കൃത്യമായ വാക്സിനേഷൻ കുട്ടികളുടെ ജീവിക്കാനുള്ള അവകാശം
ഡോ പി എസ് ജിനേഷ്
കാലിൽ മരക്കൊമ്പ് കുത്തി കയറിയതിനെ തുടർന്ന് ഒരു പത്തുവയസ്സുകാരൻ മരിച്ചു വാർത്ത വായിച്ചു, കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെച്ച്.
മരണ കാരണം ടെറ്റനസ്.
പ്രതിരോധ മാർഗങ്ങളിലൂടെ തടയാവുന്ന മരണം.
പക്ഷേ ഈ പത്തുവയസ്സുകാരൻ ഒരു പ്രതിരോധ കുത്തിവെപ്പുകളും ഇതുവരെ സ്വീകരിച്ചിരുന്നില്ല എന്ന് വാർത്ത. സങ്കടകരമാണ്. ഇതൊക്കെ അശ്രദ്ധ മൂലമുള്ള മരണങ്ങളല്ല. നമ്മൾ വിളിച്ചുവരുത്തുന്നതാണിവ. ആ കുട്ടിയുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാക്കിയത്.
ടെറ്റനസ് ബാധിച്ചവരെ കണ്ടിട്ടുണ്ടോ ?
ശരീരം വില്ലുപോലെ വളഞ്ഞ് ഭയാനകമായ വേദന അനുഭവിക്കുന്ന അവസ്ഥ.
മാംസപേശികളുടെ സങ്കോചാവസ്ഥയുണ്ടാക്കുന്ന (Muscle spasm) മാരകരോഗമാണ് ടെറ്റനസ്. സാധാരണഗതിയിൽ കീഴ്ത്താടിയിൽ തുടങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ശ്വസന പ്രക്രിയയെ ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.
ടെറ്റനസ് ഒരു ചെറിയ അസുഖമല്ല. അസുഖബാധിതനായി 25 ശതമാനം വരെ മരണനിരക്ക് ഉണ്ടാകാവുന്ന അസുഖമാണ്.
1990-ൽ ലോകത്താകമാനം 3,56,000 മരണങ്ങൾ സൃഷ്ടിച്ച അസുഖമാണ് ടെറ്റനസ്. 2015-ൽ ലോകത്താകമാനം 59,000 മരണങ്ങൾ. വാക്സിനേഷനും ഇമ്മ്യൂണോഗ്ലോബുലിനും ലഭ്യമായ ഈ കാലത്തും മരണങ്ങൾ ഉണ്ടാവുന്നു എന്നത് ഖേദകരമാണ്.
ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയയാണ് വില്ലൻ.
നാസി ഭരണത്തിന്റെ ഫാസിസ്റ്റ് നടപടികൾ മൂലം 1942-ൽ ആത്മഹത്യ ചെയ്യേണ്ടിവന്ന ജൂത വംശജനായ ജർമൻ ഡോ. Arthur Nicolaier ആണ് ടെറ്റനസ് ടോക്സിൻ വേർതിരിച്ചെടുത്തത്, 1884-ൽ.
1924-ൽ ആണ് ടെറ്റനസ് ടോക്സോയ്ഡ് വാക്സിൻ കണ്ടുപിടിക്കുന്നത്. ഫ്രഞ്ച് വെറ്റിറനറി ഫിസിഷ്യൻ Gaston Ramon, P. Descombey എന്നിവർ ചേർന്നാണ് ഡിഫ്തീരിയയ്ക്കും ടെറ്റനസിനും എതിരായ വാക്സിനുകൾ കണ്ടുപിടിച്ചത്.
അതോടെ ഈ മാരക രോഗത്തിനെതിരെ പ്രതിരോധ ശേഷി കൈവരിക്കാൻ നമുക്കായി.
ദേശീയ പ്രതിരോധ പദ്ധതിയുടെ ഭാഗമായ വാക്സിനുകൾ ചിലരെങ്കിലും സ്വീകരിക്കാത്തത് ഒരു വലിയ പ്രശ്നമാണ്.
അതുപോലെ തന്നെ പ്രായപൂർത്തിയായവരുടെ വാക്സിനേഷൻ പ്രോട്ടോക്കോൾ കൃത്യമായി പ്രായോഗികമാക്കാൻ സാധിക്കാത്ത രാജ്യങ്ങളിലുമാന്നാണ് ഇന്ത്യ. തെറ്റിദ്ധാരണകൾ മൂലം ഓരോ തവണ മുറിവുണ്ടാകുമ്പോളും ടി.ടി. വാക്സിൻ സ്വീകരിക്കാൻ ജനങ്ങൾ മുന്നോട്ടുവരുന്നു. ചിലരുടെയെങ്കിലും ധാരണ ആറുമാസത്തിലൊരിക്കൽ മുറിവുണ്ടായാൽ ടി.ടി. വാക്സിൻ സ്വീകരിക്കണമെന്നാണ്. ആ ധാരണ പൂർണമായും തെറ്റാണ്.
1. സർക്കാർ നിഷ്കർഷിക്കുന്ന പ്രതിരോധകുത്തിവെപ്പുകൾ എല്ലാവരും സ്വീകരിച്ചിരിക്കണം, അതിൽ ഉൾപ്പെടുന്ന ഒന്നാണ് ടെറ്റനസ്.
2. കൃത്യമായി പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ളവർക്കും (Immunized) അഞ്ചുവർഷത്തിനുള്ളിൽ ടെറ്റനസ് വാക്സിൻ ബൂസ്റ്റർ എടുത്തിട്ടുള്ളവർക്കും മുറിവുണ്ടായാൽ ടി.ടി. ഇൻജക്ഷൻ എടുക്കേണ്ടതില്ല.
3. കൃത്യമായ പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ളവരിൽ അഞ്ചിനും പത്തിനും വർഷങ്ങൾക്കിടയിൽ ടെറ്റനസ് വാക്സിൻ ബൂസ്റ്റർ എടുത്തിട്ടുള്ളവർക്ക് വൃത്തിയുള്ള മുറിവുണ്ടായാൽ ടി.ടി. ഇൻജക്ഷൻ എടുക്കേണ്ടതില്ല. എന്നാൽ മുറിവ് വൃത്തിഹീനം ആണെങ്കിൽ ടി.ടി. എടുക്കുക തന്നെ വേണം.
4. കൃത്യമായി പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ളവരിൽ ടി.ടി. എടുത്തിട്ട് പത്ത് വർഷത്തിന് മുകളിലായാൽ, മുറിവുണ്ടായാൽ ടി.ടി. ഇൻജക്ഷൻ എടുക്കണം.
5. കൃത്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാത്തവർക്കും (Unimmunized) പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിച്ചോ ഇല്ലയോ എന്നുള്ളതിനെ കുറിച്ച് അറിയാത്തവർക്കും മുറിവുണ്ടായാൽ ടി.ടി. കുത്തിവെപ്പ് എടുക്കണം. ഇത്തരക്കാരിൽ മുറിവ് വൃത്തിഹീനമാണെങ്കിൽ ടെറ്റനസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി സ്വീകരിക്കേണ്ടിവരും.
മുറിവുണ്ടായാൽ ഡോക്ടറെ കാണിക്കുക. മുൻപ് സ്വീകരിച്ച പ്രതിരോധ കുത്തിവെപ്പുകളുടെ രേഖകൾ കൊണ്ടുപോവുകയോ കൃത്യമായി ധരിപ്പിക്കുയോ ചെയ്യുക.
6. പ്രായപൂർത്തിയായവർക്ക് ടെറ്റനസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ഉള്ള പ്രോട്ടോകോൾ:
മുറിവുണ്ടാകുമ്പോള്‍ ഒരു ടി.ടി. കുത്തിവെപ്പെടുക്കുക, രണ്ടു മാസത്തിനു ശേഷം വീണ്ടുമൊരു കുത്തിവെപ്പ് എടുക്കുക, ആറു മാസത്തിനും ഒരു വര്‍ഷത്തിനും ഇടയിൽ ഒരു ബൂസ്റ്റർ കൂടെ എടുക്കുക. ശേഷം 5 വര്‍ഷം കൂടുമ്പോള്‍ ബൂസ്റ്റർ മാത്രം എടുത്താല്‍ മതിയാകും.
കൂടാതെ ഗർഭധാരണ സമയത്തും ടി.ടി. കുത്തിവെപ്പ് എടുക്കേണ്ടതുണ്ട്.
കയ്യുടെ മുകൾഭാഗത്ത് ഡെൽറ്റോയിഡ് മസിലിൽ ആണ് ടി.ടി. കുത്തിവെപ്പ് എടുക്കേണ്ടത്. സാധാരണയായി വലംകയ്യന്മാരുടെ ഇടത് കയ്യിലും ഇടംകയ്യന്മാരുടെ വലത് കയ്യിലും.
ഓർക്കുക: മുറിവു പഴുക്കാതിരിക്കാൻ വേണ്ടിയുള്ള കുത്തിവെപ്പല്ല ടി.ടി; അപകടകരമായ ടെറ്റനസ് ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ കുത്തിവെപ്പാണ്.
ഒരു കാര്യം കൂടി ഓർക്കുക: ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. ഓരോ ചെറിയ മുറിവുണ്ടാകുമ്പോഴും, ഓരോ ആറുമാസവും പോയി ടി ടി കുത്തിവയ്പ്പ് എടുക്കുക അല്ല വേണ്ടത്. മുറിവുകൾ ഉണ്ടാകുമ്പോൾ ഡോക്ടറെ കാട്ടി ആവശ്യമായ ചികിത്സ തേടുകയാണ് വേണ്ടത്. ആവശ്യമെങ്കിൽ വാക്സിനും ആവശ്യമെങ്കിൽ ഇമ്മ്യൂണോഗ്ലൊബുലിനും സ്വീകരിക്കണം.
വാക്സിൻ സ്വീകരിക്കാതിരുന്നത് എന്ത് കാരണം കൊണ്ടായാലും അംഗീകരിക്കാൻ വയ്യ. അതൊരു ധീരമായ പ്രവർത്തിയേയല്ല. കുട്ടികളുടെ ജീവിക്കാനുള്ള അവകാശമാണ് മാതാപിതാക്കളുടെ തെറ്റിദ്ധാരണകൾ മൂലം ഇല്ലാതാവുന്നത്. സങ്കടകരമാണ്…
ഇടതുപക്ഷ സർക്കാരിന്റെ കരട് ആരോഗ്യ നയത്തിൽ ഒരു പ്രഖ്യാപനം ഉണ്ടായിരുന്നു. ഏറ്റവുമധികം ജനശ്രദ്ധയും ജനപിന്തുണയും കിട്ടിയ ഒന്ന്. സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കുമെന്ന കാര്യം. പക്ഷേ പക്ഷേ അവസാന പതിപ്പ് പുറത്തിറങ്ങിയപ്പോൾ അത് ഉണ്ടായില്ല.
സർക്കാർ അത് വീണ്ടും പരിഗണിക്കണം. കൃത്യമായ വാക്സിനേഷൻ കുട്ടികളുടെ ജീവിക്കാനുള്ള അവകാശമാണ്. കുട്ടികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്.
(ഡോ പി എസ് ജിനേഷ് ഫേസ് ബുക്കില്‍ കുറിച്ചത്)
Comments are closed.