കാര്‍ബണ്‍ ബഹിര്‍ഗമനം 2030 ഓടെ പകുതിയാക്കാന്‍ സ്കോഡ
മുംബൈ: സ്കോഡയുടെ വാഹനങ്ങള്‍ പുറംതള്ളുന്ന കാര്‍ബണ്‍ പകുതി കണ്ട് കുറയ്ക്കാന്‍ ഒരുങ്ങി കമ്പനി. കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കുന്നതിനൊപ്പം സ്കോഡയുടെ വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറംതള്ളല്‍ 2030 ഓടെ 2020-ലേതിന്റെ പകുതിയാക്കി കുറയ്ക്കാനാണ് ലക്ഷ്യം.
ത്രിതല വളര്‍ച്ചാ പദ്ധതിയുടെ ഭാഗമായി സ്കോഡ കൂടുതല്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കും. 2026-ഓടെ മൂന്ന് പുതിയ ബാറ്ററി-ഇലക്ട്രിക് മോഡലുകള്‍ വിപണിയിലെത്തിക്കും. ഈ വാഹനങ്ങളെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ 2023 രണ്ടാം പാദത്തില്‍ പുറത്തുവിടും. പുതിയ ബ്രാന്‍ഡ് വ്യക്തിത്വം സൃഷ്ടിക്കാനും സ്കോഡ പദ്ധതിയിടുന്നു. കഴിഞ്ഞ 30 വര്‍ഷത്തെ കോര്‍പറേറ്റ് വ്യക്തിത്വത്തെ ഉടച്ചുവാര്‍ക്കുന്ന പുതിയ ഡിസൈന്‍ ഭാഷ പുതിയ ലോഗോ അടക്കം വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സ്കോഡ അധികൃതര്‍ പറഞ്ഞു.
ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യയെ കമ്പനിയുടെ കയറ്റുമതി ഹബ്ബാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള നെക്സ്റ്റ് ലെവല്‍- സ്കോഡ സ്ട്രാറ്റജി 2030-ന്റെ ഭാഗമാണിത്.
2022-ലെ ദുഷ്കരമായ വിപണി സാഹചര്യങ്ങളിലും ലോകമെമ്പാടും മികച്ച നേട്ടം കൈവരിച്ച സ്കോഡ ഭാവിയെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര തലത്തില്‍ ത്രിതല പ്രവര്‍ത്തനങ്ങളാണ് കമ്പനി ചെക്ക് നഗരമായ മ്ലാഡ ബോല്സ്ലാവില് നടത്തിയ വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
സ്കോഡ ഓട്ടോയുടെ അന്താരാഷ്ട്ര പദ്ധതിയുടെ പ്രാധാന വിപണിയാണ് ഇന്ത്യ. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി 2019 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സ്കോഡ നിലവില്‍ കുഷാഖ്, സ്ലാവിയ എന്നീ രണ്ട് മോഡലുകള്‍ പ്രാദേശികമായി വികസിപിച്ച്, ഉല്‍പ്പാദിപ്പിച്ച് വരികയാണ്. ഈ വാഹനങ്ങള്‍ ഇന്ത്യയില്‍ വാഹന പ്രേമികളുടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. കൂടാതെ, 2021-മായി താരമത്യം ചെയ്യുമ്പോള്‍ കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ച വാഹനങ്ങളുടെ എണ്ണം 2022-ല്‍ 128 ശതമാനം വളര്‍ച്ചയാണ് നേടിയത്. 2022-ല്‍ സ്കോഡയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായിരുന്നു ഇന്ത്യ.
സ്കോഡയുടെ രാജ്യത്തെ ദീര്‍ഘ കാല പദ്ധതിയുടെ ഭാഗമായി പ്രാദേശികവല്‍ക്കരണമാണ് സ്കോഡ ലക്ഷ്യമിടുന്നത്. 95 ശതമാനം പ്രാദേശികവല്‍ക്കരണം പരമാവധി വിപണി സാമീപ്യം ഉറപ്പുവരുത്തുന്നു. ഇതുവരെ ഒരു ബില്ല്യണ്‍ യൂറോയാണ് ഈ മേഖലയില്‍ സ്കോഡ നിക്ഷേപിച്ചത്. അതില്‍ 250 മില്ല്യണ്‍ യൂറോയും ഇന്ത്യയിലെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ്. മിക്ക സാങ്കേതിക വികസനങ്ങളും പ്രാദേശികമായി വികസിപ്പിക്കുന്നു. ദീര്‍ഘ കാല പദ്ധതിയുടെ ഭാഗമായി സ്കോഡ ഫോക്സ് വാഗണുമായി ചേര്‍ന്ന് അഞ്ച് ശതമാനം വിപണി വിഹിതമാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ നിന്നും കൂടുതല്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്തു കൊണ്ട് ഇന്ത്യ 2.0 പദ്ധതിയെ മുന്നോട്ടു നയിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇത് ക്രമേണ സ്കോഡയുടെ ഒരു കയറ്റുമതി ഹബ്ബാക്കി ഇന്ത്യയെ മാറ്റും. 2022 ഒക്ടോബറില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും കുഷാഖ് കയറ്റുമതി ചെയ്തിരുന്നു.
ആസിയാന്‍ മേഖലയിലും കൂടാതെ മധ്യേഷ്യയിലും വികസന പ്രവര്‍ത്തനങ്ങള്‍ സ്കോഡ ലക്ഷ്യമിടുന്നു. ഉക്രെയ്നിലെ യുദ്ധവും വിതരണ ശൃംഖലയിലെ തകര്‍ച്ചയും മൂലമുണ്ടായ തടസ്സങ്ങളെ മറികടന്ന് സ്കോഡ കഴിഞ്ഞ വര്‍ഷം 730,000 വാഹനങ്ങളാണ് ലോകമെമ്പാടും വിറ്റത്. ആസിയാന്‍, മധ്യേഷ്യന്‍ വിപണികളിലൂടെ വരും വര്‍ഷങ്ങള്‍ കൂടുതല്‍ വില്പന കമ്പനി ലക്ഷ്യമിടുന്നു.
Comments are closed.