വിൽപന വളർച്ചയിൽ എല്ലാ റെക്കാഡുകളും ഭേദിച്ച് സ്കോഡ
മുംബൈ: സ്കോഡ ഓട്ടോ ഇന്ത്യ കഴിഞ്ഞ മാസം 6,023 കാറുകൾ വിറ്റു കൊണ്ട് മുൻ റെക്കാഡുകളെയെല്ലാം തിരുത്തി. ഈ വർഷം മാർച്ചിൽ രേഖപ്പെടുത്തിയ 5,152 യൂണിറ്റുകൾ എന്ന റെക്കാഡാണ് ഇപ്പോൾ ഭേദിച്ചിരിക്കുന്നത്. 2021 ജൂണിൽ 734 കാറുകളാണ് വിറ്റതെന്നിരിക്കെ 721 ശതമാനത്തിന്റെ വർധനവാണിപ്പോഴുണ്ടായിരിക്കുന്നത്.
നടപ്പ് വർഷത്തെ ആദ്യ 6 മാസക്കാലയളവിൽ 28,899 കാറുകളാണ് വിറ്റത്. 2021-ൽ ഒരു വർഷം മുഴുവൻ വിറ്റതിനേക്കാൾ കൂടുതലാണിത്. കഴിഞ്ഞ വർഷം മൊത്തം വിറ്റത് 23,858 യൂണിറ്റുകളായിരുന്നു.
2018-ൽ തുടക്കമിട്ട ഇന്ത്യ 2.0 പ്രോജക്റ്റിന്റെ അനന്തരഫലമെന്ന നിലയ്ക്ക് ഓരോ മാസവും സ്വന്തം റെക്കാഡുകൾ തിരുത്തിക്കുറിച്ചു കൊണ്ടിരിക്കയാണ് സ്കോഡ ഇന്ത്യയെന്ന് കമ്പനി ബ്രാന്റ് ഡയറക്റ്റർ സാക് ഹോളി സ് പറഞ്ഞു. കോവിഡ് മഹാമാരിയുടേയും തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടേയും പശ്ചാത്തലത്തിലാണ് ഇന്ത്യ 2.0 ക്യാംപയിൽ തുടങ്ങിയത്. ഏറ്റവുമൊടുവിൽ സെമി കണ്ടക്റ്റർ ക്ഷാമവും വന്നു. ഈ വെല്ലുവിളികളെയൊക്ക അതിജീവിച്ചു കൊണ്ടാണ് നിരന്തരമായ വിൽപന വളർച്ച നേടാൻ കഴിഞ്ഞതെന്ന് സാക് ഹോളിസ് വ്യക്തമാക്കി.
2022 സ്കോഡയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച വർഷമാവുകയാണ്. ഉൽപ്പന്നത്തിന്റെ ഗുണമേൻമയ്ക്ക് പുറമെ ഇടപാടുകാരെ തൃപ്തിപ്പെടുത്തുന്നതിനുള്ള നടപടികളും കൂടുതൽ ഷോറൂമുകൾ തുറക്കുക വഴി കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞതും വളർച്ചയ്ക്ക് നിദാനമായി. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ഷോറൂമുകളുടെ എണ്ണം 205 ആണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇത് 175 മാത്രമായിരുന്നു. ഈ വർഷാവസാനത്തോടെ 225 ഷോറൂമുകളാണ് നേരത്തെ ലക്ഷ്യമിട്ടതെങ്കിൽ അതിപ്പോൾ 250 ആയി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തെ കൂടുതൽ കാലം ഓടിക്കൊണ്ടിരിക്കുന്ന കാറുകളിലൊന്നായ ഒക്റ്റാവിയ ഈയിടെ ഒരു ലക്ഷം പിന്നിട്ടുകയുണ്ടായി. സ്ലാവിയയും കുഷാഖും വിപണിയിൽ മുന്നേറുകയും ചെയ്യുന്നു.