സംഘപരിവാര് നേതാജിയെ ഹിന്ദു നേതാവാക്കി ചുരുക്കി അപമാനിക്കുന്നു: മുഖ്യമന്ത്രി
പിണറായി വിജയന്, മുഖ്യമന്ത്രി
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല വ്യക്തിത്വങ്ങളിലൊരാളായ നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മദിനമാണിന്ന്. കൊളോണിയൽ അടിമത്തിൽ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാൻ ജീവൻ ത്യജിച്ച ധീരനായ ദേശസ്നേഹിയായിരുന്നു അദ്ദേഹം. ഇന്ന് അദ്ദേഹത്തിൻ്റെ ജനനത്തിൻ്റെ ഒരു ശതാബ്ദത്തിനപ്പുറം എത്തി നിൽക്കുമ്പോൾ, നേതാജി സ്വന്തം ജീവിതം ത്യജിച്ചത് ഏതു മൂല്യങ്ങൾക്കു വേണ്ടിയാണോ, ഏതു തരം രാഷ്ട്രത്തിനു വേണ്ടിയായിരുന്നോ, അവയെല്ലാം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്കു മുൻപിൽ അരങ്ങേറുന്നത്.
മാത്രമല്ല, രാജ്യത്തെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തെ വക്രീകരിച്ചുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുന്നു. അദ്ദേഹത്തെ ഒരു ഹിന്ദു നേതാവ് മാത്രമാക്കി ചുരുക്കി അപമാനിക്കുകയാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്.
എന്നാൽ തൻ്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം വർഗീയ രാഷ്ട്രീയത്തെ ശക്തമായി വിമർശിക്കുകയും ചെറുക്കുകയും ചെയ്തിരുന്നു. 1935 ൽ എഴുതിയ ‘ഇന്ത്യൻ സ്ട്രഗിൾ’ എന്ന പുസ്തകത്തിൽ നേതാജി ഹിന്ദുത്വ വർഗീയവാദത്തോടുള്ള തൻ്റെ എതിർപ്പ് രൂക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്: “ഹിന്ദു മഹാസഭയിൽ, അതിൻ്റെ മുസ്ലീം പകർപ്പു പോലെത്തന്നെ, ചില മുൻകാല ദേശീയവാദികൾ മാത്രമല്ല ഉള്ളത്. അതിൽ ഭൂരിഭാഗം ആളുകളും രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടപെടാൻ ഭയമുള്ളവരും, സുരക്ഷിതമായ ഒരു ഇടം തിരയുന്നവരുമാണ്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിലുള്ള വിഭാഗീയ പ്രവർത്തനങ്ങൾ വർഗീയ സംഘർഷം മൂർച്ഛിപ്പിക്കുന്നു. ദേശീയ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന ശക്തികൾക്ക് ഈ വർഗീയ സംഘർഷങ്ങൾ ഗുണകരമാകുന്നു.” ഇപ്രകാരം സ്വന്തം അഭിപ്രായം കൃത്യമായി രേഖപ്പെടുത്തിയ സുഭാഷ് ചന്ദ്ര ബോസിനെയാണ് ഹിന്ദു വർഗീയവാദി എന്ന നിലയിൽ അവതരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നത്.
വളരെ ചെറിയ പ്രായത്തിലേ രാഷ്ട്രീയത്തിൽ സജീവമായ നേതാജി, ഇന്ത്യൻ നാഷണൽ കോൺഗ്രസിനകത്തുള്ള വലതു ചിന്താഗതികളെ എതിർത്തുകൊണ്ട് ഉല്പതിഷ്ണുവായ നേതാവ് എന്ന പേരെടുത്തു. അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത് ഇടതുപക്ഷ സോഷ്യലിസ്റ്റ് എന്നായിരുന്നു. കോൺഗ്രസിനകത്ത് ഒരു ഇടതുപക്ഷ വിപ്ലവം നടക്കണമെന്നും കോൺഗ്രസ് സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ ഏറ്റെടുക്കേണ്ട പാർട്ടി ആയി മാറണമെന്നും അദ്ദേഹം ആഗ്രഹിച്ചു.
ഇന്ത്യൻ സ്ട്രഗിളിൽ തന്നെ അദ്ദേഹം ഇതേക്കുറിച്ച് എഴുതി. “കർഷകരും, തൊഴിലാളികളും ഉൾപ്പെടെയുള്ള ബഹുജനത്തിൻ്റെ താല്പര്യങ്ങളാണ്, മറിച്ച്, മുതലാളിമാരുടേയും ജന്മിമാരുടേയും പലിശയ്ക്ക് പണം കടംകൊടുക്കുന്നവരുടേയും സ്ഥാപിത താല്പര്യങ്ങളല്ല സംരക്ഷിക്കേണ്ടത്” എന്ന് അദ്ദേഹം അസന്നിഗ്ധമായി ആ പുസ്തകത്തിൽ പറയുന്നു. അതോടൊപ്പം സോവിയറ്റ് മാതൃകയിൽ ഇന്ത്യയിലെ കാർഷിക വ്യാവസായിക മേഖലകളെ മാറ്റിയെടുക്കണമെന്നും അദ്ദേഹം വിശദമാക്കുന്നു.
രണ്ടാം ലോക മഹായുദ്ധ കാലത്തെ അദ്ദേഹത്തിൻ്റെ നിലപാടുകളോട് ശക്തമായ വിയോജിപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹവും ഐ.എൻ.എ-യുമായി ഇന്ത്യൻ ഇടതുപക്ഷത്തിനു ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. യുദ്ധാനന്തരം ഐ.എൻ.എ തടവുകാരുടെ വിചാരണയിൽ അവർക്കൊപ്പം നിന്നു പൊരുതിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. പീന്നീട്, ക്യാപ്റ്റൻ ലക്ഷ്മി ഉൾപ്പെടെ അവരിൽ ഒരുപാടു പേർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം ചേർന്നു പ്രവർത്തിച്ചു.
മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഉജ്ജ്വലമായ ഒരു പോരാട്ടത്തിൻ്റെ ചരിത്രം രചിച്ചിട്ടാണ് അദ്ദേഹം കടന്നു പോയത്. ആ ചരിത്രം ഇവിടത്തെ വർഗീയ ശക്തികൾക്ക് ധനാത്മകമായ യാതൊരു പങ്കുമില്ലാത്ത ദേശീയ പ്രസ്ഥാനത്തിൻ്റെ ചരിത്രം കൂടിയാണ്. ഇന്ന് നേതാജിയുടെ ജന്മദിനത്തിൽ ആ ചരിത്രത്തെ ആഴത്തിൽ മനസ്സിലാക്കുമെന്നും, അതു നമുക്ക് സമ്മാനിച്ച ഇന്ത്യ എന്ന മഹത്തായ സങ്കല്പത്തെ ഒരു വിഭാഗീയ ശക്തിക്കും വിട്ടു കൊടുക്കില്ലെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം. നമുക്ക് നേതാജിക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും അര്ത്ഥവത്തായ പിറന്നാൾ സമ്മാനം അതായിരിക്കും. ജയ് ഹിന്ദ്.
Comments are closed.