News in its shortest

സംസ്ഥാന സഹകരണ ബാങ്ക്  സഹകരണ മേഖലയെ ശക്തിപ്പെടുത്തും: മന്ത്രി ഏ സി മൊയ്തീന്‍

സഹകരണ മേഖലയിലെ സംസ്ഥാന ബാങ്ക് അടുത്ത വര്‍ഷത്തോടെ നിലവില്‍ വരുമ്പോള്‍ കേരളത്തിന്റെ സഹകരണമേഖലയെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വ്യവസായ വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. കൊരട്ടി സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടത്തില്‍ ആധുനികത രീതിയില്‍ സജ്ജീകരിച്ച ഹൈടെക്ക് ലാബും ഒപ്പ്റ്റിക്കല്‍ ഷോപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുറഞ്ഞ ചിലവില്‍ ലാബ് ടെസ്റ്റുകളും കണ്ണടയും നല്‍കുക എന്നതാണ് നീതി ഹൈടെക് ലാബിന്റെയും നീതി ഒപ്പ്റ്റിക്കല്‍സിന്റെയും ലക്ഷ്യം.

സഹകരണമേഖലയെ ത്രിതല സംവിധാനത്തില്‍ നിന്നും ദ്വിതല സംവിധാനത്തിലേക്ക് മാറ്റുമ്പോഴും തൊഴിലാളികളെ പരിഗണിച്ചുകൊണ്ട് മാത്രമേ ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുകയുളളൂ എന്നും മന്ത്രി പറഞ്ഞു. നിക്ഷേപവും സമാഹരണ സമ്പദ്ഘടനയുളളതുകൊണ്ട് മറ്റുളള സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായി സഹകരണ ബാങ്കുകള്‍ മാറിയിട്ടുണ്ട്. 140000 കോടി രൂപയുടെ നിക്ഷേപം സഹകരണമേഖലക്ക് ഇന്നുണ്ട്. കേരളീയ സമ്പദ് ഘടനയില്‍ തന്നെ പ്രധാനപ്പെട്ട സേവനങ്ങളാണ് സഹകരണമേഖല അനുഷ്ഠിക്കുന്നത്. സഹകരണമേഖലയില്‍ ജില്ലാ ബാങ്കുകള്‍ ഇല്ലാതാകുന്നതോടെ പലിശയുടെ കാര്യത്തില്‍ രണ്ട് ശതമാനം എങ്കിലും കുറവ് വരികയും കര്‍ഷകര്‍ക്ക് ചുരുങ്ങിയ പലിശക്ക് വായ്പ നല്‍കാനും സാധിക്കും.


കഴിഞ്ഞ 30 വര്‍ഷമായി പുരോഗതിയില്‍ നീങ്ങുന്ന കൊരട്ടി സഹകരണ ബാങ്ക് കൊരട്ടി പഞ്ചായത്തിലെ സമസ്ത മേഖലകളിലും ഇടപെടുന്ന പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. ഇതിനു നേതൃത്വം വഹിച്ച ബാങ്ക് പ്രസിഡണ്ട് വി ഒ ലോനപ്പന്‍ മാസ്റ്ററെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
2016 ല്‍ 131 കോടി രൂപ നഷ്ടത്തില്‍ നീങ്ങിയിരുന്ന പൊതുമേഖലസ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക കണക്കെടുത്തപ്പോള്‍ 34 കോടി രൂപ ലാഭത്തിലേക്കെത്തിക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

എം എല്‍ എ ബി.ഡി.ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് വി ഒ ലോനപ്പന്‍ മാസ്റ്റര്‍, ബാങ്ക് സെക്രട്ടറി എന്‍ ജി സനില്‍കുമാര്‍, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി ബാലന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ടി കെ സതീഷ് കുമാര്‍, ബാങ്ക് വൈസ് പ്രസിഡണ്ട് കുമാരി വിജയന്‍, ബോര്‍ഡ് അംഗം കെ പി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ ആര്‍ സുമേഷ്, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം കെ അനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എ ഗ്രേസി, ഗ്രാമപഞ്ചായത്ത് അംഗം ഗ്രേസി ബാബു, ബോര്‍ഡ് അംഗം പി സി ബിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കായി കൊരട്ടി സഹകരണ ബാങ്കില്‍ നിന്നും 2 ലക്ഷം രൂപയുടെ ചെക്ക്, ബാങ്ക് പ്രസിഡണ്ട് മന്ത്രിക്കു കൈമാറി. കാടുകുറ്റി സര്‍വീസ് സഹകരണ ബാങ്കിനു വേണ്ടി ബാങ്ക് പ്രസിഡണ്ട് സതീഷ്‌കുമാര്‍ എം ജി യും മേലൂര്‍ സര്‍വീസ് സഹകരണ ബാങ്കിനു വേണ്ടി ബാങ്ക് പ്രസിഡണ്ട് ഭാസ്‌ക്കരന്‍ മാസ്റ്ററും ഓരോ ലക്ഷം രൂപയുടെ ചെക്കും മന്ത്രിക്ക് കൈമാറി.

Comments are closed.