News in its shortest

സാമ്പത്തിക മുന്നേറ്റത്തിന് മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ ആവശ്യം: മന്ത്രി ഡോ. കെ.ടി ജലീല്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മൂല്യവര്‍ധിത ഉല്പന്നങ്ങളുണ്ടാക്കി വിപണിയില്‍ പ്രവേശിച്ചാല്‍ സംസ്ഥാനത്തെ സാമ്പത്തികാവസ്ഥയില്‍ വന്‍ അട്ടിമറിയുണ്ടാക്കാനാവുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു. കാര്‍ഷിക സര്‍വകലാശാല സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നാളികേരത്തിന്റെ സാധ്യതകളെ കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാര്‍ഷിക രംഗത്ത് നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളാണ് കൃഷിവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ മേഖലയെ പുതിയദിശയിലെത്തിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ നവോത്ഥാനമായി ഇതിനെ കണക്കാക്കാം. കൃഷിയില്‍ നിന്നു വിട്ടുപോയവര്‍ തിരിച്ചുവന്നതും ശ്രദ്ധേയമെന്ന് അദ്ദേഹം പറഞ്ഞു.

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ പലരും കാര്‍ഷികരംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സബ്‌സിഡിക്കു പകരം കര്‍ഷകരെ ബാങ്കുമായി ബന്ധിപ്പിച്ച് ലോണ്‍ ലഭ്യമാക്കുന്ന പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ലോണ്‍ കൃത്യമായി അടച്ചാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ക്ക് ഇന്ററസ്റ്റായി നല്‍കുന്ന ഈ പദ്ധതി കാര്‍ഷികരംഗത്ത് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കാനാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക സര്‍വകലാശാല പുതിയ ആശയങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തെ കാര്‍ഷികരംഗത്ത് മുേന്നറ്റമുണ്ടാക്കും. തവനൂരിലെ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഇതുമായി ബന്ധപ്പെട്ട ഡിപ്ലോമ കോഴ്‌സ് അടുത്ത അധ്യയന വര്‍ഷത്തില്‍ ആരംഭിക്കും. ആളുകള്‍ക്ക് ഉപജീവനത്തിനുള്ള വഴി കാണുകയാണ് ഇന്നത്തെ ആവശ്യം. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനം, കൃഷിവകുപ്പ്, കുടുംബശ്രീ എന്നിവയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യോഗത്തില്‍ കൃഷിവകുപ്പുമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക വിഭവങ്ങള്‍ 40 ശതമാനം മൂല്യവര്‍ധിതമാക്കി കര്‍ഷകരെ ശക്തിപ്പെടുത്തും. 2018 ചിങ്ങം ഒന്ന് കാര്‍ഷികദിനം തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രിയുടെ മണ്ഡലമായ തവനൂരില്‍ ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.