സ്വര്ണക്കള്ളക്കടത്ത് കേസ് അണിയറയില് നടക്കുന്നത്
ഷാഹിന നഫീസ
ചാനലുകൾ കണ്ട് കിളി പോയവർക്ക് വേണ്ടി. അതായത് അറ്റാഷെ, അറ്റാഷെ എന്ന് ചാനലുകൾ വിളിക്കുന്ന വ്യക്തിയുടെ ഔദ്യോഗിക നാമം ചാർജ് ഡി അഫയേഴ്സ് എന്നാണ്. സൗകര്യത്തിന് നമുക്ക് ഡിപ്ലോമാറ്റ് എന്ന് വിളിക്കാം. വസ്തുതകൾ ഓരോന്നായി നോക്കാം.
ആറാം തിയതി കസ്റ്റംസ് കമ്മീഷണറേറ്റ് കോടതിയിൽ സമർപ്പിച്ച സരിത്തിന്റെ റിമാൻഡ് അപേക്ഷയിൽ നിന്ന് തുടങ്ങാം. ബാഗേജ് കണ്ടു ബോധ്യപ്പെട്ട ഡിപ്ലോമാറ്റ് അതിലെ ഭക്ഷ്യ വസ്തുക്കൾ ഒഴിച്ചുള്ള സാധനങ്ങൾ തന്റേതല്ല എന്ന് സാക്ഷ്യപ്പെടുത്തി.
പിരിച്ചു വിട്ട സരിത്തിനെ ‘odd jobs’ ചെയ്യാനായി താൻ ഉപയോഗിക്കാറുണ്ടെന്ന് അദ്ദേഹത്തിന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തുന്നു സീൻ നമ്പർ രണ്ട്. കോടതി. സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ. പറയപ്പെടുന്ന ഒരു കുറ്റവും ചെയ്തിട്ടില്ല എന്നല്ല സ്വപ്ന മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. മറിച്ച് എല്ലാം ചെയ്തത് ഡിപ്ലോമാറ്റിന്റെ ആവശ്യപ്രകാരം ആയിരുന്നു എന്നാണ് പറയുന്നത്.
കൺസൈന്മെന്റ് വൈകുന്നത് എന്താണെന്ന് അന്വേഷിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, ജൂൺ 30 ന് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് അക്കാര്യം ചോദിച്ചിരുന്നു എന്ന് സ്വപ്ന പറയുന്നു. ജൂലൈ 3 ന് കസ്റ്റംസ് അധികൃതർ ഡിപ്ലോമാറ്റിനെ വിളിച്ചു വരുത്തി ബാഗ് അദ്ദേഹത്തിന്റേതാണെന്ന് ഉറപ്പിക്കുന്നു.
(അന്ന് ബാഗ് തുറക്കുന്നില്ല, തുറന്നത് അഞ്ചാം തിയതി ആണ്. സീൻ ഓർഡർ തെറ്റിക്കരുത് )ബാഗ് വെരിഫൈ ചെയ്ത ഡിപ്ലോമാറ്റ് ഈ കൺസൈന്മെന്റ് തിരിച്ചയക്കാനായി ഒരു കത്ത് തയ്യാറാക്കാൻ സ്വപ്നയോട് ആവശ്യപ്പെടുന്നു. പ്രസ്തുത കത്ത് തയ്യാറാക്കി ഡിപ്ലോമാറ്റിന് മെയിൽ ചെയ്തു കൊടുത്തതിന്റെ കോപ്പി ജാമ്യാപേക്ഷക്കൊപ്പം അനുബന്ധ രേഖയായി സ്വപ്ന സമർപ്പിക്കുന്നു.
സീൻ മൂന്ന്: മുരളീധരന്റെ വാർത്താ സമ്മേളനം. അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിക്കുന്നു. കൂട്ടത്തിൽ പ്രസ്തുത കൺസൈന്മെന്റ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ല എന്നും പ്രസ്താവിക്കുന്നു. അങ്ങനെ അല്ലെങ്കിൽ കസ്റ്റംസിന് അതറിയില്ലേ എന്ന ചോദ്യം മാധ്യമപ്രവർത്തകർ ചോദിക്കാതിരിക്കുന്നു.
ഡിപ്ലോമാറ്റിക് ബാഗ് അല്ലെങ്കിൽ എന്തിനാണ്, ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങുന്നതടക്കമുള്ള നടപടി ക്രമങ്ങൾ കസ്റ്റംസ് പാലിച്ചത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ നാട്ടുകാരുടെ കിളി പോകുന്നു.
സീൻ 4.അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തയക്കുന്നു. ഏത് തരം അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്യുന്നു. (ഇവിടെ ആവശ്യമുള്ളവർക്ക് ബിജിഎം ചേർക്കാവുന്നതാണ്. എനിക്ക് താല്പര്യമില്ല )
സീൻ 5.NIA യുടെ മാസ്സ് എൻട്രി. എഫ് ഐ ആർ. ഡിപ്ലോമാറ്റിക് ബാഗിൽ ഒളിച്ചു കടത്തിയ ചരക്ക് എന്ന് എഫ് ഐ ആറിൽ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നതോടെ ഇത് ഡിപ്ലോമാറ്റിക് ബാഗ് ആണോ അല്ലേ എന്ന സംശയത്തിന് അറുതി വരുന്നു.
സീൻ ആറ്. സ്വപ്നയുടെയും സരിത്തിന്റെയും കാൾ റെക്കോർഡുകൾ പുറത്ത് വരുന്നു. മന്ത്രി കെ ടി ജലീലിന്റെ ഫോണിലേക്കും തിരിച്ചും വിളിച്ചതായി രേഖ. സാക്ഷാൽ കോൺസുലേറ്റ് ജനറൽ തനിക്ക് അയച്ച മെസേജ് ജലീൽ പുറത്തു വിടുന്നു. ഭക്ഷണ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സ്വപ്ന ബന്ധപ്പെടും എന്ന് കോൺസുലേറ്റ് ജനറൽ മന്ത്രിക്ക് മെസേജ് അയച്ചിരിക്കുന്നു.
പിരിച്ചു വിട്ടതും പിരിഞ്ഞു പോയതുമായ രണ്ട് പേരെ വെച്ചാണ് ഈ കോൺസുലേറ്റ് ജനറൽ കാര്യങ്ങൾ നടത്തുന്നത് എന്നത് വീണ്ടും വീണ്ടും ഉറപ്പിക്കുന്നു ഈ മെസേജ്. പക്ഷേ പ്രേക്ഷകർ ഞെട്ടുന്നില്ല. തർക്കങ്ങൾ മുറുകുന്നതിനിടെ ഡിപ്ലോമാറ്റ് രാജ്യം വിടുന്നു. അതേ സമയം തന്നെ, മറ്റൊരു സുപ്രധാന രേഖ പുറത്ത് വരുന്നു.
കാർഗോ അവിടെ നിന്ന് കയറ്റി അയക്കാൻ മൂന്നാം പ്രതി ഫൈസൽ ഫാരിദിനെ ചുമതലപ്പെടുത്തി കൊണ്ട് ഡിപ്ലോമാറ്റ് നൽകിയതായി കരുതപ്പെടുന്ന കത്ത് പുറത്ത് വരുന്നു. പ്രധാന ട്രാക്കിലെ കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നത് കൊണ്ടാണ് ഒഴിവാക്കിയത്. (അതായത് സ്വപ്ന, ശിവശങ്കരൻ, കാർ ചെയ്സ്…)
ഈ ഡിപ്ലോമാറ്റ് ഇങ്ങനെ വട്ടം വെച്ച് ഇടയിൽ കയറി നിന്നാൽ യു എ പി എ, തീവ്രവാദം ഒന്നും നടക്കില്ല. അത് കൊണ്ട് തിരക്കഥാകൃത്തുക്കൾ തല പുകഞ്ഞു ആലോചിച്ചു കൊണ്ടിരിക്കയാണ്.. ഒരിടവേള (തുടരും )
Comments are closed.