സ്വർണം കടത്തിയത് ആർക്കുവേണ്ടി?
സെബിന് എ ജേക്കബ്
വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെയ്ക്കെതിരെ സ്വീഡൻ ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൃത്യത്തിനിടയിൽ സമ്മതം പിൻവലിച്ചിട്ടും കൃത്യത്തിൽ നിന്നു പിന്മാറാൻ അസാഞ്ചെ തയ്യാറായില്ല എന്ന ഒരു സ്ത്രീയുടെ പീഡന പരാതിയിലായിരുന്നു നടപടി. സമ്മതത്തെ വളരെ ഗൗരവമായി സമീപിക്കുന്ന രാഷ്ട്രമാണ് സ്വീഡൻ. സംഭവം നടക്കുമ്പോൾ അസാഞ്ചെ ബ്രിട്ടണിലായിരുന്നു. ബ്രിട്ടൺ അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്നു മനസ്സിലാക്കിയ അസാഞ്ചെ ഇക്വഡോർ എംബസിയിൽ അഭയം തേടി.
ഇക്വഡോർ ഡിപ്ലോമാറ്റിൿ ബാഗേജ് ആയി അസാഞ്ചേയെ പാക്ക് ചെയ്ത് സ്വീഡനുമായി കരാർ ഇല്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് അയയ്ക്കുമെന്ന ധാരണയിൽ ബ്രിട്ടീഷ് പൊലീസ് എംബസിക്കു പുറത്ത് കാവൽ പോലും ഏർപ്പെടുത്തി. പാക്കേജ് ആയി അസാഞ്ചെയേ കടത്താൻ ശ്രമിച്ചാൽ തങ്ങൾ ഇമ്യൂണിറ്റി ലംഘിക്കുമെന്ന് താരതമ്യേന ദരിദ്ര രാജ്യമായ ഇക്വഡോറിനെ ബ്രിട്ടൺ ഭീഷണിപ്പെടുത്തിയതിനാൽ അവർ അതിനു ശ്രമിച്ചില്ല. ഈ ഭീഷണിയാകട്ടെ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായി. എന്നാൽ ധാരണകൾ ലംഘിച്ച് എംബസിയിലേക്കു കടന്നുകയറാൻ ബ്രിട്ടണും മുതിർന്നില്ല.
ഏഴുവർഷമാണ് അസാഞ്ചെ ബ്രിട്ടണിലെ ഇക്വഡോർ എംബസിയിൽ ഒളിവിൽ കഴിഞ്ഞത്. ഒടുവിൽ ഇക്വഡോറിൽ ഭരണം മാറുകയും അമേരിക്കൻ അനുകൂല സർക്കാർ അധികാരമേൽക്കയും ചെയ്തതോടെയാണ് ആ രാജ്യം അസാഞ്ചെയെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പൊലീസിനു കൈമാറിയത്. ഡിപ്ലോമാറ്റിൿ ഇമ്മ്യൂണിറ്റിയുടെ power ആണ് ഇതു കാട്ടുന്നത്.ഒരു രാജ്യം embassy-യിലേക്കോ consulate-ലേക്കോ അയക്കുന്ന രേഖകളോ വസ്തുക്കളോ diplomatic pouch/baggage ആയാണ് വരുന്നത്.
അംബാസിഡർക്കും കോൺസുലേറ്റ് ജനറലിനും ഇതര ഡിപ്ലോമാറ്റുകൾക്കും ഒക്കെ ലഭ്യമായ diplomatic immunity ഇങ്ങനെ വരുന്ന പാഴ്സലിനും ഉണ്ട്. അത് അയയ്ക്കുന്ന രാജ്യമേതാണോ, ആ രാജ്യത്തിന്റെ അനുമതിയില്ലാതെ ഇത്തരം ഒരു പാഴ്സൽ തുറന്നു പരിശോധിക്കാൻ എംബസി പ്രവർത്തിക്കുന്ന ഹോസ്റ്റ് രാജ്യത്തിന്റെ ഏജൻസികൾക്ക് അവകാശമില്ല. അതിപ്പോൾ ശവശരീരമായാൽ പോലും അങ്ങനെയാണ്. ഉദാഹരണത്തിന് സമ്പൂർണ്ണ മദ്യനിരോധനമുള്ള കുവൈറ്റിലെ അമേരിക്കൻ എംബസിയിലേക്ക് ഡിപ്ലോമാറ്റിൿ ബാഗേജ് ആയി മദ്യം കൊണ്ടുവന്നെന്നിരിക്കട്ടെ. കുവൈറ്റിലെ കസ്റ്റംസിലോ പൊലീസിനോ അതു തുറന്നു പരിശോധിക്കാനോ നശിപ്പിക്കാനോ യാതൊരു അധികാരവുമില്ല.
പകരം കുവൈറ്റിലെ നയതന്ത്ര പ്രതിനിധിയെ അറിയിച്ച് അവരുടെ അനുവാദം ഉണ്ടെങ്കിൽ മാത്രം തുറക്കാം. ഇല്ലെങ്കിൽ ആകെ ചെയ്യാവുന്നത് നയതന്ത്രപരമായി അമേരിക്കൻ ഗവണ്മെന്റിനെ അറിയിക്കാം – തത്കാലം വേണമെങ്കിൽ തടഞ്ഞു വയ്ക്കാം.എന്തുകൊണ്ടാണ് ഇങ്ങനെയുള്ള നിയമങ്ങൾ എന്നല്ലേ? ഓരോ രാജ്യത്തിന്റെയും നയതന്ത്ര ഓഫീസ് വളരെ രഹസ്യസ്വഭാവമുള്ള വിവരങ്ങളും കാര്യങ്ങളും ആണ് കൈകാര്യം ചെയ്യുന്നത്. നയതന്ത്ര പ്രതിനിധികളുടെ ജീവനും സ്വത്തിനും ഇമ്യൂണിറ്റി കൊടുത്തില്ലെങ്കിൽ എംബസികൾക്കു പ്രവർത്തിക്കാൻ പറ്റാതാകും.ഇവിടെ കേരളത്തിൽ എന്താണ് സംഭവിച്ചത്?
യുണൈറ്റഡ് അറബ് എമിരേറ്റ്സിന്റെ തിരുവനന്തപുരത്തെ കോൺസുലേറ്റിലേക്ക്, യുഎഇ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള എമിറേറ്റ്സ് എയർ ലൈൻ വഴി മുപ്പതു കിലോയുള്ള ഒരു ഡിപ്ലോമാറ്റിക് പാക്കേജ് വരുന്നു. തിരുവനന്തപുരത്തെ കസ്റ്റംസ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അത് അന്താരാഷ്ട്ര നിയമപ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം യു എ ഇ കോൺസുലേറ്റിനെ ബന്ധപ്പെടുന്നു. അവർ ആ പാക്കേജിൽ തങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലെന്നും അതു തങ്ങളുടേതല്ല എന്നും അറിയിക്കുന്നു. കോൺസുലാർ ഓഫീസറുടെ സാന്നിധ്യത്തിൽ ഡിപ്ലോമാറ്റിക് പൗച്ച് തുറന്നപ്പോൾ മുപ്പതു കിലോ സ്വർണം കണ്ടെത്തുന്നു.കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് പാക്കേജ് വന്നിരിക്കുന്നത്. കോൺസുലേറ്റിൽ പിആർഒ ആയിരുന്ന, ഇപ്പോൾ ഉദ്യോഗത്തിലില്ലാത്ത ആളാണ് അതു കളക്റ്റ് ചെയ്യാൻ ചെന്നത്.
ഈ വഴിയിൽ ഇതിനു മുമ്പും സ്വർണ്ണം കടത്തിയിട്ടുണ്ടോ എന്ന സംശയം ഉയർന്നിട്ടുണ്ട്. ലോൿഡൗൺ കാലത്ത് രണ്ടുതവണയടക്കം എട്ടുപ്രാവശ്യം കടത്തിയിട്ടുള്ളതായി അറസ്റ്റ് ചെയ്യപ്പെട്ടയാൾ കുറ്റസമ്മതം നടത്തിയതായി മാധ്യമങ്ങൾ പറയുന്നു. കൂട്ടാളിയായി കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥയായിരുന്ന ഒരാളും ഉണ്ടായിരുന്നതായി ടിയാൾ മൊഴി നൽകുന്നു. ഈ വ്യക്തിയാവട്ടെ, ഐടി വകുപ്പിന്റെ കീഴിൽ ഒരു അപ്രധാന തസ്തികയിൽ ടെമ്പററിയായി ജോലിക്കിരുന്നയാളും. വാർത്ത വന്നതിനു പിന്നാലെ ആളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു.ഇത്രയും ശരി. ഇനി വാർത്തകളിലേക്കും ആരോപണങ്ങളിലേക്കും വരാം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരി എന്നാണ് ഒരു ആരോപണം. ഇവർ ജോലി ചെയ്തിരുന്നത് സെക്രട്ടേറിയറ്റിൽ നിന്ന് അരമണിക്കൂറെങ്കിലും ദൂരമുള്ളയിടത്താണ്.
ഇവർ കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരിക്കെ യുഎഇ കോൺസുലേറ്റ് കേരളത്തിലെ എംഎൽഎമാർക്കായി നടത്തിയ ഇഫ്താർ വിരുന്നിലെ ചിത്രം ഉപയോഗിച്ചാണ് ഇവർക്ക് മുഖ്യമന്ത്രിയുമായി ബന്ധം എന്നു തെളിയിക്കാൻ ശ്രമം നടക്കുന്നത്. ജയ്ഹിന്ദ് ടിവി ഒരു പടികൂടി കടന്ന്, ദക്ഷിണേന്ത്യൻ ചുമതലയുള്ള യുഎഇ കോൺസുലാർ ജനറൽ Her Excellency ജുമാ അൽ ഹുസൈൻ റഹ്മ അൽ സാഹ്ബിയുടെ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രം എടുത്ത്, സ്വർണ്ണം കടത്തിയ വനിതയാണെന്ന മട്ടിൽ വാർത്ത പ്രചരിപ്പിക്കുക വരെ ചെയ്തു. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും desperation ആണ് ഇതു കാട്ടുന്നത്.
മറുവശത്ത് പ്രതിയായ യുവതി പ്രതിപക്ഷ നേതാവിനൊപ്പവും യുവ കോൺഗ്രസ് എംഎൽഎമാർക്കൊപ്പവും, എന്തിന്, ഒ രാജഗോപാലിനു സമീപം പോലും നിൽക്കുന്ന ചിത്രങ്ങളുപയോഗിച്ചു സഖാക്കളും തിരിച്ചടിക്കുന്നു. എന്തിനധികം പറയുന്നു, എസ്ഡിപിഐയുടെ ഒരു സഹായവിതരണത്തിന് അവർ പങ്കെടുക്കുന്ന ചിത്രവും ഓൺലൈനിൽ കിടന്നു കറങ്ങുന്നു. വെടിയേൽക്കാത്തവരാരുമില്ല യുദ്ധക്കളത്തിൽ എന്നതാണ് ഹൈലൈറ്റ്. നിങ്ങൾക്കൊരിക്കലും നിങ്ങളുടെ ശത്രുവിനേക്കാൾ മെച്ചപ്പെടാനാവില്ല എന്ന തത്വത്തിന് അടിവരയിടുന്ന പ്രവർത്തി!ഡിപ്ലോമാറ്റിൿ ഇമ്യൂണിറ്റി ഉപയോഗിച്ചു സ്വർണ്ണം കടത്തുന്നു എന്ന വാർത്ത വിട്ട്, ഈ ഒരു സ്ത്രീ അവരുടെ ഉദ്യോഗത്തിന്റെ ഭാഗമായി ഒരു വിരുന്നിൽ പങ്കെടുക്കുന്ന ചിത്രങ്ങളുപയോഗിച്ച് ‘അവിഹിതം’ കണ്ടെത്താൻ ഒരു രോഗാതുര സമൂഹത്തിനു മാത്രമേ കഴിയൂ.
മാതൃഭൂമി പോലെ ഒരു ചാനൽ ഈ വിഷയം അന്തിച്ചർച്ചയാക്കുകയും ഐടി സെക്രട്ടറി ഇവരുടെ ഫ്ളാറ്റിൽ പോയോ, ഇവർ ഐടി സെക്രട്ടറിയുടെ ഫ്ലാറ്റിൽ പോയോ തുടങ്ങിയ ഇക്കിളി എലമെന്റുകൾ ചികയുകയും ചെയ്യുന്നതിലെ പരിഹാസ്യത ആരും കാണുന്നില്ലേ? അവർ ഇതിൽ ആരോപണവിധേയയാണ് എന്നതിനപ്പുറം അവരുടെ ചർമ്മസൗന്ദര്യത്തിനും സദാചാരത്തിനും പാനഭോജ്യങ്ങൾക്കും എന്തു റോളാണുള്ളത്? സ്വീവേജ് ലൈൻ തുറന്നുവച്ച ദുർഗന്ധമാണ് ചാനൽ തുറന്നാൽ.
ഫൗസിയ ഹസൻ എന്ന ചാരസുന്ദരിയെ സൃഷ്ടിച്ച മാധ്യമങ്ങൾക്ക് ഇവർ സ്വപ്നസുന്ദരിയാണ്. ഇവർ വീട്ടിൽ ചിക്കനും മട്ടനുമൊക്കെ പാചകം ചെയ്യുന്നു, ആളുകൾ പങ്കെടുക്കുന്ന വിരുന്നുകൾ നടത്തുമ്പോൾ മദ്യപിച്ചു ബഹളമുണ്ടാക്കുന്നു, കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരിക്കെ ഇവർ കോൺസുലേറ്റിന്റെ കാറിൽ വന്ന് ഇറങ്ങി, തുടങ്ങിയ പീപ്പിങ് ടോം വാർത്തകളുമായി ഫ്ലാറ്റിലെ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ചാനലിൽ പത്തുമിനിറ്റോളം സംസാരിക്കുന്നു.
ഐടി സെക്രട്ടറി മദ്യപിച്ചിറങ്ങിയപ്പോൾ ഗേറ്റ് തുറന്നുകൊടുക്കാഞ്ഞതിന് സെക്യൂരിറ്റിയെ മർദ്ദിച്ചു എന്നു വരെ ഇയാൾ പറയുന്നു. അന്നെന്തേ ആരുമറിയാഞ്ഞേ എന്ന് ഇയാളോട് റിപ്പോർട്ടർ ചോദിക്കുന്നില്ല. പിന്നീട് ഇയാൾ കോൺഗ്രസ് സംഘടനാ ഭാരവാഹിയാണെന്ന് ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ വരുന്നു. ഏഷ്യാനെറ്റ് ചർച്ചയുടെ ഓപ്പണിങ് ലൈനിൽ തന്നെ ഈ ലൈംഗിക ദാരിദ്ര്യം നിറഞ്ഞുതുളുമ്പുന്നു.
അവിടെ ചെന്നിരിക്കുന്ന സിപിഐഎം പ്രതിനിധി പോലും അതിനോടു പ്രതികരിക്കുന്നില്ല. ഒരു ദിവസത്തെ വാർത്താവിരുന്നാണ്, ഇതത്രയും.ഈ വാർത്ത വന്നതിനു ശേഷവും ഇവർ വളരെ കൂളായി ചിരിച്ചുകളിച്ചു നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വരികയാണ്. ഒരുവേള, പ്രതിയാകുന്നതായിരിക്കുമോ ഇവർക്കു ലാഭം എന്നു തോന്നിപ്പോകുന്ന അവസ്ഥയുണ്ട്. അതേപോലെ അസംബന്ധമാണ്, PwC പറഞ്ഞിട്ടാണ് ഇവരെ നിയമിച്ചത്, എന്നത്.
ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കൺസൽട്ടൻസി / അക്കൗണ്ടിങ് സ്ഥാപനമാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്. കോവിഡ് ബാധിച്ചതോടെ സ്വർണ്ണക്കടത്തിന് എയ്ഡ് ചെയ്യേണ്ട നിലയിലേക്ക് ആ കമ്പനി കൂപ്പുകുത്തിയെന്നാണോ നാം വിചാരിക്കേണ്ടത്?യുഎഇയിൽ നിന്നാണ് പാഴ്സൽ വന്നത് എന്ന് മാത്രമേ നമുക്കിപ്പോൾ അറിയൂ. ആരാണ് അയച്ചതെന്നോ യുഎഇ സർക്കാരിന്റെ ഏതു ഡിപ്പാർട്മെന്റിൽ നിന്നാണ് അതു വന്നതെന്നോ അറിയില്ല. സാധാരണഗതിയിൽ അയയ്ക്കുന്ന വ്യക്തിയുടെ Emirates ID stamp ചെയ്യാതെ ഒരു കവർ പോലും യുഎഇയിൽ നിന്ന് പുറത്തേക്ക് അയയ്ക്കാൻ സാധ്യമല്ല. അതിനാൽ തന്നെ ഈ സ്വർണ്ണം ആരാണ് അയച്ചതെന്ന് കണ്ടെത്താൻ പ്രയാസമുണ്ടാകേണ്ടതില്ല.
എന്നാൽ അതൊട്ട് അന്വേഷിക്കാനോ അന്വേഷിച്ചാൽ തന്നെ സത്യം പുറംലോകമറിയാനോ സാധ്യതയില്ല. കേസ് കോടതിയിൽ എത്തിയാലും ഇതിൽ വ്യത്യാസമൊന്നും വരാൻ പോകുന്നില്ല.സ്വർണ്ണക്കടത്തിനെ ഒരു സാങ്കല്പിക ഇസ്ലാമിസ്റ്റ് – കമ്മ്യൂണിസ്റ്റ് നെക്സസിലേക്ക് കെട്ടാനാവുമോ എന്നാണ് ബിജെപി നേതാവ് സുരേന്ദ്രൻ ഇപ്പോൾ വളഞ്ഞവഴിക്കു ശ്രമിക്കുന്നത്. അതിനുവേണ്ടിയാണ്, മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയുള്ള ആരോപണപ്പുകമറകൾ സൃഷ്ടിക്കുന്നത്. ദുബായിൽ നിന്നു വന്ന ഡിപ്ലോമാറ്റിൿ ബാഗേജിലെ സ്വർണ്ണം ദുബായിലെ സ്കാനിങ്ങിൽ കണ്ടെത്തിയില്ല എന്നത് അവിശ്വസനീയമാണ്.
അങ്ങനെയെങ്കിൽ അവിടെ സ്വാധീനമുള്ള ആരോ ഇവിടെ ആർക്കെങ്കിലും കൈമാറാൻ ഉദ്ദേശിച്ച് അയച്ചതാവും ഈ പാക്കേജ്. അറസ്റ്റിലായയാൾ കേവലം കാര്യർ മാത്രമാവും.തങ്ങളുടേതല്ല ഈ പാഴ്സൽ എന്ന് യുഎഇ പറഞ്ഞിട്ടുണ്ട്. ഒരു സുഹൃദ് രാഷ്ട്രമെന്ന നിലയിൽ അവരുടെ വാക്കിന് നാം കാതുകൊടുക്കണം. അങ്ങനെയെങ്കിൽ ഏതു വ്യക്തിയാണ് ഈ പാഴ്സൽ അയച്ചത് എന്നു കണ്ടെത്തേണ്ടതില്ലേ? അയാൾ മുസ്ലീം നാമധാരിയെങ്കിൽ അക്കാര്യം വെളിപ്പെടുത്തുന്നത് സുരേന്ദ്രന്റെ ഉദ്യമത്തെ സഹായിക്കുകയല്ലേയുള്ളൂ? അതിനെന്താണ് സുരേന്ദ്രൻ തയ്യാറാവാത്തത്? കേന്ദ്ര കസ്റ്റംസ് വകുപ്പാണല്ലോ, ഈ സ്വർണ്ണം കണ്ടെത്തിയത്.
ആ നിലയ്ക്ക് ഇത്തരം വിവരങ്ങൾ സുരേന്ദ്രനു ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാവേണ്ടതില്ലല്ലോ.വളരെ ശ്രദ്ധയോടെ ക്രാഫ്റ്റ് ചെയ്ത ഒരു പൊതുബോധത്തിലാണ് സുരേന്ദ്രൻ തന്റെ ദുരുപദിഷ്ടമായ ആരോപണവഞ്ചി നങ്കൂരമിടുന്നത്. കേരളത്തിലെ സ്വർണ്ണക്കടക്കാർ മുഴുവൻ മുസ്ലീങ്ങളാണെന്നതാണ് ആ അബദ്ധധാരണ. ബ്രാഹ്മണരും സിറിയൻ കത്തോലിക്കരും അടക്കം ഇന്നാട്ടിൽ ജൂവലറി ചെയിനുകൾ നടത്തുന്നുണ്ട്. ഈ സ്വർണ്ണം ഇവരിൽ ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത് എന്നു സുരേന്ദ്രൻ പറയുമോ? ഏതെങ്കിലും തമിഴ് ബ്രാഹ്മിൺ നാമധാരിയോ സിറിയൻ കാതലിൿ നാമധാരിയോ ആവുമോ ഇനി?
30 കിലോ സ്വർണ്ണമൊക്കെ ഒറ്റയടിക്കു കടത്തുന്നവർക്ക് അതിനു തക്ക സ്വത്തുണ്ടാവണമല്ലോ. ഇതടക്കം സമീപമാസങ്ങളിൽ തിരുവനന്തപുരത്തോ കേരളത്തിൽ എവിടെയെങ്കിലുമോ അറസ്റ്റിലായ ഏതെങ്കിലും പ്രതികൾ, സ്വർണ്ണം കടത്തിയത് ആർക്കുവേണ്ടിയായിരുന്നു എന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ടോ? തങ്ങൾക്കുവേണ്ടിയായിരുന്നു എന്നല്ലേ, അവരൊക്കെ പറഞ്ഞിട്ടുണ്ടാവുക. ഇന്നിപ്പോൾ റിമാൻഡ് തടവിലോ ജയിലിലോ ജാമ്യത്തിലോ ഒക്കെയായ ഇവരുടെ ആരുടെയെങ്കിലും വീട്ടിലേക്കു ക്യാമറ തിരിച്ചുവയ്ക്കാൻ, അവരുടെ ജീവിതനിലവാരം മനസ്സിലാക്കിത്തരാൻ കേരളത്തിലെ വാർത്താ ലേഖകർക്കു കഴിയുമോ?ഇതൊക്കെ പോകട്ടെ, ഈയിടെയാണ് ഒളിപ്പിച്ചുവച്ച സ്വർണ്ണം വൻകുടലിലേക്കു കയറിപ്പോയതിനാൽ വേദന സഹിക്കവയ്യാതെ സ്വർണ്ണം തിരുകിയ കാര്യം തുറന്നുപറഞ്ഞ ഒരു കാര്യറിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി സ്വർണ്ണം കണ്ടെടുത്തത്.
അന്വേഷിച്ചപ്പോൾ ഗൾഫിൽ ഒരു ഗ്രോസറി സ്റ്റോറിലെ ജീവനക്കാരനായിരുന്നു, ഇയാൾ. കുറഞ്ഞ ശമ്പളം, വർഷങ്ങൾ കൂടുമ്പോൾ മാത്രം വീട്ടിലേക്കു പോകാൻ ഒരു മാസത്തെ അവധി, ഒക്കെയാണ് ഇവരുടെ പെർക്സ്. ഒരു ഫ്ലൈറ്റ് ടിക്കറ്റും അമ്പതിനായിരം രൂപയുമാകും ഇയാൾക്ക് സ്വർണ്ണം കടത്താൻ പ്രതിഫലം കിട്ടിയിട്ടുണ്ടാവുക. അയാളെ സംബന്ധിച്ച് അത് അഞ്ചുമാസത്തെ ശമ്പളത്തുകയാണ്. ഈ സംഭവം കഴിഞ്ഞപ്പോഴെങ്കിലും ഈ പ്രതി സ്വർണ്ണം കടത്തി കാശുകാരനായ കഥ പറയാൻ നമ്മുടെ മാധ്യമങ്ങൾ ടിയാളുടെ വീട്ടിലേക്കു ക്യാമറ തിരിച്ചുവയ്ക്കുകയുണ്ടായോ? അയാളോട് ആർക്കുവേണ്ടിയാണു കടത്തിയതെന്ന് അന്വേഷിച്ചോ?ഇനി ഒരല്പം പിന്നാമ്പുറക്കഥ പറയാം.ആഭ്യന്തരയുദ്ധം രൂക്ഷമായ സൊമാലിയ ഇന്നിപ്പോൾ മൂന്നു കഷ്ണങ്ങളാണ്.
ഫെഡറൽ റിപ്പബ്ലിൿ ഓഫ് സൊമാലിയ, സൊമാലിലാൻഡ്, പുണ്ട്ലാൻഡ് സ്റ്റേറ്റ് ഓഫ് സൊമാലിയ എന്നിങ്ങനെ. രാജ്യത്തിന്റെ ഒരു ഭാഗം, പ്രത്യേകിച്ച് ഉൾപ്രദേശങ്ങൾ ഭരിച്ചിരുന്നത് അക്ഷരാർത്ഥത്തിൽ അൽ ശബാബ് എന്ന ഇസ്ലാമിക തീവ്രവാദി സംഘടനയായിരുന്നു. സ്കൂളിൽ പഠിക്കാൻ പോയതിനു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കിയ അതേ സംഘടന. ഇവർക്ക് ആയുധങ്ങളും പണവും യഥേഷ്ടമെത്തുന്നത് മിഡിൽ ഈസ്റ്റിൽ നിന്നാണെന്ന വ്യാപകമായ ആരോപണമുണ്ടായിരുന്നു.2018 ഏപ്രിൽ ആദ്യവാരം.
അബുദാബിയിൽ നിന്ന് സൊമാലിയയിലെ മൊഗാദിഷു എയർപോർട്ടിലെത്തിയ യുഎഇ വക ഒരു സ്വകാര്യ ജെറ്റ് വിമാനവും അതിൽ കടത്തിയ 9.6 മില്യൺ ഡോളറും ഡിപ്ലോമാറ്റിൿ ഇമ്യൂണിറ്റി ലംഘിച്ച് സൊമാലിയൻ സെക്യൂരിറ്റി ഗാർഡ്സും കസ്റ്റംസും ചേർന്ന് പിടിച്ചെടുത്തു. തുർക്കിയുടെ ഇടപെടലും സഹായവും ഇതിനുണ്ടായിരുന്നതായാണ് പിന്നീടു സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നത്. മണിക്കൂറുകൾക്കു ശേഷം വിമാനം വിട്ടയച്ചെങ്കിലും പണം അവർ വിട്ടുകൊടുത്തില്ല. ആഭ്യന്തരയുദ്ധം രൂക്ഷമായ സൊമാലിയയിലേക്ക് മിലിറ്ററിയെ സഹായിക്കാനാണ് പണം എത്തിച്ചതെന്നാണ് യുഎഇ അവകാശപ്പെട്ടത്. അൽ ശബാബിനുള്ളതായിരുന്നു, ഈ പണമെന്ന ആരോപണം ചില മാധ്യമങ്ങളും ഉയർത്തി.
ഏതായാലും ഇതോടെ സൊമാലിയയും യുഎഇയുമായുള്ള ബന്ധം ഉലഞ്ഞു. യുഎഇയുടെ എൻജിഒ ആയ റെഡ് ക്രസന്റ് സൊമാലിയയിൽ നടത്തിയിരുന്ന ആശുപത്രി ഒരുവർഷം മുമ്പ് മുന്നറിയിപ്പില്ലാതെ പൊടുന്നനെ അടച്ചുപൂട്ടുന്നതിലേക്കാണ് കാര്യങ്ങൾ എത്തിയത്.അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം, ആ പണം തങ്ങളുടേതാണെന്ന് യുഎഇ തുറന്നുപറഞ്ഞു എന്നതാണ്. സൊമാലിയൻ മിലിറ്ററിയെ പരിശീലിപ്പിക്കാനാണ് എന്ന് യുഎഇയും അൽ ശബാബിനു നൽകാനെന്ന് പടിഞ്ഞാറൻ മാധ്യമങ്ങളും അതിനെ രണ്ടുതരത്തിൽ വ്യാഖ്യാനിച്ചു എന്നുമാത്രം.
ഇന്നാകട്ടെ, ചെറിയ മീനുകളെ വിട്ടുകളയുകയാണ് അവർ ചെയ്തത്. എങ്കിൽ വമ്പൻ സ്രാവ് എവിടെ എന്നു മറുപടി പറയേണ്ടത്, പ്രതികളെ അറസ്റ്റ് ചെയ്ത കേന്ദ്ര കസ്റ്റംസല്ലേ? അവരെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രാലയമല്ലേ? പൂർണ്ണമായും കേന്ദ്ര ഏജൻസികളുടെ അന്വേഷണപരിധിയിൽ വരുന്ന ഇക്കാര്യത്തിൽ, അതും യുഎഇ ഗവൺമെന്റിന്റെ അനുമതിയില്ലാതെ തുറക്കാൻ പോലുമാകില്ലായിരുന്ന ഒരു പാക്കേജിന്റെ പേരിൽ ഈ പ്രശ്നം ഉണ്ടാകുമ്പോൾ അതിനു പിന്നിലെ തിരക്കഥ കൂടി വെളിവാകേണ്ടതില്ലേ?പ്രത്യേകിച്ചു പൈപ്പിന്റെ രൂപത്തിലാണ് സ്വർണ്ണമെത്തിയത് എന്നതു നോക്കുക. ആഭരണമായല്ലാതെ പൈപ്പിന്റെ രൂപത്തിൽ വ്യക്തികളാരും ഇവിടെ സ്വർണ്ണം സൂക്ഷിക്കാറില്ല.
ആ നിലയ്ക്ക് സ്വർണ്ണം തന്നെയായിരുന്നോ, അതോ സ്വർണ്ണത്തിന്റെ മറവിൽ ആർക്കെങ്കിലും ഫണ്ടിങ് നൽകുകയായിരുന്നോ ഉണ്ടായത് എന്ന് അന്വേഷിക്കേണ്ടതും പറയേണ്ടതും കേന്ദ്ര സർക്കാരല്ലേ? തന്നെയുമല്ല, ഇവർ മുമ്പുതന്നെ കസ്റ്റംസ് റഡാറിൽ ഉണ്ടായിരുന്ന ആളുകളായിരുന്നു എങ്കിൽ ഇപ്പോൾ ഈ സമയത്ത് ആക്റ്റ് ചെയ്തതിന്റെ ടൈമിങ് മറ്റൊരു നിലയ്ക്കു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.ഏഷ്യാനെറ്റ് ന്യൂസ് – Cfore സർവേ ഫലം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പതിവാതിൽക്കൽ നിൽക്കയും നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവർഷത്തിൽ കുറഞ്ഞ സമയം മാത്രം അവശേഷിക്കുകയും ചെയ്യുന്ന സന്ദർഭത്തിലാണ് അവർ സർവേ നടത്തുന്നത്.
കേരളം മുഴുവൻ കൊറോണ ഭീതിയിൽ കഴിയവേ ആർക്കാണ് രാഷ്ട്രീയമുൻതൂക്കമെന്ന അന്വേഷണം തന്നെ അനാവശ്യമായിരുന്നു എന്ന അഭിപ്രായമാണ് ഈ ലേഖകന്റേത്. യുഡിഎഫിൽ ഉമ്മൻ ചാണ്ടിയാവണം മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന അഭിപ്രായത്തിനു മുൻതൂക്കം നൽകുന്ന സർവേ ഫലം ആദ്യദിവസം പുറത്തുവിട്ടപ്പോൾ തന്നെ ഈ സർവേയുടെ പിആർ ആംഗിൾ പരക്കെ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ രണ്ടാംദിവസം ഇടതുപക്ഷത്തിനു മുൻതൂക്കം എന്ന നിലയിലാണ് ഫലം പുറത്തുവിട്ടത്. കേരളത്തിൽ എൺപതുകൾക്കു ശേഷം ഏതെങ്കിലും മുന്നണിക്കു തുടർഭരണം കിട്ടുക എന്ന അത്യപൂർവ്വ റെക്കോഡിന് ഇപ്പോഴത്തെ എൽഡിഎഫ് ഗവൺമെന്റ് തുടക്കമിടും എന്ന സൂചന തന്നെ പലർക്കും സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു.
ഈ സർവേ മുന്നോട്ടുവച്ച മറ്റു ചില പോയിന്റുകളിലേക്കു കൂടി പോകേണ്ടതുണ്ട്. കഴിഞ്ഞതവണ സഹതാപതരംഗത്തിന്റെ ബലത്തിൽ രാജഗോപാൽ നിയമസഭാംഗമായെങ്കിൽ ഇനിയത്തെ തവണ കേരളത്തിൽ ഏഴുമുതൽ ഒൻപതു സീറ്റുവരെ ബിജെപി നേടുമെന്ന് സർവേ ഫലത്തിൽ അവകാശപ്പെടുന്നു. പല മണ്ഡലങ്ങളിലും എൽഡിഎഫും എൻഡിഎയും തമ്മിലാവും മത്സരമെന്ന നിലയിൽ പോലും സർവേ സംസാരിക്കുന്നു. ചാനൽ മേധാവിയുടെ താത്പര്യത്തിൽ വരുത്തിയ വ്യാഖ്യാനമാണോ ഇത് എന്നു നമുക്കു വ്യക്തമല്ല. അത് എന്തായാലും ബിജെപിക്ക് ആത്മവിശ്വാസം പകർന്നു നൽകുന്നതാണ് ആ പോയിന്റ്.ഏഷ്യാനെറ്റ് – സിഫോർ സർവേയിലെ ഒരു സ്ലൈഡിൽ തൊഴിൽ അടിസ്ഥാനത്തിലുള്ള വിവിധ വിഭാഗങ്ങൾ ആരെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നുണ്ട്.
അതിൽ വ്യവസായികളുടെ പിന്തുണ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ ഗതിയിൽ ഏതൊരു സംസ്ഥാനത്തും രാജ്യത്തു തന്നെയും വ്യവസായികളുടെ പിന്തുണ കൂടുതലായുള്ള മുന്നണി വിജയിക്കാനാണു സാധ്യത. ഇതിനു കാരണം, അവരുടെ പക്കൽ നിന്നുവേണം തെരഞ്ഞെടുപ്പു ജയിക്കാൻ ആവശ്യമായ പണം ഒഴുകാൻ എന്നതുകൂടിയാണ്. സർവേ പ്രകാരം വ്യവസായികളിൽ 54% പിന്തുണയ്ക്കുന്നത് യുഡിഎഫിനെയാണ്. 10% പേർ അഭിപ്രായം രൂപീകരിച്ചിട്ടുമില്ല. എന്നാൽ ഇതല്ല, ഹൈലൈറ്റ്. എൻഡിഎ മുന്നണിയെ പിന്തുണയ്ക്കുന്ന വ്യവസായികളുടെ എണ്ണം 32% ആണെന്ന് സർവേ വെളിപ്പെടുത്തുന്നു. incumbent governmentനെ പിന്തുണയ്ക്കുന്നത് കേവലം 4% വ്യവസായികളാണത്രേ.
അങ്ങനെ ഒരു സർക്കാർ അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യത വിരളമാണ്. പിന്നെ എങ്ങനെയാണ് എൽഡിഎഫ് തിരിച്ചുവരും എന്ന് സർവേ കണക്കാക്കുന്നത്?അവിടെയാണ് ക്രൈസിസ് മാനേജ്മെന്റ് അടക്കമുള്ള കാര്യങ്ങളിൽ, പ്രത്യേകിച്ച് കോവിഡ് കാല പ്രവർത്തനങ്ങളിൽ സർക്കാർ നേടിയ മുൻതൂക്കം പൊതുജനത്തെ എത്രമാത്രം സ്വാധീനിച്ചു എന്ന് അത്ഭുതം കൂറുക. ഈ ട്രെൻഡ് മറികടക്കണമെങ്കിൽ എന്താണ് മാർഗം? അഴിമതി ആരോപണം പോലും കേരളം കണ്ടില്ലെന്നു നടിക്കും. എന്നാൽ പബ്ലിൿ സർവന്റ്സിന്റെ മൊറാലിറ്റി പ്രശ്നം വന്നാൽ നമുക്ക് വിഷയാസക്തിയേറും. ഇത് കണക്കാക്കിയുള്ള മൂവ് കൂടിയാണോ ഇപ്പോൾ നടന്നിട്ടുള്ളത് എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് എസ് ശിവശങ്കറിനെ മാറ്റിയെന്നും പകരം മിർ മുഹമ്മദിനു ചുമതല നൽകിയെന്നും വാർത്തകൾ വന്നു.
വാസ്തവത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റിയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. അന്ന് അതാരും വാർത്തയാക്കിയില്ല. ഇപ്പോൾ ഒരു ഇക്കിളിക്കഥ വീണുകിട്ടിയപ്പോൾ അതുമായി ചേർത്തുവച്ച് ഈ പുറത്താക്കൽ വാർത്ത ആഘോഷിക്കയാണ് മാധ്യമങ്ങൾ. എത്ര മനോഹരമായ ആചാരങ്ങൾ!
ഏതായാലും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്റെ സംശയങ്ങൾ ഒരിക്കൽ കൂടി അക്കമിട്ടു പറയാം.
1. യുഎഇ ഗവൺമെന്റോ അല്ലെങ്കിൽ ഏതെങ്കിലും ഔദ്യോഗിക ഡിപ്പാർട്മെന്റോ അറിയാതെ എങ്ങനെ ഒരു ഡിപ്ലോമാറ്റിക് പൗച് അയക്കപ്പെട്ടു? ഇതിനു മുമ്പ് ഇങ്ങനെ അയച്ചിട്ടുണ്ടോ? എങ്ങനെ ഒരു ഡിപ്ലോമാറ്റിക് പൗച്ച് എമിരേറ്റ്സ് എയർ ലൈൻ വഴി അയക്കാൻ പറ്റി ?
2. യു എ ഇ യിലെ ഏതു ഓഫീസിൽ നിന്നാണ് ഈ പൗച്ച് അയക്കപ്പെട്ടതു ? എന്താണ് അത് രഹസ്യമായി വച്ചിരിക്കുന്നത് ?
3. സാധാരണ ഇങ്ങനെയുള്ള കള്ളക്കടത്തു പിടിക്കപ്പെട്ടാൽ ഗവൺമെന്റുകൾ അതിന്റെ അവകാശം തള്ളിപ്പറഞ്ഞ്, ഏതെങ്കിലും ചെറിയ ജോലിക്കാരെ പ്രതിയാക്കി രക്ഷപെടും – ഇതിൽ അങ്ങനെ ആണോ ?
4. 15 കോടിയുടെ സ്വർണം പിടിക്കപ്പെട്ടിട്ടും എങ്ങനെ ആണ് പ്രതികൾ യാതൊരു ടെൻഷനും ഇല്ലാതെ – പ്രതിയാണെന്ന് പറയപ്പെടുന്ന സ്വപ്ന ഫേസ്ബുക്കിൽ തമാശ പറയുന്നത് ? അവർ അല്ല പ്രതി അല്ലെങ്കിൽ പ്രതിയായി അഭിനയിക്കുന്നത് അവർക്കു വളരെ ലാഭം ഉള്ള ഇടപാടാണ് എന്നല്ലേ ഇതു വ്യക്തമാക്കുന്നത്?
5. ഈ പണം അൽ ശബാബ് പോലെയുള്ള ഏതെങ്കിലും തീവ്രവാദ സംഘടനക്ക് വേണ്ടി കൊണ്ടുവന്നതാണോ?
6. PWC അറിഞ്ഞാണോ ഈ കള്ളക്കടത്തു നടന്നതെന്ന് വ്യക്തമാക്കണം എന്നാണ് വി ടി ബൽറാമും രമേശ് ചെന്നിത്തലയും ആവശ്യപ്പെടുന്നത്. എന്തു മണ്ടത്തരമാണിത്? യാതൊരു ബാധ്യതയും തെളിവും ഇല്ലാതെ എന്തിനെക്കുറിച്ചും എന്ത് ആരോപണവും പറയുക എന്നത് ചെന്നിത്തലക്ക് ശീലമായിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൺസൽട്ടൻറ് ആയ PWC ഇതിനു മുമ്പ് നടത്തിയ കള്ളക്കടത്ത് ഏതൊക്കെ എന്ന് വി ടി ബൽറാമോ അല്ലെങ്കിൽ രമേശ് ചെന്നിത്തലയോ പറയുമോ?
7. ഒരു ഗവണ്മെന്റ് ഡിപ്പാർട്ടുമെന്റിൽ താത്കാലിക ഓഫീസർ ആയി നിയമിക്കപ്പെട്ട ഒരു വ്യക്തിയെ പറ്റി ഒരു ആരോപണം ഉണ്ടായാൽ മുഖ്യമന്ത്രി രാജി വക്കണം എന്നാവശ്യപ്പെടുന്നത് സെൻസ് ഓഫ് പ്രൊപ്പോർഷനെ പറ്റിയുള്ള എന്തു ബോധ്യത്തിന്റെ വെളിച്ചത്തിലാണ്?
അല്പം ഷേക്സ്പിയറിലേക്ക് കടക്കുകയാണ്. ജൂലിയസ് സീസർ എന്ന വിഖ്യാത നാടകത്തിൽ സീസറിനെതിരായ ഗൂഢാലോചനയുടെ പ്രഭവകേന്ദ്രമായ കഥാപാത്രമാണ് കേയിയസ് കേഷ്യസ്. സീസറിനൊപ്പം പലനാൾ പടപൊരുതുകയും ഒരിക്കൽ സീസറിനെ മുങ്ങിച്ചാവുന്നതിൽ നിന്ന് രക്ഷിക്കപോലും ചെയ്തിട്ടുള്ളയാൾ. മൊണാർക്കി അഥവാ രാജാധിപത്യത്തോട് എതിർപ്പാണെങ്കിലും സീസറിനെ ഇഷ്ടമുള്ളയാളാണു ബ്രൂട്ടസ്. അതേ സമയം കേഷ്യസ് ആവട്ടെ, സീസറിനോട് അസൂയ മൂത്ത് അയാളെ കൊല്ലാൻ ഉറപ്പിച്ചയാളും. സീസറിനെ കൊല്ലാനുള്ള ന്യായീകരണമായി അയാൾ നിരത്തുന്ന ഏതാണ്ടെല്ലാ ദുഃസ്വഭാവങ്ങളും ഉള്ള കഥാപാത്രമാണ്, ഈ കേഷ്യസ്.
അത് അയാൾ പലപ്പോഴും പ്രകടമാക്കുന്നുമുണ്ട്. നാടകത്തിനൊടുവിൽ പിടിക്കപ്പെടുമെന്നാകുമ്പോൾ ആത്മഹത്യയിൽ അഭയം തേടുകയാണ്, ഇയാൾ. ഈ കേഷ്യസിനോട് ബ്രൂട്ടസിനെക്കൊണ്ട് ഷേക്സ്പിയർ പറയിക്കുന്ന ഒരു ഡയലോഗുണ്ട്. ജൂലിയസ് സീസർ നാലാം അങ്കത്തിലെ മൂന്നാമത്തെ സീനിലാണ് ഈ സംഭാഷണം.
കേരളത്തിലെ മാധ്യമങ്ങളെ നോക്കി മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതും ഇതേ ഡയലോഗാണ്.“ഒരു ഭീകരതയും ഉണ്ടാക്കുന്നില്ല കേഷ്യസ്, നിന്റെ ഭീഷണികൾ.നേരിന്റെ കനത്ത പടച്ചട്ടയണിഞ്ഞാണു ഞാൻ നിൽക്കുന്നത്.അതൊക്കെ അലസമാരുതൻ പോലെ എന്നെ കടന്നുപോകയേയൂള്ളൂ.സാഹിത്യം ആസ്വദിക്കുമെങ്കിൽ നേരമുള്ളപ്പോൾ അതൊക്കെയെടുത്ത് ഒന്നു വായിച്ചുനോക്കിയേക്കുക.
Comments are closed.