എല്ലാ പന്തും സിക്‌സടിക്കണ്ട; സഞ്ജുവിനോട് ആരാധകര്‍
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാതിരുന്നപ്പോള്‍ സെലക്ടേഴ്‌സിനെതിരെ തിരിഞ്ഞവരാണ് സഞ്ജു സാംസണിന്റെ ആരാധകര്‍. ഒടുവില്‍ കിട്ടിയ രണ്ട് അവസരങ്ങളും പാഴാക്കിയതിന് സഞ്ജുവിനെ പഴിച്ച് തുടങ്ങിയിരിക്കുന്നു അവര്‍.
ന്യൂസിലാന്റിനെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു കേവലം എട്ട് റണ്‍സിനാണ് പുറത്തായത്. അഞ്ച് പന്തില്‍ ഒരു സിക്‌സുള്‍പ്പെടെയാണിത്. കൂടെയിറങ്ങിയ കെ എല്‍ രാഹുല്‍ 26 പന്തില്‍ 39 റണ്‍സെടുത്തു. രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമുണ്ട്.
ഇന്ത്യ ആദ്യ മൂന്ന് മത്സരങ്ങള്‍ ജയിച്ച് പരമ്പര ഉറപ്പിച്ചശേഷമാണ് സഞ്ജുവിനെ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ആ അവസരം മുതലാക്കുന്നതില്‍ വീണ്ടും സഞ്ജു പരാജയപ്പെട്ടു. ഒരുപക്ഷേ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടതിന്റെ സമ്മര്‍ദ്ദത്തിലാകും സഞ്ജുവെന്ന് ആരാധകര്‍ കരുതുന്നു.
ആദ്യ മത്സരത്തിനുശേഷം രണ്ടാം മത്സരത്തിനായി സഞ്ജു കാത്തിരുന്നത് 73 മത്സരങ്ങളാണ്. ഇതൊരു കാത്തിരിപ്പ് രെക്കോര്‍ഡുമായി. ശ്രീലങ്കയ്‌ക്കെതിരായ ടി20യിലാണ് സഞ്ജുവിന്റെ രണ്ടാം അരങ്ങേറ്റം നടന്നത്. അന്നും ആദ്യ പന്ത് സിക്‌സറടിച്ച് ക്യാപ്റ്റന്‍ വിരാട് കോലിയെ അടക്കം ആവേശഭരിതരാക്കി. രണ്ടാം പന്തില്‍ എല്‍ബിഡബ്ല്യു ആയി.
കിവീസ് പരമ്പരയില്‍ നിന്നും സഞ്ജുവിനെ ആദ്യം ഒഴിവാക്കിയിരുന്നുവെങ്കിലും ധവാന് പരിക്കേറ്റതിനെ തുടര്‍ന്ന് തിരിച്ച് വിളിച്ചു.
നാലാം മത്സരത്തില്‍ അവസരം കിട്ടി. ആദ്യ ഓവറില്‍ മൂന്നാം പന്താണ് സഞ്ജുവിന് സ്‌ട്രൈക്ക് കിട്ടിയത്. സിംഗിള്‍ എടുത്തു. ആറാം പന്തില്‍ വീണ്ടും സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് നിലനിര്‍ത്തി. രണ്ടാമത്തെ ഓവര്‍ എറിയാന്‍ വന്ന സ്‌കോട്ട് കുഗ്ഗെലെയ്‌നിന്റെ ലെങ്ത് ഡെലിവറിയെ സിക്‌സറടിച്ചാണ് സഞ്ജു വരവേറ്റത്. മൂന്നാം പന്ത് വീണ്ടും സിക്‌സറിന് പറത്താന്‍ ശ്രമിച്ചു. പന്ത് മിച്ചല്‍ സാന്റ്‌നറുടെ കൈയില്‍ വിശ്രമിച്ചു. സഞ്ജു പുറത്ത്.
എല്ലാ പന്തുകളും സിക്‌സറടിക്കാന്‍ നോക്കുന്നുവെന്നും നോക്കി കളിക്കണ്ടേയെന്നുമാണ് ആരാധകരുടെ കളിയുപദേശം. ഇന്ന് ഒരു നീണ്ട ഇന്നിങ്‌സ് കളിച്ച് കാണിക്കേണ്ടിയിരുന്നതാണ്. ആരാധകരെ മാത്രമല്ല ടീം മാനേജ്‌മെന്റിനേയും ആശ്വസിപ്പിക്കാന്‍. ഇനിയൊരു ചാന്‍സ് കിട്ടുമോയെന്ന് ആര്‍ക്കും അറിയില്ല. അതാണ് ആരാധകരെ കൂടുതല്‍ നിരാശരാക്കുന്നത്.
| www.abhimukham.com | www.shenews.co.in | www.ekalawya.com |
മലയാളികള്‍ പൊക്കി മറിച്ചപ്പോള്‍ സഞ്ജുവിന് ആവേശം കൂടിയെന്നാണ് ആബിദ് എംപിയെന്ന ആരാധകന്റെ കമന്റ്. ഇങ്ങനെ ആണെങ്കില്‍ അധികം കാണാന്‍ സാധ്യത ഇല്ലയെന്ന വിഷമം അര്‍ജുന്‍ നായര്‍ പങ്കുവയ്ക്കുന്നു. സഞ്ജു തമിഴ് നടന്‍ വിജയുടെ ഫാന്‍ ആണെന്ന് തോന്നുന്നുവെന്നാണ് ഷിലിന്‍ കോറോത്തിന്റെ കമന്റ്. 20 പന്തില്‍ സെഞ്ച്വറി അടിക്കാനുള്ള പ്ലാന്‍ ആയിരിക്കും സഞ്ജുവിന്റെ മനസ്സിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
രാഹുലിന് സ്‌ട്രൈക്ക് കൈമാറാന്‍ പോലും സഞ്ജുവിന് അറിയില്ലായിരുന്നുവെന്ന് അസഫ് പറയുന്നു. ഇനി വെള്ളം കൊടുക്കാന്‍ പോലും ചാന്‍സ് കിട്ടുമോയെന്ന് കണ്ടറിയണം എന്നാണ് വിനോദ് എന്ന ആരാധകന്റെ കമന്റ്. കാരണം, ഇന്ന് വിശ്രമിച്ച രോഹിത് തിരിച്ച് വരുമ്പോള്‍ അന്തിമ 11-ല്‍ നിന്ന് പുറത്താകും. ധവാന്‍ തിരിച്ച് വരുമ്പോള്‍ ടീമില്‍ നിന്നും പുറത്താകും.
Also read: ആദ്യ പ്രതിഫലം 50 രൂപ, അസുര നിരസിച്ചത് 18 പ്രമുഖ പ്രസാധകര്‍, ഇന്ന് തിരക്കേറിയ എഴുത്തുകാരന്‍
Comments are closed.