സ്കൂള്‍ കലോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരള സ്കൂള്‍ കലോത്സവം ആറുമുതല്‍ 10 വരെ തൃശൂരില്‍ നടക്കും. ഇതിനു മുന്നോടിയായി വിവിധ കമ്മിറ്റികളുടെ അവലോകന യോഗം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ എിവരുടെ നേതൃത്വത്തില്‍ ഗവ. മോഡല്‍ ഗേള്‍സ് സ്കൂളില്‍ നടന്നു. ആറിന് രാവിലെ പത്തിന് തേക്കിന്‍കാട് മൈതാനത്തെ പ്രധാനവേദിയായ നീര്മാതളത്തില് മുഖ്യമന്ത്രി പിണറായി വിജയന് കലോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്, വ്യവസായ വകുപ്പുമന്ത്രി എ.സി. മൊയ്തീന്, കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സിഹിതരാകും. കലോത്സവത്തിനു മുന്നോടിയായി 8.45 ന് ദൃശ്യവിസ്മയം അരങ്ങേറും. പൂര്‍ണമായും ഗ്രീന്‍പ്രോട്ടോക്കോള്‍ അനുസരിച്ചാണ് കലോത്സവം നടക്കുക. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി 501 അംഗ പ്രോഗ്രാം കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് പരിശീലനവും നല്കി. ലഘുലേഖകള്‍ അച്ചടിച്ചു വിതരണത്തിനു തയ്യാറാക്കിയിട്ടുണ്ട്. നാല് ലക്കങ്ങളിലായി ഇലഞ്ഞി എന്ന പേരില്‍ നാല് ദിവസങ്ങളില്‍ വാര്‍ത്താപത്രിക ഇറക്കും. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രശ്നോത്തരി സംഘടിപ്പിച്ച് സമ്മാനവും നല്‍കും.
20 സബ്കമ്മറ്റിയാണ് ഭക്ഷണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഒരേസമയം 3200 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് 16 ഭക്ഷണ കാബിനുകള്‍ തയ്യാറാക്കുന്നത്. പ്രഭാത ഭക്ഷണം രാവിലെ ഏഴുമുതല്‍ ഒന്‍പതു വരെയും ഉച്ചഭക്ഷണം 11.30 മുതല്‍ മൂന്ന് മണി വരെയും നല്‍കും. നാലുമണി മുതല്‍ അഞ്ച് മണി വരെ ചായയും രാത്രിഭക്ഷണം 7.30 മുതല്‍ 10 മണിവരെയുമാണ് നല്‍കുക. മത്സരാര്‍ത്ഥികള്‍ക്ക് മത്സരത്തെ തടസ്സപ്പെടുത്താത്ത തരത്തില്‍ എപ്പോള്‍ വേണമെങ്കിലും ഭക്ഷണം നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പോലീസ്, മറ്റു സുരക്ഷാ ഉദ്യോഗസ്ഥന്മാര്, മത്സരാര്‍ത്ഥികളുടെ കൂടെ വരുന്ന അധ്യാപകര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കും. ഇലയിലാണ് ഭക്ഷണം വിളമ്പുന്നത്. ഭക്ഷണക്കലവറയുടെ ഭാഗത്ത് 50 പൈപ്പുകളും കൈകഴുകു സ്ഥലങ്ങളില്‍ 100 പൈപ്പുകളും സജ്ജീകരിക്കും. 5000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന മൂന്ന് ടാങ്കുകള്‍ പരിസരത്ത് സ്ഥാപിക്കും.
16 സ്കൂളുകളില്‍ നിന്നായി 32 ബസുകള്‍ കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. 250 ഒട്ടോറിക്ഷകളും അഞ്ചു ദിവസങ്ങളിലായി വിദ്യാര്‍ത്ഥികളുടെ യാത്രക്ക് ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് കെ.എസ്.ആര്.ടി.സി ബസുകളും വാഹനസൗകര്യങ്ങള്ക്കായി ഉപയോഗപ്പെടുത്തും. റയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് രാത്രി രണ്ടുമണിവരെയും വാഹനസൗകര്യം ഏര്‍പ്പെടുത്തും.
21 വിദ്യാലയങ്ങളിലാണ് മത്സരാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടെ മത്സരാര്‍ത്ഥികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ താമസിക്കാന്‍ അനുവാദമില്ല. മത്സരാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ താമസിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം. താമസസ്ഥലങ്ങളില്‍ പോലീസിന്റെ കര്‍ശന നിയന്ത്രണമുണ്ടാകും. മത്സരങ്ങള്‍ നടക്കുന്ന വേദിക്കരികില്‍ വീഡിയോ വാള് സ്ഥാപിച്ച് കലാസ്വാദകര്‍ക്ക് കാണാന്‍ അവസരമൊരുക്കും.
കോഴിക്കോട് ജില്ലയില്‍ നിന്ന് നാലിന് രാവിലെ 10 ന് തൃശൂര്‍ ജില്ലാതിര്‍ത്തിയായ കടവല്ലൂരിലെത്തുന്ന സ്വര്‍ണക്കപ്പിന് അമ്പലം സ്റ്റോപ്പില്‍ വരവേല്‍പ്പു നല്‍കും. തുടര്‍ന്ന് പെരുമ്പിലാവ് ടി.എം.വി.എച്ച്.എസ്.എസിലെത്തു സ്വര്‍ണക്കപ്പ്, വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്, വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി തൃശൂര്‍ നഗരത്തിലെത്തും.
അഞ്ചിന് രാവിലെ പത്തിന് ഭക്ഷണക്കലവറയില്‍ പാലുകാച്ചലും 11 മണിക്ക് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാറിന്റെ നേതൃത്തില്‍ കലവറ നിറയ്ക്കലും നടക്കും. വിദ്യാര്‍ത്ഥികളില്‍ നിന്നും കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ ശേഖരിച്ചാണ് കലവറ നിറയ്ക്കുക. നിലവിലെ ജേതാക്കളായ കോഴിക്കോട് ജില്ലയില്‍ നിന്നെത്തു മത്സരാര്‍ത്ഥികളെ അഞ്ചിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കും. വൈകീട്ട് മൂന്നിന് നഗരത്തില്‍ കലോത്സവ വിളംബര പൈതൃക ജാഥ നടക്കും. കലോത്സവത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തിനു ചുറ്റും മനോഹരമായ കവാടങ്ങള്‍ ഒരുക്കും. ജനു.10 വൈകീട്ട് നാലിന് കലോത്സവത്തിന്റെ സമാപനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്, വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് എന്നിവര്‍ മുഖ്യാതിഥികളാകും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. വീന്ദ്രനാഥ് സമ്മാനദാനം നിര്‍വഹിക്കും. ഉദ്ഘാടന ദിവസം മുതല്‍ സമാപന ദിവസം വരെ നടക്കുന്ന സാംസ്കാരിക സമ്മേളനങ്ങളില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികള്‍, സാംസ്കാരിക നായകന്മാര്, ചലച്ചിത്ര പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അവലോകന യോഗത്തില്‍ എംഎല്‍എമാരായ മുരളി പെരുനെല്ലി, കെ.വി.അബ്ദുള്‍ ഖാദര്‍, ബി.ഡി.ദേവസ്സി, അഡ്വ.കെ.രാജന്, അഡ്വ.വി.ആര്. സുനില്‍കുമാര്‍, യു.ആര്.പ്രദീപ്, മേയര്‍ അജിത ജയരാജന്, ജില്ലാ കളക്ടര്‍ ഡോ. എ.കൗശികന്, സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്.നായര്‍, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, സബ് കളക്ടര്‍ രേണുരാജ്, കൗസിലര്‍മാര്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്, ജന.കണ്‍വീനര്‍ ജെസി ജോസഫ്, ജോ. ജന.കണ്‍വീനര്‍ കെ.സുമതി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments are closed.