News in its shortest

തൃശൂര്‍ മെഡിക്കല്‍ കോളെജിന്റെ വികസനത്തിനായി 1121 കോടി രൂപയുടെ പദ്ധതി


തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി.

കോളേജിന്റെ സമഗ്ര വികസനത്തിന് ജനപ്രതിനിധികളും, വകുപ്പ് മേധാവികളും, അനുബന്ധ മേധാവികളും, ജീവനക്കാരും, എല്ലാ സര്‍വ്വീസ് സംഘടനകളും കൂടാതെ മാധ്യമങ്ങളുടെയും കൂട്ടായ പരിശ്രമവും പിന്തുണയും അര്‍പ്പണമനോഭാവവും ആവശ്യമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ധാരാളം വികസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയുമാണ്. ഇതിനുപുറമെ 176 തസ്തികകള്‍ വിവിധ മേഖലകളില്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഉന്നതതലയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍

തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങുന്നതിനുവേണ്ടി തത്വത്തില്‍ തീരുമാനിച്ചു. അതിനായി 240 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി PMSSY പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കും. അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ KIIFB വഴി നടപ്പിലാക്കും.

മെഡിക്കല്‍ കോളേജിന്റെ ഭാവി വികസന പദ്ധികള്‍ക്കായി 881 കോടി രൂപയുടെ കരട് രേഖ സര്‍പ്പിക്കുകയുണ്ടായി. ഈ കരട് രേഖ ആരോഗ്യമന്ത്രി അംഗീകരിക്കുകയും സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

രോഗീ സൗഹൃദ എന്ന വിഭാവനത്തില്‍ കേരള സര്‍ക്കാരിന്റെ ജനകേരള മിഷന്റെ ആര്‍ദ്രം പദ്ധതിയുടെ ജോലികള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ത്വരിതമായി നടക്കുകയും ഇതിനായി 3.76 കോടി രൂപയും ഇ.ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുവാന്‍ 1 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഒന്നാം ഘട്ടം മാര്‍ച്ചില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിക്കും.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോസര്‍ജറി വിഭാഗം ശക്തിപ്പെടുത്താനും കാര്‍ഡിയോളജി വിഭാഗത്തില്‍ കാത്ത് ലാബ് കാര്‍ഡിയോതൊറാസിക്ക് സര്‍ജറി എന്നീ വിഭാഗങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. നെഫ്രോളജി വിഭാഗത്തില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകള്‍ ഒഴിവുള്ളത് നികത്താനും ആവശ്യമായതിന് പ്രൊപ്പാസല്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി (ഡി.എം.) വിഭാഗങ്ങളില്‍, കോഴ്‌സുകള്‍ തുടങ്ങുവാന്‍ സാധ്യതയുള്ള വിഭാഗങ്ങളില്‍ തുടങ്ങുകയും മറ്റുള്ളവയ്ക്ക് ഘട്ടം ഘട്ടമായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

മെറ്റേണല്‍ ചൈല്‍ഡ് ഹെല്‍ത്ത് ബ്ലോക്കിനുവേണ്ട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിനാവശ്യമായ തുക വരും കൊല്ലങ്ങളില്‍ കണ്ടെത്തുവാന്‍ ശ്രമിക്കും.

കാന്‍സര്‍ രോഗികളുടെ ചികിത്സാവശ്യങ്ങള്‍ക്കുവേണ്ടി അനുവദിച്ച ലീനിയര്‍ ആക്‌സിലേറ്റര്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുവാന്‍ വേണ്ട കര്‍ശന നിര്‍ദ്ദേശം ബന്ധപ്പെട്ട അധികാരികള്‍ക്ക് (പി.ഡബ്യു.ഡി, കെ.എസ്.ഇ.ബി തുടങ്ങിയ) നല്‍കിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിനെ മിനി ആര്‍.സി.സി. കേന്ദ്രം ആക്കി ഉയര്‍ത്തുവാന്‍ തീരുമാനിച്ചു. ഓങ്കോളജി വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും മറ്റു അനുബന്ധ തസ്തികളും ഈ സര്‍ക്കാര്‍ ്അധികാരത്തില്‍ വന്നശേഷം അനുവദിച്ചിട്ടുണ്ട്. സ്ഥലം എം.എല്‍.എ. അനില്‍ അക്കരയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് മൂന്നര കോടി രൂപ ഒരു പുതിയ കോബാള്‍ട്ട് മെഷിന്‍ വാങ്ങുന്നതിലേക്ക് അനുവദിക്കാം എന്ന് ഉറപ്പ് നല്‍കി.

മെഡിക്കല്‍ കോളേജിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ 9.9.കോടി രൂപയുടെ നവീകരണ പ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് ചെയ്ത് തീര്‍ക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് (പി.ഡബ്യു.ഡി, കെ.എസ്.ഇ.ബി തുടങ്ങിയ) കര്‍ശന നിര്‍ദ്ദേശം നല്‍കി.

ട്രോമകെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്നുകൊണ്ടിരിക്കുന്ന ട്രയേജ് ബ്ലോക്കിന്റെ പണി എത്രയും പെട്ടെന്ന് തീര്‍ത്ത് പ്രവര്‍ത്തന സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതിനോടൊപ്പം തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിനെ ലെവല്‍ 2 ട്രോമ സെന്റര്‍ ആക്കി ഉയര്‍ത്തുവാനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി 2018-19 ബഡ്ജറ്റില്‍ തുക വകയിരുത്തിട്ടുണ്ട്.

എം.സി.ഐ. ലഭിക്കാത്ത ഇ.എന്‍.ടി, റേഡിയോതെറാപ്പി, ഫോറന്‍സിക്ക് മെഡിസിന്‍ എന്നീ വിഭാഗങ്ങളുടെ കുറവകള്‍ പരിഹരിക്കുന്നതി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റല്‍, പി.ജി ഹോസ്റ്റല്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ചെയ്ത് തീര്‍ക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു ഇന്‍സിനറേറ്ററിന്റെ പുകക്കുഴലിന്റെ ഉയരം പുന:ക്രമീകരിക്കണം. ഇതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുവാന്‍ ഡി.എം.ഇ ക്ക് നിര്‍ദ്ദേശം നല്‍കി.

എസ്.ടി.പി. സംബന്ധമായ പ്രശനങ്ങള്‍ എത്രയും പെട്ടെന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയത് ഉചിത തീരമാനമെടുക്കുവാന്‍ യോഗം നിര്‍ദ്ദേശം നല്‍കി.

ജെറിയാട്രക്ക് കെയര്‍ സെന്റര്‍ ഒരു അന്താരാഷ്ട്ര നിലവാരത്തിലുളള വയോജന കേന്ദ്രമാക്കി എത്രയും പെട്ടെന്ന് ഉയര്‍ത്തുവാന്‍ വേണ്ടി ആദ്യ ഘട്ട പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുവാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ഓര്‍ഗാനിക്ക് വെയ്‌സ്റ്റ് സംസ്‌ക്കരിക്കുന്നതിനുവേണ്ടി ബ്ലോക്ക് തലത്തില്‍ പദ്ധതി നടപ്പിലാക്കുവാനും പ്ലാസിറ്റിക്ക് വെയ്സ്റ്റ് ഷെഡിംഗ് സംവിധാനം ഒരുക്കുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.എ ആന്‍ഡ്രൂസ്, സൂപ്രണ്ടുമാരായ ഡോ.ബിജു കൃഷ്ണന്‍, ഡോ. ഷെഹ്ന എ. ഖാദര്‍, ലെയ്‌സണ്‍ ഓഫീസര്‍ ഡോ. രവീന്ദ്രന്‍ സി. എന്നിവര്‍ പദ്ധതി അവലോകനം അവതരിപ്പിച്ചു.

മന്ത്രി ശ്രീ.എ.സി. മൊയ്തീന്‍, എം.പി. മാരായ ഡോ. പി.കെ. ബിജു, സി.എന്‍. ജയദേവന്‍, എം.എല്‍.എ.മാരായ അനില്‍ അക്കര, കെ.വി.അബ്ദുള്‍ ഖാദര്‍, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, യു.ആര്‍. പ്രദീപ്, വി.ആര്‍. സുനില്‍ കുമാര്‍, ജില്ലാ കള്കടര്‍ ഡോ.എ. കൗശികന്‍ ജനപ്രതിനിധികളായ ശിവപ്രിയ, ബിന്ദു ബെന്നി, വിജയ ബാബുരാജ്, അനൂപ് കിഷേര്‍, ആരോഗ്യവകുപ്പ് അഡീ. സെക്രട്ടറി ബാഹുലേയന്‍, ഡി.എം.ഇ. ഡോ. റംലാ ബീവി, നഴ്‌സിങ്ങ് കോളേജ് പ്രന്‍സിപ്പല്‍, ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍, വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍, മാധ്യമ പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, പിജി വിഭാഗം പ്രതിനിധി ഡോ. രാഹുല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments are closed.