സരിതയും സ്വപ്നയും ഒന്നാണോ? ഒരു താരതമ്യം
രഘു മട്ടുമ്മല്
അന്ന് സരിത ഇന്ന് സ്വപ്ന. അന്ന് സോളാർ, ഇന്ന് സ്വർണ്ണം .. എല്ലാവരും കണക്കാണ്. ഈ ഒരു സാമാന്യവൽക്കരണത്തിനാണ് മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുന്നത്. പ്രതിപക്ഷമാകട്ടെ ഞങ്ങളാണ് നിങ്ങളെക്കാൾ മെച്ചമെന്ന് വരുത്താൻ പെടാപ്പാട് പെടുന്നു.
ബി ജെ പിയാകട്ടെ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു. ഈ താരതമ്യ പഠനം വെറും അസംബന്ധമാണെന്ന് പറയുന്നത് എന്തുകൊണ്ടാണ്?. ആദ്യം ആരായിരിന്നു സരിത എന്ന് നോക്കാം..സോളാർ കേസ് പുറത്ത് വരും മുമ്പ് തന്നെ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി. ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ സ്ത്രീ.
ഒരു കുഞ്ഞിനെ പ്രസവിച്ചത് പോലും ജയിൽ ശിക്ഷ അനുഭവിക്കവെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ് എ ടി യിലെ ജയിൽ സെല്ലിൽ. അന്ന് ജയിലിൽ നിന്നും ആശുപത്രിയിലേക്ക് എസ്കോർട്ട് പോയ വനിത പോലീസ് പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിലെ കാവൽക്കാരിയായി.
ആ ഘട്ടത്തിൽ സരിത മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങുമ്പോൾ ഈ പോലീസുകാരി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ആർകെയെ ഇക്കാര്യം പല തവണ അറിയിച്ചു. പക്ഷെ സരിതയ്ക്ക് ഒരു വിലക്കുമുണ്ടായില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിൽ കയറിയിറങ്ങി.അതായത് തട്ടിപ്പുകാരിയെന്ന് പരക്കെ അറിയാമായിരുന്നിട്ടും ജയിൽ ശിക്ഷ പോലും അനുഭവിച്ച പ്രതിയായിട്ടും അന്നത്തെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യു ഡി എഫ് നേതാക്കളുടെയും കൂട്ടുകാരിയായി.
ആ ബന്ധം വെച്ച് കേരളം മുഴുവൻ കറങ്ങി നടന്ന് കോടികളുടെ തട്ടിപ്പ് നടത്തി. കോൺഗ്രസ് നേതാവ് കൂടിയായ മല്ലേലിൽ ശ്രീധരൻ നായർ അന്ന് പറഞ്ഞത് മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണ് കാശ് കൊടുത്തതെന്ന് . മറ്റൊരു വ്യവസായി പറഞ്ഞത് സരിതക്കെതിരെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ് 24 മണിക്കൂർ തികയുന്നതിന് മുമ്പ് സരിത തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ്.
ഇങ്ങിനെ ഓരോ കേസിലും ഭരണതലപ്പത്തുള്ളവരുടെ ഇടപെടൽ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്നും ഉൾപ്പെടെ നിരന്തരം സരിതയെയും തിരിച്ചും വിളിച്ചുകൊണ്ടിരുന്നു. സരിത മന്ത്രി വസതികളിലും നിത്യസന്ദർശകയായി. പാതിരാത്രി പോലും പലരും ഭരണഘടന പഠിപ്പിച്ചു. തന്നെ പലരും ലൈംഗിക പീഢനത്തിനിരയാക്കിയെന്നും ലൈംഗികമായി ഉപയോഗിച്ചെന്നും സരിത പരാതി നൽകി..
ഇങ്ങിനെ എണ്ണിയാലും പറഞ്ഞാലും തീരാത്ത കഥകൾ ഏറെ.ഇനി സ്വപ്നയിലേക്ക് വരാം. ഈ കള്ളക്കടത്ത് കേസിൽ പെടുന്നത് വരെ അവർ ആരായിരുന്നു. ആദ്യം എയർ ഇന്ത്യ സാറ്റ്സിൽ ഉയർന്ന പദവി. കേന്ദ്ര സർക്കാറിൻ്റെ വ്യോമയാന മന്ത്രാലയത്തിന് കീഴിലെ എയർ ഇന്ത്യയുടെ 50 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനം. പിന്നീട് യു എ ഇ സർക്കാറിൻ്റെ നയതന്ത്ര ഉദ്യോഗസ്ഥ.
സ്വർണ്ണക്കടത്ത് പിടിക്കുന്നതിന് തൊട്ടുമുമ്പ് വരെ യുഎഇ കോൺസുലേറ്റ് ജനറലുമായി നേരിട്ട് ബന്ധമുള്ള വനിത. കോൺസുലേറ്റിൻ്റെ ഔദ്യോഗിക വാഹനം അവസാന നാൾ വരെ ഉപയോഗിച്ചു. അതിനിടയിലാണ് ഐ ടി വകുപ്പിന് കീഴിൽ ഒരു സ്വകാര്യ സ്ഥാപനം ഏറ്റെടുത്ത ഒരു പ്രോജക്റ്റിൻ്റെ ആറ് മാസക്കാലയളവിലുള്ള താൽക്കാലിക ജോലി നേടിയത്.
ഐ ടി വകുപ്പ് സെക്രട്ടറിയുമായി ഇവർക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസ് പുറത്ത് വരുന്നത് വരെ ആരും അറിഞ്ഞില്ല. ഈ ഐ ടി സെക്രട്ടറി ശുപാർശ ചെയ്തിട്ടാണ് അവർക്ക് ജോലി കിട്ടിയതെന്നും പിന്നീടുള്ള അന്വേഷണത്തിലാണ് പുറത്ത് വന്നത്. അവർക്കെതിരെ ഒരു കേസുണ്ടായിരുന്നു. അത് പക്ഷെ ഒരു സഹപ്രവർത്തകൻ നൽകിയ പരാതിയാണ്.
അതിലും ക്രൈം ബ്രാഞ്ച് സത്യസന്ധമായ അന്വേഷണം നടത്തി. ഇവർക്കെതിരെ കേസ് ചുമത്തി. ഇനി ചോദ്യമിതാണ്. രണ്ടും ഒരു പോലെയാണൊ? ഒരിക്കലുമല്ല. എന്തുകൊണ്ട്? സരിത തട്ടിപ്പുകാരിയായിരിന്നുവെന്ന് എല്ലാവർക്കും മുൻകൂട്ടി അറിയാമായിരുന്നു. അവർക്ക് ഭരണക്കാരുമായായിരുന്നു വഴിവിട്ട ബന്ധം.
ആ ബന്ധം തട്ടിപ്പിന് ഉപയോഗിച്ചു. സ്വപ്ന തട്ടിപ്പുകാരിയാണെന്ന് അറിഞ്ഞില്ലെന്ന് മാത്രമല്ല, അവർ ഉന്നത പദവികളിൽ ജോലി ചെയ്തവരാണ്. അവരുമായി ഭരണാധികാരികളുമായി ഒരു വഴിവിട്ട ബന്ധവുമുണ്ടായിരുന്നില്ല. ആകെ ബന്ധം ഉണ്ടായിരുന്നത് ഐ ടി സെക്രട്ടറിയുമായി മാത്രം.
ഈ ഐഎഎസുകാരൻ ഇങ്ങിനെയായിരിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊല്ലുന്നത് വരെ മാധ്യമങ്ങൾക്കും നിഷ്പക്ഷമതികൾക്കും ശ്രീരാം വെങ്കിട്ടരാമൻ ആരായിരുന്നു എന്ന് നോക്കിയാൽ മാത്രം അതിന് ഉത്തരം കിട്ടും. സ്വപ്നയുമായുള്ള ബന്ധം അറിഞ്ഞ് 24 മണിക്കൂർ തികയും മുമ്പ് ശിവശങ്കറിനെ മാറ്റി നിർത്തി. അന്വേഷണം നടത്തിയ ശേഷം സസ്പെപെൻഡ് ചെയ്തിരിക്കുന്നു.
സരിതയുടെ കേസിലോ? നിരന്തര പ്രക്ഷോഭത്തിന് ശേഷം മാത്രമാണ് ഒരു അന്വേഷണത്തിന് പോലും തയ്യാറായത്. പക്ഷെ, അതിനിടയിൽ എന്തെല്ലാം കാട്ടിക്കൂട്ടി? ജയിൽ മാറ്റം, മൊഴി തിരുത്തൽ, സന്ധി സംഭാഷണം. കേസ് ഒതുക്കാൻ ആരൊക്കെയാണ് വിളിച്ചത്? ഇന്നത്തെ യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ, തമ്പാനൂർ രവി,, ആ പട്ടികയും നീളുന്നു.ഈ സർക്കാർ സ്വപ്ന വിഷയം വന്നപ്പോൾ എന്താണ് ചെയ്തത്? കേന്ദ്ര അന്വേഷണത്തിന് കത്തയച്ചു.
എൻ ഐ എ അന്വേഷണത്തെ സ്വാഗതം ചെയ്തുവെന്ന് മാത്രമല്ല, അവർ ആവശ്യപ്പെടുന്ന സഹായങ്ങൾ എല്ലാം നൽകുന്നു. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ നൽകി. യു ഡി എഫിൻ്റെ കാലത്തോ? സി സി ടി വി ദൃശ്യങ്ങൾ പോലും ആവിയായതോർമ്മയില്ലേ?പറഞ്ഞു വരുന്നത് ഇതാണ് താരതമ്യം ഒട്ടുമില്ലാത്ത രണ്ട് കേസുകളാണിത്. ആദ്യത്തേതിൽ ഭരണതലപ്പത്തുള്ളവർ അപ്പാടെ തെറ്റുകാരാണ്.
രണ്ടാമത്തെ കേസിൽ അങ്ങിനെയൊരാൾ പോലുമില്ല .ആദ്യ കേസ് ഒതുക്കാൻ ഭരണ നേതൃത്വം എല്ലാ കളികളും നടത്തി. രണ്ടാമത്തെ കേസിൽ കുറ്റക്കാരെ മുഴുവൻ കണ്ടെത്താൻ സർക്കാർ എല്ലാ സഹായവും നൽകുന്നു. ആദ്യത്തേ കേസിൽ മന. സാക്ഷിക്ക് ശരിയെന്ന് തോന്നിയതാണ് ചെയ്തതെന്ന് മുഖ്യമന്ത്രി. രണ്ടാമത്തേതിൽ ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കട്ടെ എന്ന് മുഖ്യമന്ത്രി. കുറ്റം ചെയ്ത വമ്പൻമാരും കൊമ്പൻമാരും പിടിക്കപ്പെടട്ടെ എന്ന് മുഖ്യമന്ത്രി. അന്ന് വമ്പൻമാരെയും കൊമ്പൻമാരെയും രക്ഷപ്പെടുത്താൻ കാണിച്ച പൊറാട്ടുനാടകങ്ങൾ. രണ്ടും ഒന്നല്ല, രണ്ടും രണ്ടാണ്.
Comments are closed.