എഴുപതാം വയസ്സില് പത്താം തരം തുല്യത പാസ്സായി വത്സലയമ്മൂമ്മ
എഴുപതാം വയസിൽ പത്താം തരം തുല്യത പരീക്ഷ പാസായ പൊയ്യ ഗ്രാമ പഞ്ചായത്ത് സി ഡി എസ് വൈസ് ചെയർപേഴ്സൺ നാടിന് അഭിമാനമാകുന്നു. ആർ കെ എൽ എസ് പലിശ സബ്സിഡി വിതരണ ചടങ്ങിൽ പഞ്ചായത്തിന്റെ ആദരം വത്സല ഏറ്റുവാങ്ങി. ആറു പേരെഴുതിയ തുല്യത പരീക്ഷയിൽ നേട്ടം കൈവരിച്ച പഞ്ചായത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി എന്ന സ്ഥാനപ്പേരോടെയാണ് വത്സലയുടെ ഈ വിജയം.
രണ്ട് എ ഗ്രേഡും മൂന്നു ബി പ്ലസും രണ്ട് വീതം ബി യും, സി പ്ലസുമാണ് ഗ്രേഡ് നില. ഒൻപത് വർഷമായി പഞ്ചായത്തിലെ സി ഡി എസ് ചെയർപേഴ്സൺ സ്ഥാനത്ത് പ്രവർത്തിക്കുന്ന ആളാണ് വത്സല. പൊതു രംഗത്ത് നിൽക്കുന്ന ആളാണെങ്കിലും വിദ്യാഭ്യാസമില്ലാത്തതിന്റെ ബുദ്ധിമുട്ട് തന്നെ വേട്ടയാടാൻ തുടങ്ങിയപ്പോഴാണ് ആറാം ക്ലാസ്സിൽ മുടങ്ങിയ പഠനം വീണ്ടും തുടരണമെന്ന ആഗ്രഹം വത്സലയുടെ മനസ്സിലുദിക്കുന്നത്. അങ്ങനെ 2017ൽ ഏഴാം ക്ലാസ്സ് തുല്യത പരീക്ഷ എഴുതി പാസായി. പിന്നീട് പത്താം ക്ലാസ്സ് തുല്യത ക്ലാസ്സിൽ ചേരുകയായിരുന്നു.
ഞായറാഴ്ചയടക്കമുള്ള ഒഴിവ് ദിവസങ്ങളിലായിരുന്നു ക്ലാസ്സ്. രാവിലെ 9.30 മുതൽ 4 വരെയാണ് സമയം. സാമൂഹ്യ ശാസ്ത്രവും ശാസ്ത്ര വിഷയങ്ങളും മലയാളവുമായിരുന്നു ഇഷ്ടവിഷയങ്ങൾ. ഹിന്ദിയും ഇംഗ്ലീഷും പഠിച്ചെടുക്കാൻ നന്നേ ബുദ്ധിമുട്ടി. ചാലക്കുടി ഗേൾസ് സ്കൂളിലായിരുന്നു പരീക്ഷ. 16 വർഷമായി ഭർത്താവ് രാമകൃഷ്ണൻ വത്സലയെയും മൂന്നു മക്കളടങ്ങുന്ന കുടുംബത്തെയും വിട്ടു പോയിട്ട്.
അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള ദുഃഖം ഉള്ളിലൊതുക്കുമ്പോഴും ജനങ്ങൾക്കിടയിലേക്ക് ചിരിച്ച മുഖവുമായി ഇറങ്ങിച്ചെന്ന് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാനാണ് ഈ പൂപ്പത്തി സ്വദേശിക്കിഷ്ടം. എറണാകുളം ജില്ലയിലെ പുതിയകാവ് യു പി സ്കൂളിൽ നിർത്തിയ തന്റെ പഠനം കല്യാണത്തിന് ശേഷം ഭർത്തൃ നാട്ടിലെത്തി ആരംഭിച്ച് മികച്ച മാതൃകയാവുകയാണ് വത്സല എന്ന എഴുപതുകാരി.
Comments are closed.