റാഫേല്‍ കരാറില്‍ കേന്ദ്രത്തിന് ഒളിക്കാനുണ്ട്, വിമാനത്തിന്റെ വില എത്രയെന്ന് പറയില്ലെന്ന് പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍
ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന റാഫേല്‍ യുദ്ധ വിമാനത്തിന്റെ വില പുറത്തുവിടാന്‍ സാധിക്കുകയില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. അതീവ രഹസ്യമായതിനാല്‍ പുറത്തു പറയാന്‍ കഴിയില്ലെന്നാണ് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്. 36 യുദ്ധ വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങുന്നത്. മന്ത്രിയുടെ പ്രസ്താവന വിമാനത്തിന്റെ വിലയെ ചൊല്ലിയുള്ള വിവാദത്തിലേക്ക് എണ്ണയൊഴിച്ചു.
ഫ്രാന്‍സില്‍ നിന്ന് യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ആദ്യം കോണ്‍ഗ്രസ് നേതൃത്വത്തിലെ യുപിഎ സര്‍ക്കാരാണ് ഒപ്പു വച്ചത്. ഈ കരാര്‍ റദ്ദാക്കിയ ബിജെപി സര്‍ക്കാര്‍ പുതിയ കരാറില്‍ ഒപ്പിടുകയായിരുന്നു. 120-ല്‍ അധികം വിമാനങ്ങള്‍ വാങ്ങുന്നതിനായിരുന്നു യുപിഎ കരാറിലേര്‍പ്പെട്ടത്. ബിജെപിയാകട്ടെ 36 എണ്ണത്തിലും 120 വിമാനങ്ങള്‍ക്ക് ഇന്ത്യ നല്‍കേണ്ടിയിരുന്ന വിലയേക്കാള്‍ അധികമാണ് 36 എണ്ണത്തിന് നല്‍കേണ്ടി വരികയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസിന്റെ രാജ്യസഭ എംപി രാജീവ് ഗൗഡയാണ് വിമാനത്തിന്റെ വിലയെ കുറിച്ച് പ്രതിരോധമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്. വില പുറത്തുവിടേണ്ടെന്ന് പുതിയ കരാറില്‍ ബിജെപി സര്‍ക്കാര്‍ എഴുതിച്ചേര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് നികുതിദായകരുടെ എത്ര പണമാണ് വിമാനം വാങ്ങുന്നതിനായി ചെലവഴിക്കുകയെന്ന് വോട്ടര്‍മാര്‍ക്ക് അറിയാന്‍ കഴിയുകയില്ല.
മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. പ്രധാനമന്ത്രിയും സ്വന്തക്കാരനും ചേര്‍ന്ന് വിലയിട്ട റാഫേലിന്റെ വില രാജ്യത്തിന്റെ രഹസ്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു. വിമാന വില പാര്‍ലമെന്റിനെ അറിയിക്കുന്നത് ദേശ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ് രാഹുല്‍ പരിഹാസം തുടര്‍ന്നു.
നമ്മുടെ പാര്‍ലമെന്റ് സ്വതന്ത്രമല്ലയെന്നാണോ മന്ത്രി പറയുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. അതോ മോദിക്ക് എന്തെങ്കിലും മറച്ചു വയ്ക്കാനുണ്ടോയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍
Comments are closed.