ജോസഫ് ലെനിന്
വിമര്‍ശകരേയും എതിരാളികളേയും തകര്‍ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ കുപ്രസിദ്ധമാണ്. തമിഴ് സൂപ്പര്‍താരം വിജയുടെ വസതിയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിന്റെ ലക്ഷ്യം മറ്റൊന്നല്ല. താരത്തിന്റെ ചെന്നൈയിലെ വസതിയില്‍ നടത്തിയ പരിശോധന നീണ്ടത് 30 മണിക്കൂര്‍. ബുധനാഴ്ച ആരംഭിച്ച പരിശോധന വ്യാഴായ്ച്ച രാത്രിയാണ് അവസാനിച്ചത്. താരത്തെ ഷൂട്ടിങ് സെറ്റില്‍ നിന്നും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തശേഷമാണ് പരിശോധനയും നടത്തിയത്.
മോദി സര്‍ക്കാര്‍ കേന്ദ്രത്തിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിശബ്ദരാക്കാന്‍ ശ്രമിച്ചവരുടെ നിര വലുതാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍, മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരം, എന്‍സിപി നേതാവ് ശരദ് പവാര്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, റോബര്‍ട്ട് വധേര തുടങ്ങി വേട്ടയാടപ്പെട്ട വന്മരങ്ങളുടെ പട്ടിക നീളും. ഈ നിരയിലെ ഒടുവിലത്തെ ഇരയാണ് തമിഴ് സൂപ്പര്‍താരം വിജയ്.
സര്‍ക്കാര്‍, മേഴ്സല്, ബിഗില്‍ തുടങ്ങിയ വിജയ് ചിത്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ബിജെപി ഘടകം താരത്തിനെതിരേ രംഗത്ത് വന്നു. മതാടിസ്ഥാനത്തിലുള്ള വിമര്‍ശനംപോലും വിജയ്ക്കെതിരേ ഉണ്ടായി. സിനിമയിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് വിജയ്ക്കെതിരേയുള്ള നടപടിയ്ക്ക് കാരണമെന്നാണ് ഒരു ആരോപണം. എന്നാല്‍ നടന്റെ ഒടുവിലത്തെ ചിത്രമായ ബിഗിലിന്റെ നിര്‍മാണ കമ്പിനിയായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് കേസിലാണ് അന്വേഷണമെന്നാണ് ഔദ്യോഗിക ഭാക്ഷ്യം. താരത്തിന്റെ വസിതിയില്നിന്നും ഇതുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെത്തിയെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. ബിഗിലിന്റെ നിര്‍മാതാവായ അന്‍പു ചെഴിയന്റെ പക്കല്‍നിന്നും കണക്കില്‍പ്പെടാത്ത 75 കോടി രൂപ ആദായ നികുതി വകുപ്പ് നേരത്തേ പിടിച്ചെടുത്തിട്ടുണ്ട്.
വിജയ്ക്കുണ്ടായ അനുഭവം വലിയ സന്ദേശമാണ്. വിധേയപ്പെട്ട് ജീവിക്കൂ എന്നാണത്. വിജയ്യെ ലക്ഷ്യമിട്ടതിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത് ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്കാണ്. പ്രത്യേകിച്ച് ബോളിവുഡിന്. കേന്ദ്ര സര്‍ക്കാരിനോട് വിധേയത്വം പുലര്‍ത്തിയിരുന്നു ബോളിവുഡ്. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരേ ബോംബെയിലും ഡല്‍ഹിയിലും തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങളിലെ ബോളിവുഡിന്റെ സാന്നിധ്യം ചെറുതായല്ല മോദിയേയും കൂട്ടരേയും അലോസരപ്പെടുത്തുന്നത്. അനുരാഗ് കശ്യപ്, സ്വര ഭാസ്കര്‍, ഫര്ഹാന് അക്തര്‍, ദീപിക പദുക്കോണ്‍, ജാവേദ് ജാഫ്രി, സുഷാന്ത് സിംഗ്, സിദ്ധാര്‍ഥ് തുടങ്ങിയവര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. സൂക്ഷിച്ചു കൊള്ളുക എന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ ഇതിലൂടെ നല്‍കുന്നത്.
2014 മുതല്‍ മോദിയും കൂട്ടരും തുടരുന്ന അടവു-ഭീഷണി നയമാണിത്. അനഭിമതരായവരെ ഭയപ്പെടുത്തി വരുതിയിലാക്കുക. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയില്‍ മോദി ഭരണകാലത്ത് വേട്ടയാടപ്പെട്ടവരുടെ എണ്ണം അവസാനിക്കുന്നില്ല. ചെറുത്തുനില്ക്കുന്നവരെ കൊല്ലാന്‍ പോലും വലതുപക്ഷ ശക്തികള്‍ക്ക് മടിയില്ല. പത്രപ്രവര്‍ത്തകയും സാംസ്കാരിക മേഖലയിലെ സജീവ സാനിധ്യവുമായിരുന്ന ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവര്‍ ഉദ്ദാഹരണം.
വെടിവച്ചാണ് മൂവരെയും വര്‍ഗീയ ശക്തികള്‍ കൊലപ്പെടുത്തിയത്. ആക്രമിച്ച് കീഴടക്കുക എന്ന കാടിന്റെ നിയമമാണ് ഇവര്‍ പിന്‍പറ്റുന്നത്. കേരളത്തില്‍പോലും സാംസ്കാരിക പ്രവര്‍ത്തകര്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും അധിഷേപങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. മുതിര്‍ന്ന ചലച്ചിത്രപ്രവര്ത്തകന് അടൂര്‍ ഗോപാലകൃഷ്ണന് പോലും പരിവാര്‍ ആക്രമണത്തിന് വിധേയനായി.
‘മീശ’ എന്ന നോവലില്‍ ഹൈന്ദവ സംസ്കാരത്തെ അവഹേളിച്ചു എന്നതിന് എഴുത്തുകാന്‍ എസ്. ഹരീഷിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ തേജോവധശ്രമം ഇക്കൂട്ടരുടെ അസഹിഷ്ണുതയുടെ മറ്റൊരു ഉദാഹരണമാണ്. മലയാളത്തിലെ പ്രസിദ്ധമായ ഒരു ആഴ്ചപതിപ്പില്‍ പരമ്പരയായി പ്രസിദ്ധീകരിച്ച് വന്നിരുന്ന നോവല്‍ എഴുത്തുകാരന് തന്നെ പിന്‍വലിക്കേണ്ടിവന്നു. പിന്നീട് മീശ മറ്റൊരു പ്രസാധകര് പുസ്തകമായി പ്രസിദ്ധീകരിച്ചു എങ്കിലും ഹരീഷിനെതിരേ ഉണ്ടായ ആക്രമണങ്ങള്‍ ജനാധിപത്യവിരുദ്ധതയുടെ നേര്‍ചിത്രമായിരുന്നു. ഹരീഷ് മാത്രമല്ല, ഹിന്ദു ഫാസിസ്റ്റ് സംഘടനകളുടെ കൊലവിളി ഭയന്ന് എഴുത്ത് തന്നെ മതിയാക്കാന്‍ തീരുമാനിക്കേണ്ട ഗതികേടിലെത്തിയ പെരുമാള്‍ മുരുഗന്റെ നാടാണ് ഇന്ത്യ. അതേസമയം വഴങ്ങുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ സംരക്ഷിക്കാമെന്നും തമിഴ് സൂപ്പര്‍ താരം രജനീകാന്ത് കാണിച്ച് തരുന്നു.
അനീതികള്‍ക്കെതിരേ പ്രതിഷേധം ഉണ്ടാവണം. സാമൂഹ്യ തിന്മകള് തുടച്ചു മാറ്റുന്നതിനുള്ള നിരന്തരമായ ഇടപെടലുകള്‍ ഉണ്ടാവണം. സര്‍ക്കാരിനെതിരേ ചോദ്യങ്ങള്‍ ചോദിക്കാനുള്ള സ്വാതന്ത്രമുണ്ടാവണം. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഇന്നത്തെ ഏറ്റവും വിലപിടിപ്പുള്ള വാക്കായി ജനാധിപത്യം മാറിയിരിക്കുന്നു. മതേതരത്വം വാക്കില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു. ഈ സ്ഥിതിവിശേഷം മാറണം.
ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങള്‍ ശക്തി പ്രാപിക്കണം. വര്‍ഗീയതയും, ജാതീയതയും, ജന്മിത്വവും അരങ്ങുവാണിരുന്ന പോയ കാലത്തിലേക്കുള്ള മടക്കയാത്രയുടെ സൂചനകളാണ് ഇന്നു കാണുന്നത്. ആ അഴുക്ക് ചാലുകളില്‍ വീണ്ടും താഴ്ന്നു പോകാതവണ്ണം ജനാധിപത്യത്തെയും, മതേതരത്വത്തേയും, ഭരണഘടനാമൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ കാലത്തെ ഉത്തരവാദിത്വപ്പെട്ട പൗരരുടെ ബാധ്യത.
Comments are closed.