ഓര്‍മ്മയുണ്ടോ ഈ ഗോവിന്ദപിള്ളയെ; പുസ്തകക്കടക്ക് പുനര്‍ജനിയാകുന്നു
തലസ്ഥാന നഗരിയിലെ ആദ്യപ്രസാധകന്‍ ചാല വിദ്യാവിലാസിനി ബുക്ക് ഡിപ്പോ ഉടമ പി ഗോവിന്ദപിള്ള ഓര്‍മ്മയായിട്ട് അരനൂറ്റാണ്ടാകുന്നു. കേരള ഭാഷാ സാഹിത്യ ചരിത്രം(ഏഴ് വാല്യങ്ങള്‍) ഉള്‍പ്പെടെ ഇരുന്നൂറിലേറെ അമൂല്യഗ്രന്ഥങ്ങള്‍ കൈരളിക്ക് സമ്മാനിച്ച പി ഗോവിന്ദപിള്ളയുടെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് പുനര്‍ജനിയായി. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം വിപുലമായ പരിപാടികളാണ് പി ഗോവിന്ദപിളള ഫൗണ്ടേഷന് സംഘടിപ്പിച്ചിട്ടുള്ളത്.
അമൂല്യഗ്രന്ഥങ്ങളുടെ പുനര്‍പ്രകാശനത്തിനോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിനും മുന്‍തൂക്കം നല്‍കിയാണ് പി ഗോവിന്ദപിള്ളയുടെ സ്മരണാഞ്ജലി നടക്കുക.പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫൗണ്ടേഷന് ഭാരവാഹികള്‍ അറിയിച്ചു.മലയാളത്തിലെ ആദ്യ കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം 1955 ല്‍ ആര് നാരായണപണിക്കര്‍ക്ക് ലഭിച്ചത് പി ഗോവിന്ദപിള്ള പ്രസിദ്ധീകരിച്ച കേരള ഭാഷാ സാഹിത്യ ചരിത്രമെന്ന ഏഴ് വാല്യങ്ങളുള്ള ഗ്രന്ഥത്തിനാണ്.

കേരളത്തിന്റെ പ്രസാധക ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ സ്ഥാനമാണ് പി ഗോവിന്ദപിള്ളയ്ക്കുള്ളത്. വിവിധ വിഷയങ്ങളില്‍ ഇരുന്നൂറില്‍പ്പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. സാഹിത്യഭൂഷണം. പ്രാചീനകേരളം, കണ്ണശ്ശന്മാരും എഴുത്തച്ഛനും, ആദികേരളീയ ചരിത്രം, അമൃതവല്ലി, ചന്ദ്രലേഖ, അത്ഭുതനിലയത്തിലെ വിഷം ചീറ്റുന്ന കണ്ണുകള്‍, രാക്കിളികള്‍, കൃഷ്ണഗാഥ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ പുസ്തകങ്ങള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. പ്രസിദ്ധമായ വര്‍ക്കല മാന്തറ വലിയവീട്ടില്‍ 1880 ജൂണ്‍ 15 നാണ് പി ഗോവിന്ദപിള്ള ജനിച്ചത്.
പിതാവ് ഇടവാ നമ്പച്ചന്‍ വീട്ടില്‍ കണക്കു കൃഷ്ണപിള്ള നാരായണപിള്ള ആയില്യം തിരുനാള്‍ മഹാരാജാവിന്റെ ഉടവാള് വാഹകന്, തരണനല്ലൂര്‍ നമ്പൂതിരിപ്പാട് തിരുമനസ്സിന്റെ കാര്യസ്ഥന് എന്നീ പദവികളും നിര്‍വ്വഹിച്ചിരുന്നു.ഒരു സ്ഥിരം പ്രസാധക സ്ഥാപനത്തിന്റെ അനിവാര്യത മനസ്സിലാക്കിയാണ് പി ഗോവിന്ദപിള്ള തിരുവനന്തപുരം നഗരഹൃദയത്തില്‍ ചാല മെയിന്‍ റോഡില്‍ തലസ്ഥാനത്തെ പ്രഥമ പ്രസാധക സ്ഥാപനം വിദ്യാവിലാസിനി ബുക്ക് ഡിപ്പോ 1911 ഏപ്രില്‍ 23 ന് ആരംഭിച്ചത്.
നഗരവാസികളുടെ പ്രിയപ്പെട്ട പുസ്തകക്കടയായി മാറിയ വിദ്യാവിലാസിനിയിലൂടെ പി ഗോവിന്ദപിള്ള പുസ്തകക്കട ഗോവിന്ദപിള്ളയായി പ്രസിദ്ധനായി. തിരുവിതാംകൂര്‍ രാജകുടുംബവുമായി ഏറെ ബന്ധമുണ്ടായിരുന്ന പി ഗോവിന്ദപിള്ള, മന്നത്ത് പത്മനാഭന്, പട്ടം താണുപിള്ള തുടങ്ങിയ രാഷ്ട്രീയ-സാമുദായിക നേതാക്കന്മാരുമായി ഊഷ്മളമായ സൗഹൃദം നിലനിര്‍ത്തിപ്പോന്നു. കേരളത്തിന്റെ പുസ്തക പ്രസാധക ചരിത്രത്തില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്കിയ പി ഗോവിന്ദപിള്ളയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനുമുള്ള ഒട്ടേറെ പരിപാടികളാണ് കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും സംഘടിപ്പിച്ചിട്ടുള്ളത്.
പരിപാടിയുടെ ആദ്യചടങ്ങായ ലോഗോ പ്രകാശനം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി നിര്‍വ്വഹിച്ചു. വാട്ടര്‍ലയണ്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആറ്റുകാല്‍ ഓമനക്കുട്ടന്, വാട്ടര്‍ലയണ്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും പി ഗോവിന്ദപിള്ളയുടെ ചെറുമകനുമായ ശംഭു ഗോവിന്ദ് ഒ എസ്, പി ഗോവിന്ദപിള്ള ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് ആര് കൃഷ്ണജ്യോതി എന്നിവരും കൊട്ടാരത്തില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

Comments are closed.