സ്പൈസ് ജെറ്റ് തീപിടിത്തം: ഉത്തരം കിട്ടേണ്ടതും എന്നാല്‍ ആര്‍ക്കും അറിയേണ്ടതില്ലാത്തതുമായ ചോദ്യങ്ങള്‍
സ്പൈസ്ജെറ്റ് വിമാനത്തിന്റെ ഇന്നലത്തെ എന്ജിന് തീപിടിത്തവും തിരിച്ചിറക്കലും ദേശീയചാനലുകള്‍ വന്‍ ആഘോഷമാക്കിയെങ്കിലും, കൃത്യമായി ചോദിക്കുകയും തുടര്‍അന്വേഷണം നടത്തുകയും ചെയ്യേണ്ടിയിരുന്ന ഒരു കാര്യം എല്ലാവരും പതിവു പോലെ അവഗണിച്ചു.
പട്ന രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പറന്നുയര്‍ന്ന ബോയിങ് 737-800 വിമാനത്തിന്റെ ഒന്നാം നമ്പര്‍ എന്ജിന് (ഇടത്തേ എന്ജിന്) വിമാനം ടേക്കോഫ് ചെയ്യുമ്പോള്‍ തന്നെ തീപിടിച്ചതിനു കാരണം, സ്പൈസ്ജെറ്റ് എല്ലാവരോടും പറഞ്ഞതുപോലെ, പക്ഷി ഇടിച്ചതു തന്നെയാണോ?
സ്പൈസ്ജെറ്റിന്റെ ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ചീഫ്, ക്യാപ്റ്റന്‍ ഗുര്‍ചരണ്‍ അറോറ, പക്ഷി ഇടിച്ചുവെന്നുറപ്പാണെന്നതിനു തെളിവായി എന്‍ഡിടിവിയോടു പറഞ്ഞത് രണ്ടു കാര്യങ്ങളാണ്.
1. വിമാനം ടേക്കോഫ് ചെയ്യുമ്പോള്‍ എന്തോ ഇടിച്ചതു പോലെയുള്ള ശബ്ദം ഇടതുവശത്തു നിന്ന് അവര്‍ കേട്ടു (ആരാണ് ഈ അവര്‍ എന്നു വ്യക്തമല്ല). പറന്നുയര്‍ന്നു കഴിഞ്ഞ്, എടിസിയില്‍ നിന്ന് പൈലറ്റുമാരെ വിളിച്ചു പറഞ്ഞു- നിങ്ങളുടെ വിമാനത്തിന്റെ എന്‍ജിനില്‍ നിന്ന് തീയും പുകയും വരുന്നുണ്ട്.
2. നേരത്തേ കേട്ട ശബ്ദം, ഇപ്പോള്‍ ഈ തീയും പുകയും. സംഭവം പക്ഷി ഇടിച്ചതു തന്നെ എന്നു തന്നെ കരുതി വിമാനം തിരികെ ഇറക്കി എന്ജിന് പരിശോധിച്ചപ്പോള്‍ മൂന്ന് ഫാന്‍ ബ്ലേഡുകള് ഒടിഞ്ഞതായും കണ്ടു.
വന്നിടിച്ച പക്ഷിയുടെ എന്തെങ്കിലും അവശിഷ്ടം, ചോരക്കറ, തൂവല്‍ എന്തെങ്കിലും എന്‍ജിനില്‍ കണ്ടോ?
എന്ജിന് അഴിച്ചു പെറുക്കി നോക്കിയപ്പോഴെങ്കിലും ഏതെങ്കിലും ജീവിയുടെ കരിഞ്ഞതാണെങ്കിലും എന്തെങ്കിലും അവശിഷ്ടം കിട്ടിയോ?
ആരും ചോദിച്ചിട്ടില്ല, ആര്‍ക്കും അറിയുകയും വേണ്ട.
ഇടതു വശത്തു നിന്നു കേട്ട ശബ്ദം, എന്‍ജിനിലെ തീപിടത്തം, ഒടിഞ്ഞ ബ്ലേഡുകള്- ഇത്രയും പോരേ, പക്ഷി ഇടിച്ചതിനു തെളിവായി എന്നു ചോദിച്ചാല്‍, പോര എന്നു തന്നെയാണ് ഉത്തരം. കാരണം, ഇക്കാര്യങ്ങളൊക്കെ, മറ്റുകാരണങ്ങളാല്‍, ടേക്കോഫില്‍ എന്ജിന് ബ്ലേഡ് ഒടിഞ്ഞാലും ഉണ്ടാകും.
വന്‍വേഗത്തില്‍ കറങ്ങുന്നതിനിടയില്‍ ടര്ബോഫാനിലെ മൂന്നു ബ്ലേഡുകള് ഒടിഞ്ഞാല്‍ ശബ്ദം തീര്‍ച്ചയായും ഉണ്ടാകും. തീപിടിത്തവും പുകയും ഉണ്ടാകാം. തിരിച്ചിറങ്ങി പരിശോധിക്കുമ്പോള്‍ ബ്ലേഡുകള് ഒടിഞ്ഞതായി കാണുകയും ചെയ്യും.
ഇനി, ഇന്നലത്തെ സംഭവത്തിലുള്‍പ്പെട്ട സിഎഫ്എം56 എന്ന ഇനത്തില്‍പ്പെട്ട എന്ജിന് ബ്ലേഡുകള് ടേക്കോഫിലും പറക്കലിലും ഒക്കെ ഒടിഞ്ഞ അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗൂഗിളിനോട് വെറുതെയൊന്നു ചോദിച്ചാല്‍ പറഞ്ഞുതരും.
ഇങ്ങിനെ എന്‍ജിനുകള്‍ക്ക് കുഴപ്പമുണ്ടാകുന്നതിനുള്ള കാരണങ്ങളും അനേകമുണ്ട്. അതിലേറ്റവും ശ്രദ്ധിക്കേണ്ടിയ കാര്യം കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതു മൂലം എൻജിന് ഘടകഭാഗങ്ങള്ക്കുണ്ടാകുന്ന കേടുപാടുകളാണ്. എന്ജിന് അധികം ചൂടാകുന്നതും ലൂബ്രിക്കന്റുകള്‍ ആവശ്യത്തിനില്ലാത്തതും എന്‍ജിനില്‍ ഇന്ധനം കത്തുന്നതിലുണ്ടാകാവുന്ന പാകപ്പിഴകളും. അറ്റകുറ്റപ്പണികള്‍ക്കു ശേഷം ഘടകഭാഗങ്ങള്‍ തിരികെ ഫിറ്റു ചെയ്യുന്നതിലുണ്ടാകാവുന്ന പിഴവുകളും കുഴപ്പമുണ്ടാക്കാം. പലതരം കാലാവസ്ഥകളില്‍ ലോഹഭാഗങ്ങള്ക്കുണ്ടാകാവുന്ന ദ്രവീകരണവും അപകടമുണ്ടാക്കാം. എന്ജിന് ബ്ലേഡുകള് ഒടിയുന്നതിന് ഇത്തരത്തിലുള്ള ഡസന്‍കണക്കിനു കാരണങ്ങളില്‍ ഒന്നു മാത്രമാണ് പക്ഷി ഇടിച്ച് എന്‍ജിനില്‍ കുടുങ്ങുന്നത്.
മറ്റൊരു കാര്യം കൂടി-
ടേക്കോഫ് ചെയ്ത് രണ്ടായിരമടിയില് അല്‍പ്പം കൂടുതല്‍ മാത്രം ഉയരത്തിലെത്തിയ ഒരു വിമാനം എന്‍ജിനില്‍ തീയും പുകയും കണ്ടെന്നതിനാല് ആ എന്ജിന് ഓഫു ചെയ്ത് വീണ്ടും നിലത്തിറക്കുന്നത് ഇത്രയും ആഘോഷിക്കേണ്ട സംഭവമൊന്നുമല്ല. ഒറ്റ എന്‍ജിനില്‍ മണിക്കൂറിലേറെ സമയം പറക്കാന്‍ കഴിയുന്നതാണ് ബോയിങ് 737-800 എന്ന ഈ ഇരട്ട എന്ജിന് വിമാനം. അങ്ങിനെ പറത്താന്‍ അറിയാത്തവര്‍ ആ കോക്പിറ്റില്‍ ഒരിക്കലും ഇരിക്കുകയുമില്ല.
ഹഡ്സണ്‍ നദിയിലെ സംഭവമോ എന്ന് ചോദിക്കേണ്ട- പക്ഷികള്‍ ഇടിച്ച് രണ്ട് എന്‍ജിനുകളും നിശ്ചലമായതായിരുന്നു അവിടെ പ്രശ്നം.
വേറൊരു കാര്യം-
പറക്കല്‍ നിര്‍ത്തേണ്ടി വന്ന ജെറ്റ് എയര്‍വെയ്സിന്റെ പക്കല്‍ നിന്ന് സ്പൈസ്ജെറ്റ് വാങ്ങിയ VT-SYZ എന്ന ഈ വിമാനം (കണ്‍സ്ട്രക്ടഷന്‍ നമ്പര്‍ 34803) നിര്‍മിച്ചത് 2007 ലാണ്. പഴക്കം 15 കൊല്ലം.