സില്‍വര്‍ലൈന്‍ വായ്പയില്‍ സംസ്ഥാന സര്‍ക്കാരിന്ബാധ്യത വരില്ല: മന്ത്രി കെ.എന്‍. ബാലഗോപാല്‍
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സ്‌പെഷല്‍ പര്‍പസ് വെഹിക്കിളായ കെ-റെയില്‍ വിദേശ വായ്പാ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടിയോടു കൂടി നേരിട്ട് വായ്പ സമാഹരിക്കുന്ന പക്ഷം, അത്തരം വായ്പയിന്‍മേല്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യത വരുന്നില്ലെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി.
ചോദ്യോത്തര വേളയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് വിവിധഅംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം
വിശദമായ പദ്ധതി റിപ്പോര്‍ട്ട് അനുസരിച്ച് സില്‍വര്‍ ലൈന്‍ പദ്ധതിക്കായി വേണ്ടി വരുന്ന 63,941 കോടി രൂപയില്‍ 33 700 കോടി രൂപ വിവിധ ഉഭയകക്ഷി ബഹുമുഖ ധനകാര്യ സ്ഥാപനങ്ങളായ എ.ഡി.ബി, ജൈക്ക, എ.ഐ.ഐ.ബി, കെ.എഫ്.ഡബ്ല്യു (സോഫ്റ്റ് ലോണ്‍ – പലിശ (0.2 – 1.5 % വരെ) നിന്നും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ എ.ഡി.ബി, ജൈക്ക, എ.ഐ.ഐ.ബി, കെ.എഫ്.ഡബ്ല്യു എന്നിവരെ കേന്ദ്ര ധനകാര്യമന്ത്രാലയം വഴി സമീപിക്കുകയും വിശദ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു കഴിഞ്ഞു. വായ്പയ്ക്കായി ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ്, ധകാര്യം (എക്‌സ്‌പെന്‍ടിച്ചര്‍), നീതി ആയോഗ് എന്നീ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ ഇതിനോടകം തന്നെ കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിനു പദ്ധതി ശുപാര്‍ശ ചെയ്തിട്ടുണ്ട് -അദ്ദേഹം വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ ജൈക്കയുടെ ഒ.ഡി.എ റോളിംഗ് പ്ലാനില്‍ ഉള്‍പ്പെട്ട പദ്ധതിയാണ്. പ്രസ്തുത സ്ഥാപനവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പിനു സമര്‍പ്പിച്ചിരിക്കുകയാണ്.
അത് പ്രസ്തുത വകുപ്പിന്റെ പരിശോധനാ ഘട്ടത്തിലാണ്. സാമ്പത്തിക കാര്യ മന്ത്രാലയം റിപ്പോര്‍ട്ട് അംഗീകരിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കു ശുപാര്‍ശ ചെയ്യേണ്ടതുണ്ട്. ഇതിനു ശേഷം മാത്രമാണ് ഔദ്യോഗിക ചര്‍ച്ചകളുമായി മുമ്പോട്ടു പോകുക. വായ്പ വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങളെല്ലാം ആ ഘട്ടത്തിലാണ് തീരുമാനിക്കുന്നത് -മന്ത്രി വ്യക്തമാക്കി.
Comments are closed.