകളുടെ കണ്ണിൽച്ചോരയില്ലാത്ത നടപടിമൂലം ഇതു വിനയായി മാറിയിരിക്കുന്നു. മറ്റുപല ബാങ്കുകളും ഇത് അനുവർത്തിക്കുന്നൂവെന്നുവേണം മനസിലാക്കാൻ. മനുഷ്യത്വരഹിതമായ ഈ നടപടി ബാങ്കുകൾ പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.
സാമൂഹികസുരക്ഷാ, ക്ഷേമപെൻഷനുകൾ പാതി സഹകരണ സംഘങ്ങൾ വഴിയാണ് ഇപ്പോൾ വിതരണം നടത്തുന്നത്. ഇതു ഫലപ്രദമായ ഒരു വിതരണ രീതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരാൾക്ക് പെൻഷൻ നൽകുന്നതിന് ഇവിടെ 50 രൂപ സർക്കാരിന് അധിക ചെലവാകും. ബാങ്കുകൾ ഈ മനുഷ്യത്വരഹിതമായ പിഴ ഈടാക്കൽ തുടർന്നാൽ പെൻഷൻ വിതരണം പൂർണ്ണമായും സഹകരണ സംഘങ്ങൾ വഴിയാക്കുന്ന കാര്യം സർക്കാർ ആലോചിക്കും. സഹകരിക്കുന്ന ബാങ്കുകളെയും കൂട്ടിച്ചേർക്കും.
Comments are closed.