ഡോ ജോ ജോസഫ് സി പി എം അംഗം എന്ന നിലയ്ക്ക് ഇതൊക്കെയാണോ പാർട്ടി രേഖകളിൽ നിന്നും പഠിച്ചത്?
പ്രമോദ് പുഴങ്കര
തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പാണ്. ഇന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്കൊരു സാമാന്യവത്ക്കരണത്തിലെത്താമെങ്കിൽ ധനികരുടെ താത്‌പര്യങ്ങൾ പല രൂപത്തിൽ നടപ്പിലാക്കാനായി അധികാരത്തിലെത്താൻ പലവിധ രാഷ്ട്രീയകക്ഷികൾ തമ്മിൽ നടക്കുന്ന മത്സരമാണത്. അധികാരം ആർക്ക് ലഭിക്കണം എന്നതിനെക്കുറിച്ചുള്ള തർക്കം അധികാരം ലഭിച്ചാൽ എന്ത് ചെയ്യണം എന്നതിലല്ല. ലഭിക്കുന്ന അധികാരം ഏതു വർഗത്തിനുവേണ്ടിയാണ് ഉപയോഗിക്കേണ്ടത് എന്നതിലും അവർ തമ്മിൽ തർക്കമില്ല.
എന്നാൽ അധികാരം നേടുന്നതിന് മഹാഭൂരിഭാഗം വരുന്ന ദരിദ്രരും സാധാരണക്കാരായ നാനാവിധ തൊഴിലാളികളും അടങ്ങുന്ന മഹാഭൂരിപക്ഷത്തെ ഒപ്പം നിർത്താനും ഈ വ്യവസ്ഥ അവർക്കുവേണ്ടി ചലിക്കുന്നുണ്ടെന്ന് തോന്നിക്കാനും അല്പസ്വല്പം തട്ടിപ്പുകളൊക്കെ കാണിക്കേണ്ടി വരും. ജനക്ഷേമത്തിന്റെ കരുതലുകൾ അങ്ങനെയാണ് ഇടയ്ക്കൊക്കെ ഉണ്ടാകുന്നത്. അതിനപ്പുറം ജനത്തിനിതിൽ വലിയ കാര്യമൊന്നുമില്ല.
എന്നാൽ വോട്ടവകാശമുള്ളവരിൽ പകുതിയിലേറെപ്പേർ പങ്കെടുക്കുന്ന ഒരു രാഷ്ട്രീയപ്രക്രിയയിൽ നിന്നും രാഷ്ട്രീയം സംസാരിക്കാതെ ഒഴിഞ്ഞുനിൽക്കുക എന്നത് ആത്മഹത്യാപരമാണ്. അതുകൊണ്ട് ജനങ്ങൾ ഏറ്റവും കൂടുതൽ രാഷ്ട്രീയം സംസാരിക്കുന്ന തെരഞ്ഞെടുപ്പുവേളയിൽ രാഷ്ട്രീയവിമർശനങ്ങളും പ്രശ്നങ്ങളും സജീവമായി ഉയർത്തിക്കൊണ്ടുവരണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രധാന രണ്ടുമുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
യു ഡി എഫ് സ്ഥാനാർത്ഥി പ്രതീക്ഷിച്ചപോലെ അന്തരിച്ച എം എൽ എ -യുടെ ഭാര്യ ഉമാ തോമസാണ്. അതുമാത്രമാണ് അവരുടെ സ്ഥാനാർത്ഥിത്വത്തിന്റെ മാനദണ്ഡമെന്നത് കോൺഗ്രസിൽ അത്ര അത്ഭുതമുള്ള കാര്യമല്ല. ഇത്തരം സങ്കുചിതമായ ഫ്യൂഡൽ വഴക്കങ്ങൾക്കപ്പുറം ജനാധിപത്യരാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശേഷിക്കുറവാണ് ആ പാർട്ടിയെ ദേശീയതലത്തിൽത്തന്നെ തകർത്തുകൊണ്ടിരിക്കുന്നത്.
പതിവുപോലെ നായർ പോപ്പിനെയും പാതിരിമാരെയുമൊക്കെ പോയിക്കണ്ട് കോൺഗ്രസ് സ്ഥാനാർത്ഥി തങ്ങളുടെ പരമ്പരാഗത രാഷ്ട്രീയസമവാക്യങ്ങളിൽ കണക്കുകൂട്ടിത്തുടങ്ങിയിട്ടുണ്ട്. ചരിത്രത്തിൽനിന്നും കോൺഗ്രസ് എന്തെങ്കിലും പാഠം പഠിക്കുന്നുണ്ടെങ്കിൽ അത് ഇനിയൊരിക്കലും ചരിത്ര ക്ലാസിൽ കേറരുത് എന്നാണെന്നു തോന്നിക്കുംവിധത്തിലാണ് അവർ പെരുമാറുന്നത്.
ഇടതുമുന്നണി/സി പി ഐ (എം) സ്ഥാനാർത്ഥി ഡോ. ജോ ജോസഫാണ്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി ജില്ലാ കമ്മറ്റി അംഗം അരുണ്കുമാറിനെ സി പി എം സൈബർ PR കരാറുകാർ മിക്കവരും അഭിവാദ്യമിട്ടും ജീവചരിത്രമെഴുതിയും നിറഞ്ഞപ്പോഴാണ് വേറെ സ്ഥാനാർത്ഥി വന്നത്. മനോരമ ഞങ്ങളെ പറ്റിച്ചു എന്നാണ് ശേഷം വിലപിക്കുന്നത്. മാധ്യമങ്ങൾക്ക് മര്യാദയില്ലെന്നും.
മര്യാദ പ്രശനം ആവർത്തിച്ചുപറഞ്ഞു ക്ഷോഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമടക്കം തിരിച്ചറിയാത്തത് കുറേക്കാലമായി പാർടിയിലെ ഒരു വിഭാഗം ചെയ്തുകൊണ്ടിരിക്കുന്ന ആസൂത്രിത PR പണി ഒരിത്തിരി കൈവിട്ടുപോയതാണ് ഇത്തവണ സംഭവിച്ച പ്രശ്നം എന്നതാണ്. ടി സെക്രട്ടേറിയറ്റ് അംഗം നിയമസഭയിൽ പ്രസംഗിക്കും എന്ന വിവരം അന്ന് രാവിലെ മുതൽ അദ്ദേഹത്തിന്റെ PR സംഘം സാമൂഹ്യ മാധ്യമങ്ങളിൽ ‘ഇതാ അദ്ദേഹം വരുന്നു’, ചിലർ വരുമ്പോൾ നിയമസഭയിലെ മൈക്കുകൾ വഴിമാറും, പാണ്ഡിത്യത്തിന്റെ അഗാധത എന്നൊക്കെപ്പറഞ്ഞുകൊണ്ട് ഉദ്‌ഘോഷിക്കുകയും പ്രസംഗം നടക്കുമ്പോഴും ശേഷവും തേച്ചൊട്ടിച്ച കഥകളുടെ പുതിയ പാട്ട് തുടങ്ങുകയുമൊക്കെച്ചെയ്ത ആ ശീലത്തിലാണ് ഇത്തവണയും ഒരിത്തിരി വേഗത്തിൽ പ്രതീക്ഷിതസ്ഥാനാർത്ഥി വർണ്ണന തുടങ്ങിയത്.
അധികാരത്തിന്റെ ഏതെങ്കിലും മൂലകളിലെങ്കിലും ചെല്ലാൻ സാധ്യതയുള്ള ആരുടെയും അപദാനങ്ങൾ പാടുന്ന ഭക്തകവികളുടേയും PR മാനേജർമാരുടെയും സംഘത്തെ സ്ഥിരം നിലയാംഗങ്ങളായി നിലനിർത്തിയിരിക്കുന്ന ഒരു നേതൃത്വത്തിന് ഇതൊക്കെ അത്ര പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ല. ഇത്രയൊക്കെയുണ്ടായിട്ടും ടി സെക്രട്ടേറിയറ്റ് അംഗം രണ്ടാം തവണ തെരഞ്ഞെടുക്കപ്പെടാൻ തോന്നിപ്പിക്കാത്തവിധത്തിൽ ജനങ്ങളെ വെറുപ്പിച്ചുകളഞ്ഞു എന്നത് വേറെ കഥ.
ഇടതുമുന്നണി സ്ഥാനാർത്ഥി ഒരു ഡോക്ടറായത് നല്ലതോ ചീത്തയോ ആയ കാര്യമല്ല. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ രാഷ്ട്രീയ,തെരഞ്ഞെടുപ്പ് രംഗത്തുണ്ടാകുന്നത് നല്ല കാര്യമാണ്. എന്നാൽ അത്തരത്തിലൊരു പ്രാതിനിധ്യം ജനങ്ങളുടെ പങ്കാളിത്തം നിരന്തരമായുണ്ടാകാൻ കഴിയുന്നൊരു രാഷ്ട്രീയമണ്ഡലത്തിലാണ് ഉണ്ടാകേണ്ടത്. അത്തരത്തിലൊരു രാഷ്ട്രീയപങ്കാളിത്തം ജനങ്ങൾക്കില്ലാത്തൊരിടത്ത് മറ്റൊരു സ്ഥാനാർത്ഥി എന്നതിൽക്കവിഞ്ഞു അതിനു മറ്റു വിശേഷങ്ങളൊന്നുമില്ല.
ജാതി, മത സമവാക്യങ്ങൾ നോക്കിയാണ് ഇരുമുന്നണികളും മിക്കപ്പോഴും സ്ഥാനാർത്ഥികളെ നിർത്താറുള്ളത്. ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ സ്ഥാനാർത്ഥിത്വത്തിനും അക്കാര്യത്തിൽ നിഗൂഢതയൊന്നുമില്ല. നേരിട്ട് കർദിനാൾ വിളിച്ചുപറഞ്ഞായിരിക്കില്ല സ്ഥാനാർത്ഥിയെ നിർണ്ണയിച്ചത് എന്നിരിക്കിലും അയാളെ നിർത്തിയതിന്റെ മാനദണ്ഡങ്ങളിലൊന്ന് അതാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
മറ്റുള്ളവർക്കും അല്പസ്വല്പം വിവേചനബുദ്ധിയുണ്ടെന്ന് പാർടി നേതൃത്വം അംഗീകരിച്ചാൽ തീരാവുന്ന തർക്കമേ ഇക്കാര്യത്തിലുള്ളു. യാദൃശ്ചികതകളുടേയും ഔചിത്യത്തിന്റെയും അയ്യരുകളിയായിരുന്നു ലിസി ആശുപത്രിയിലെ സ്ഥാനാർത്ഥിയുടെ വാർത്താസമ്മേളനം എന്നത് ഒരു തമാശയായി അങ്ങനെ നിൽക്കട്ടെ. ലുലു മാളിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി തെരഞ്ഞെടുപ്പിന് നിൽക്കുമ്പോൾ (തൊഴിലാളി സ്ഥാനാർത്ഥി!!! ) മുതലാളി തൊട്ടപ്പുറത്തിരുന്നു വാർത്താസമ്മേളനം നടത്തുന്നതിൽ ഭാവിയിൽ നിങ്ങൾക്ക് അനൗചിത്യം തോന്നരുത്.
സ്ഥാനാർത്ഥി സി പി എം ആണെങ്കിലും കത്തോലിക്കാ സഭയുടെ പിന്തുണയുണ്ടെന്ന് സകല പ്രതീകാത്മകതകളോടും കൂടി വരുത്തിത്തീർക്കുന്നതിലും ആരും ഒരു തെറ്റും പറയരുത് എന്നാഗ്രഹിക്കാൻ പാർട്ടി നേതൃത്വത്തിന് അവകാശമുണ്ട്. എന്നാൽ തൊമ്മികൾ ചുറ്റും നിന്ന് തിരുവാതിര കളിക്കുന്ന സമ്മേളനമൈതാനമല്ലല്ലോ പൊതുസമൂഹം.
ക്രൈസ്തവ യുവത കുടിക്കുന്ന കയ്പുനീരിനെക്കുറിച്ചു വിലപിക്കുന്ന ഒരു വിലാപപ്രബന്ധം ഇടതുമുന്നണി സ്ഥാനാർത്ഥി എഴുതിയതായി കാണുന്നുണ്ട്. ക്രൈസ്തവ യുവാക്കളേ, യുവതികളെ ഉത്തിഷ്ഠതാ ജാഗ്രത എന്നാണ് കാതൽ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ കൃസ്ത്യാനി യുവതീയുവാക്കൾക്ക് സവിശേഷമായി ദുരിതങ്ങളുണ്ടെന്നും അതിനു അജപാലനപരിഹാരങ്ങൾ വേണമെന്നും കരുതുന്ന ഒരാൾ കമ്മ്യൂണിസ്റ്റുകാരനാണ് എന്നൊഴികെ എന്തും പറഞ്ഞോളൂ.
അരാഷ്ട്രീയത പോലെ നിരീശ്വരവാദവും പെട്ടന്ന് വേരുപിടിക്കും എന്നദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ കേരളത്തിലെ കൃസ്ത്യാനി യുവത്വം ഇതിന്റെ പിടിയിലകപ്പെട്ടിട്ടില്ല എന്നദ്ദേഹം ആശ്വാസം കൊള്ളുന്നു. പഴയ ക്രൈസ്തവ മേൽക്കോയ്മ നഷ്ടമാകുകയാണ് എന്ന മുന്നറിയിപ്പും സി പി ഐ (എം) അംഗമാണ് ഇന്നിപ്പോൾ ചിലരൊക്കെപ്പറയുന്ന ടിയാൻ നൽകുന്നുണ്ട്.
കേരളത്തിൽ നിന്നും മറ്റു രാജ്യങ്ങളിൽ പോകുന്ന നഴ്‌സുമാരെ നമ്മൾ മലയാളി നഴ്‌സുമാർ എന്ന് വിളിക്കുമ്പോൾ ഡോക്ടർ ജോ ജോസഫിന് അവർ “ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പറന്നുപോയ നമ്മുടെ കൊച്ചുമാലാഖമാർ ” ആണ്. കൃസ്ത്യാനി ഡോക്ടർ-കൃസ്ത്യാനി നഴ്സ്-നമ്മുടെ മാലാഖക്കൂട്ടം. ടിയാൻ കടുത്ത പുരോഗമനവാദിയാണെന്ന് നമ്മളൊക്കെ അംഗീകരിക്കണമെന്ന അദ്ദേഹത്തിന്റെ പ്രായോജക സഭയ്ക്ക് വാശിപിടിക്കാം, നമുക്കല്പം ബുദ്ധിമുട്ടുണ്ട് എന്നുമാത്രം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്രൈസ്തവ യുവാക്കളുടെ പങ്കാളിത്തം കുറയുന്നു എന്ന് ആകുലപ്പെടുന്ന ജോ ജോസഫ് അവിടം കൊണ്ട് നിർത്തുന്നില്ല, …”ഇന്ത്യയുടെ ഭരണ ചക്രത്തെ നിയന്ത്രിക്കുന്ന സിവിൽ സർവീസ് സർവീസിലേക്കും ഇത്രമാത്രം വിദ്യാഭ്യാസ ഉന്നതിയിൽ നിൽക്കുന്ന ഒരു സമൂഹത്തിൽ നിന്നും ഉണ്ടാകേണ്ട പ്രാതിനിധ്യം ഉണ്ടായിട്ടില്ല.
എന്തിനധികം കേരള സർവീസുകളിൽ പോലും ക്രൈസ്തവ യുവത്വത്തിന്റെ പ്രാതിനിധ്യം ഗണ്യമായി കുറയപ്പെടുന്നു”, എന്ന വലിയ പ്രശ്നവും ഉന്നയിക്കുന്നു. കൃസ്ത്യാനി സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരും അനധ്യാപകരുമായി എത്ര ദളിത് കൃസ്ത്യാനികളുണ്ട് എന്നെങ്കിലും ഒന്നു പാളിനോക്കിയെങ്കിൽ എന്ന് നമുക്ക് തോന്നിയിട്ട് കാര്യമില്ല.
പാർടി മെമ്പറായ ഡോക്ടറുടെ ആശങ്ക പക്ഷെ ഇന്ത്യയുടെ ഭരണചക്രം നസ്രാണി യുവാക്കൾ തിരിക്കാത്തതാണ്. ഒരു പ്രത്യേക ഹൃദയവേദനയാണിത്. ക്രൈസ്തവ സമൂഹത്തെക്കുറിച്ചുള്ള തന്റെ വേദനകൾ അവിടംകൊണ്ടൊന്നും ജോ ജോസഫ് നിർത്തുന്നില്ല, അദ്ദേഹം തുടരുന്നു, “ഈ സമൂഹം നേരിടുന്ന മറ്റൊരു പ്രതിസന്ധി ആണ് രാഷ്ട്രീയമേഖലയിൽ ദിനംപ്രതി നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇടം.” അതായത് കൃസ്ത്യാനികൾക്ക് ഒരു മതവിഭാഗം എന്ന നിലയിൽ രാഷ്ട്രീയത്തിൽ കൃത്യമായ അധികാരവും ഇടവും വേണമെന്നാണ് മതേതര, ജനാധിപത്യ, തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കുന്ന ഡോക്ടറുടെ ആവശ്യം.
കൊള്ളാമല്ലേ! ഇനിയാണ് കേരളത്തിലെ കൃസ്ത്യാനി സഭകളുടെ നിഷ്ക്കളങ്ക ചരിത്രവും കപടലോകത്തിൽ ആത്മാർത്ഥമായൊരു നസ്രാണി ഹൃദയമുണ്ടായതാണെൻ പരാജയം എന്ന ആത്മരോഷവും ജോ ജോസഫ് പുറപ്പെടുവിക്കുന്നത്, ” മറ്റു സമുദായങ്ങൾ കുശാഗ്രബുദ്ധിയോടെയും ചടുലമായും, ചിലപ്പോഴെങ്കിലും അധാർമികമായും രാഷ്ട്രീയ മണ്ഡലത്തിൽ ഇടപെട്ട് തങ്ങളുടെ നില ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും മെച്ചപ്പെടുത്തി. അപ്പോഴും നമ്മൾ ധാർമികതയും, രാഷ്ട്രീയ സദാചാരവും കടതിണ്ണകളിൽ അയവിറക്കിക്കൊണ്ട് വർത്തമാനം തുടർന്നു.
ഒലിച്ചു പോയതോ_ സമൂഹത്തിൽ മൂല്യപരമായി ഇടപെടാനുള്ള നമ്മുടെ കഴിവും. ” കേരളത്തിലെ മറ്റു സമുദായങ്ങൾ കുശാഗ്രബുദ്ധിയോടെയും “അധാർമ്മികമായും” രാഷ്ട്രീയത്തിൽ ഇടപെട്ടുവെന്ന്. അപ്പോഴൊക്കെ കൃസ്ത്യാനികൾ/നസ്രാണി സഭകൾ രാഷ്ട്രീയ സദാചാരവും ധാർമ്മികതയും അയവിറക്കി കഴിഞ്ഞെന്ന്! ഹിന്ദു ഉണരണം, മുസ്ലീങ്ങൾ എല്ലാം കൊണ്ടുപോകുന്നു എന്ന വർത്തമാനത്തിന്റെ നസ്രാണിപതിപ്പാണിത്.
ഒന്നാലോചിച്ചുനോക്കൂ, മറ്റു സമുദായങ്ങൾ അധാർമ്മികമായി തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയപ്പോൾ കൃസ്ത്യാനികൾ ധാർമ്മികത അയവിറക്കിയിരുന്നെന്ന്! ഒന്ന് [പൊട്ടിക്കരയാൻ തോന്നുന്നില്ലേ നിങ്ങൾക്കിപ്പോൾ! നസ്രാണി സഭകൾ കേരള രാഷ്ട്രീയത്തിൽ പേറിയ ധാർമ്മികതയുടെ കുരിശുകൾ !
തീർന്നില്ല, ഡോക്ടർ ജോ ജോസഫ് കൃസ്ത്യാനികൾക്ക് തങ്ങളുടെ കൃസ്ത്യൻ സ്വത്വം വീണ്ടെടുക്കാനുള്ള ആവേശം പകരുന്നു, “കുഞ്ഞാടുകൾ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും, സാമൂഹികപരമായും, രാഷ്ട്രീയപരമായും, ചെന്നായ്കളാൽ വേട്ടയാടപ്പെടുന്നതിനുമുമ്പ് അവരെ ഒരുമിച്ചു കൂട്ടിയാൽ യൂറോപ്പിൽ സംഭവിക്കുന്നതുപോലെ പള്ളികൾ സംഗീതനിശകൾക്കുള്ള വേദിയായി മാറാതിരിക്കും.” ഏത് ചെന്നായ്ക്കളാണ് കേരളത്തിൽ കുഞ്ഞാടുകളെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക-പരമായി വേട്ടയാടാൻ നിൽക്കുന്നത്? അതിനുള്ള എന്ത് സാധ്യതയാണ് കേരളത്തിൽ ഡോ. ജോ ജോസഫ് കാണുന്നത്? ഒരു സി പി എം അംഗം എന്ന നിലയ്ക്ക് ഇതൊക്കെയാണോ അയാളാ പാർട്ടിയുടെ രേഖകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും പഠിച്ചത്? കൃസ്ത്യൻ പള്ളികൾ സംഗീത നിശകൾക്കുള്ള വേദിയായ യൂറോപ്പിനെ ഇരുണ്ട മധ്യകാലത്തിൽ നിന്നും പുറത്തുകടന്ന യൂറോപ്പെന്നാണ് വിളിക്കുന്നത്.
ഡോ. ജോ ജോസഫിന് വേണ്ടത് കൃസ്ത്യൻ പള്ളികളും അജഗണങ്ങളും രാഷ്ട്രീയത്തിൽ അവരുടെ ആധിപത്യവുമുള്ള നാടാണ്. കേരളത്തിൽ പച്ചയായ വർഗീയ നിലപാടുകളുടെ പേരിൽ മതേതര സമൂഹം തിരിച്ചറിഞ്ഞ കൃസ്ത്യാനി സഭ നാനാവിധ വിമര്ശനങ്ങൾക്കിടയിൽ നിൽക്കുമ്പോൾ ഇടതുമുന്നണിയും സി പി എമ്മും അതിന്റെ വ്യാപകമായ പ്രചാരണസംവിധാനങ്ങളുപയോഗിച്ചുകൊണ്ട് കൃസ്ത്യൻ സഭയെ തൈലലേപനം നടത്തുകയാണ്.
വാസ്തവത്തിൽ ജോ ജോസഫിനു ഭയപ്പെടാനില്ല. നസ്രാണി സഭകളുടെ “രാഷ്ട്രീയ ഇടം” എങ്ങോട്ടും പോയിട്ടില്ല. സഭയ്ക്ക് സ്വന്തമായി എം പിയും മന്ത്രിയും വരെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട് ഇടതുമുന്നണിപോലും. അത്രയും മിടുക്കൊന്നും കേരളത്തിൽ മറ്റു സമുദായങ്ങൾക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഒരിക്കലും ജയിക്കാത്ത മനുഷ്യർ വോട്ടുചെയ്തുകൊണ്ടേയിരിക്കുന്ന പ്രക്രിയക്കാണ് നമ്മൾ ഏറെക്കാലമായി ജനാധിപത്യം എന്നുവിളിക്കുന്നത്.
ഡോ ജോ ജോസഫ് സി പി എം അംഗം എന്ന നിലയ്ക്ക് ഇതൊക്കെയാണോ പാർട്ടി രേഖകളിൽ നിന്നും പഠിച്ചത്?
- Design
Comments are closed.