News in its shortest

വിദ്യാര്‍ത്ഥികള്‍ക്ക് 92.40 ലക്ഷം രൂപയുടെ ധനസഹായം നല്‍കി സാമൂഹ്യനീതി വകുപ്പ്


തൃശൂര്‍ ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ വിദ്യാകിരണം പദ്ധതിയിലൂടെ ജില്ലയിലെ 212 വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷത്തിനിടെ 11,60,000 രൂപയുടെ ധനസഹായം നല്‍കി. കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ പിന്‍തിരിപ്പിക്കുന്നതിനും മനഃശാസ്ത്രപരമായ പരിരക്ഷ നല്‍കി സാമൂഹ്യ ജീവിതം നയിക്കാന്‍ സഹായിക്കുന്ന കാവല്‍ പദ്ധതിക്കായി 7,32,500 രൂപ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വകുപ്പ് ചെലവഴിച്ചു.

വനിതകള്‍ ഗൃഹനാഥരായവരുടെ മക്കള്‍ക്ക്് വിദ്യഭ്യാസ ധനസഹായമായി 496500 രൂപയും മിശ്ര വിവാഹത്തെ തുടര്‍ന്ന് പട്ടികജാതിയില്‍ ഉള്‍പ്പെടാത്ത 157 ദമ്പതികള്‍ക്ക് സാമ്പത്തിക സഹായമായി 47,10,000 രൂപയും വിതരണം ചെയ്തു. കുറ്റവാളികളുടെ ആശ്രിതര്‍ക്കും മുന്‍ കുറ്റവാളികള്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി 4,05000 രൂപ സാമ്പത്തിക സഹായം നല്‍കി.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അംഗപരിമിതരായ കുട്ടികള്‍ക്ക് ഒന്‍പതാം ക്ലാസ്സ് മുതല്‍ യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവയ്ക്കുള്ള ധനസഹായമായി 4,43000 രൂപയും അംഗപരിമിതരായവര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായി 3,93,935 രൂപയും ചെലവഴിച്ചു. അംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കും അംഗപരിമിതരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്കും വിവാഹ ധനസഹായമായി 3,30,000 രൂപ നല്‍കി. വിധവാ പുനര്‍വിവാഹത്തിനായി 1,75,000 രൂപ ധനസഹായം നല്‍കി.

മന്ദഹാസം പദ്ധതിക്കായി 1,02,500 രൂപയും സ്വാശ്രയ പദ്ധതിക്കായി 1,05,000 രൂപയും അഭയ കിരണം പദ്ധതിക്കായി 84000 രൂപയും ആഫ്ടര്‍ കെയര്‍ പദ്ധതിക്കായി 75000 രൂപയും നല്‍കി ഭിന്നലിംഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനും ബോധവത്കരണത്തിനുമായി 70,000 രൂപയും ഡ്രൈവിംഗ് പരിശീലനത്തിനായി 42000 രൂപയും അനുവദിച്ചതായി സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു.

Comments are closed.