കായികക്ഷമതാ മിഷന്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി ഏ സി മൊയ്തീന്‍
കായികക്ഷമതാ മിഷന്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കായിക വകുപ്പു മന്ത്രി മന്ത്രി ഏ സി മൊയ്തീന്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് ആയൂര്‍വേദ റിസര്‍ച്ച് സെല്‍ (എസ് എ ആര്‍ സി) തൃശൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആയുര്‍ സ്‌പോര്‍ട്‌സ് 2018 ഏകദിന ശില്പശാല ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌പോര്‍ട്‌സ്-ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ തുടങ്ങിയവ ഏകോപിപ്പിച്ചു കൊണ്ടാണ് കായിക രംഗത്ത് മിഷന്‍ പ്രവര്‍ത്തിക്കുക. ഈ വകുപ്പുകളുടെ ഏകോപനത്തോടെ യോഗയും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ അടിസ്ഥാനപരമായി ആരോഗ്യത്തിലും കായിക ക്ഷമതയിലും കരുത്താര്‍ജ്ജിക്കാന്‍ കഴിഞ്ഞാല്‍ സ്‌പോര്‍ട്‌സില്‍ വലിയ മുന്നേറ്റുമുണ്ടാക്കാന്‍ കഴിയും. പൊതുകളി സ്ഥലങ്ങളും മറ്റും നഷ്ടമായിട്ടുണ്ടെങ്കിലും കായികാദ്ധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി കുട്ടികളെ ഈ രംഗത്തേക്ക് വളര്‍ത്താനാവും. കുട്ടികളുടെ പഠിപ്പില്‍ മാത്രമല്ല കുട്ടികളുടെ കായിക ക്ഷമതയിലും മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ രീതിയില്‍ സംസ്ഥാനത്തിന് ആവശ്യമായ കായികനയം രൂപപ്പെടുത്താന്‍ സ്‌പോര്‍ട്‌സ് താരങ്ങളെ വിളിച്ച് യോഗം ചേര്‍ത്തു. കൂടാതെ കായികാദ്ധ്യാപകരെയും സ്‌പോര്‍ട്‌സ് ലേഖകരേയും വിളിച്ച് ചേര്‍ത്ത് ഇവയെക്കുറിച്ചാലോചിച്ച് കായിക നയം രൂപപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. നീന്തല്‍ കോംപ്ലക്‌സ് സംരക്ഷിച്ച് നീന്തലിന് പ്രചാരം നല്‍കാന്‍ കമ്പനി രൂപീകരിക്കും. സ്‌പോര്‍ട്‌സ് താരങ്ങളെ യുള്‍പ്പെടെയുളളവരെ ഉള്‍പ്പെടുത്തിയാണ് കമ്പനിക്ക് രൂപം നല്‍കുക. ദേശീയ ഗെയിംസില്‍ വെള്ളി മെഡലുള്‍പ്പെടെ കരസ്ഥമാക്കിയവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കാന്‍ ഫെബ്രുവരി 20 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെും അദ്ദേഹം പറഞ്ഞു.
ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെടുത്തി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഫണ്ടും ചേര്‍ത്ത് കായിക താരങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കും. കായിക താരങ്ങള്‍ക്ക് പി എസ് സി വഴി ഒരു ശതമാനം തൊഴില്‍ നല്‍കും. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ നവീകരിക്കും. ഓപ്പറേഷന്‍ ഒളിമ്പ്യയുടെ ഭാഗമായി 2024 ല്‍ ഒളിമ്പിക്‌സ് മെഡല്‍ നേടുതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 കോടി രൂപ സ്‌പോര്‍ട്‌സിന് വക കൊളളിച്ചിട്ടുണ്ട്. ഇതില്‍ 256 കോടി രൂപയ്ക്ക് അംഗീകാരമായതായും അദ്ദേഹം അറിയിച്ചു.
തൃശൂര്‍ക്കാരുടെ സ്‌പോര്‍ട്‌സ് സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് ലാലൂരില്‍ 60 കോടി രൂപയുടെ സ്‌പോര്‍ട്‌സ് കോപ്ലക്‌സും യാഥാര്‍ത്ഥ്യമാക്കും. ഇതിലൂടെയെല്ലാം സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് ഭാവി കേരളത്തിന്റെ ആരോഗ്യ സംരക്ഷണമാണ്. ഇതിനെ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല. സ്‌പോര്‍ട്‌സിന്റെ ശത്രുക്കള്‍ സ്‌പോര്‍ട്‌സ് മേഖലയിലുളളവര്‍ തന്നെയാണ്. സ്വന്തം ആളുകളെ കൊണ്ടുവരാനുളള ശ്രമങ്ങളൊന്നും ഇനി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന്‍, സബ് കളക്ടര്‍ ഡോ. രേണുരാജ് എന്നിവര്‍ മുഖ്യാതിഥിയായി. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇന്റര്‍നാഷണലും കോച്ചുമായ വിക്ടര്‍ മഞ്ഞില വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, സായ് സീനിയര്‍ ഹോക്കി കോച്ച് പി ആര്‍ രവീന്ദ്രകുമാര്‍, എസ് എ ആര്‍ സി നോര്‍ത്ത് സോ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍ വി ശ്രീവത്സ്, ഡോ. എം ജി ശ്യാമള തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. എസ് എ ആര്‍ സി തൃശൂര്‍ യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീബ മൊയ്തീന്‍ പദ്ധതി വിശദീകരണം നടത്തി. ഐ എസ് എം ഡി.എം.ഒ ഡോ. ഷീല കാറളം സ്വാഗതവും പ്രോഗ്രാം കവീനര്‍ ഡോ. കെ സുജിത് നന്ദിയും പറഞ്ഞു. വിക്ടര്‍ മഞ്ഞിലയേയും ജില്ലയിലെ മികവു തെളിയിച്ച കായിക താരങ്ങളേയും പരിശീലകരേയും കായിക വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ ഫലകം നല്‍കി ആദരിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ സ്‌കൂള്‍ കായികാധ്യാപകര്‍ക്കും പരിശീലകര്‍ക്കുമായി ക്ലാസ്സുകള്‍ നടത്തി.
Comments are closed.