തൃശ്ശൂർ പൂരത്തിന് വിപുലമായ സൗകര്യങ്ങളുമായി റെയിൽവേ
1902ൽ ചെറുവണ്ണൂർ സന്ധി (ഇന്നത്തെ ഷൊർണ്ണൂർ ജംഗ്ഷൻ) യിൽനിന്നും എറണാകുളം വരെയുള്ള മീറ്റർ ഗേജ് തീവണ്ടിപ്പാത പൂർത്തിയായ കാലം മുതൽ തന്നെ, റെയിൽവേ തൃശ്ശൂർ പൂരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു. ആധുനികവും നൂതനവുമായ ഒരു ഗതാഗതരൂപം ജനങ്ങൾക്ക് പരിചയപ്പെടുത്തുവാനുള്ള നല്ലൊരവസരമായി അവർ പൂരത്തെ കണ്ടു. പത്രങ്ങളിൽ അക്കാലത്തു് സൗത്ത് ഇന്ത്യൻ റെയിൽവേ നൽകിയിരുന്ന പരസ്യങ്ങൾ അതിന് തെളിവാണ്. വേഗത കുറഞ്ഞ ജലഗതാഗതത്തെ പ്രധാനമായും ആശ്രയിച്ചിരുന്ന ജനങ്ങൾക്ക്, പ്രത്യേകിച്ചും സമീപ ജില്ലകളിൽ നിന്നുള്ളവർക്ക്, പൂരത്തിന് തൃശ്ശൂരിൽ എത്താനായി വേഗം കൂടിയ ഒരു ഗതാഗതരൂപമാണ് അന്ന് തീവണ്ടിയിലൂടെ ലഭ്യമായത്.
കൊവിടിന് മുമ്പത്തെപ്പോലെ ഈ വർഷവും വിപുലമായ സൗകര്യങ്ങളാണ് റെയിൽവേ പൂരപ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്. എറണാകുളം – കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ്, തിരുനെൽവേലി – പാലക്കാട് പാലരുവി, മംഗലാപുരം – നാഗർകോവിൽ പരശുറാം എന്നീ തീവണ്ടികൾക്ക് മെയ് 10, 11 ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇരുദിശകളിലും പൂങ്കുന്നത്തു് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പൂരത്തിരക്കൊഴിവാക്കി യാത്ര ചെയ്യുന്നതിന് ഈ സൗകര്യം ജനങ്ങളെ സഹായിയ്ക്കും. പൂരം ദിവസങ്ങളിൽ പൂങ്കുന്നത്തെ തീവണ്ടി സമയം ഇതോടൊപ്പം പ്രത്യേകം കൊടുത്തിട്ടുണ്ട്.
അതിന് പുറമെ തൃശ്ശൂരിലും പൂങ്കുന്നത്തും അധിക ടിക്കറ്റ് കൗണ്ടറുകൾ, കൂടുതൽ പ്രകാശ സംവിധാനം, കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥർ, സൂചന കേന്ദ്രത്തിൽ കൂടുതൽ ജീവനക്കാർ, പ്രത്യേക അനൗൺസ്‌മെന്റ്, കുടിവെള്ളത്തിന് അധിക സൗകര്യം തുടങ്ങിയവയും ഒരുക്കുന്നുണ്ട്. പൂരംകണ്ട് മടങ്ങുന്നവർക്കായി തൃശ്ശൂരിലെ ബുക്കിംഗ് ഓഫീസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും രണ്ടാം കവാടത്തിൽ ഒന്നും ടിക്കറ്റ് വിതരണ കൗണ്ടറുകളും രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും (ആകെ 11) പൂങ്കുന്നത്തു് രണ്ട് കൗണ്ടറുകളും പതിനൊന്നാം തിയതി ബുധൻ വെളുപ്പിന് 3 മണിമുതൽ രാവിലെ 11 വരെ പ്രവർത്തിയ്ക്കുന്നതാണ്. ദിവാൻജി മൂലമുതൽ തൃശ്ശൂർ സ്റ്റേഷനിലേയ്ക്ക് കൂടുതൽ ലൈറ്റുകളും സ്ഥാപിയ്ക്കുന്നുണ്ട്.
തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ മാനേജർ പി ശശീന്ദ്രൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ (കൊമ്മേർഷ്യൽ) ബാലകൃഷ്ണൻ, ചീഫ് ബുക്കിങ് സൂപ്പർവൈസർ മീനാംബാൾ, ചീഫ് കൊമ്മേർഷ്യൽ ഇൻസ്‌പെക്ടർ പ്രസൂൺ എസ് കുമാർ, ആർപിഎഫ് ഇൻസ്‌പെക്ടർ കേശവദാസ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നത്.
തൃശ്ശൂർ പൂരത്തിന് വിപുലമായ സൗകര്യങ്ങളുമായി റെയിൽവേ
- Design
Comments are closed.