മതപാഠശാലകള്‍ക്കായി ലക്ഷക്കണക്കിന് സര്‍ക്കാര്‍ ഫണ്ട് ചെലവിടുന്നത് നിര്‍ത്തണം: പ്രൊഫ.ടി.ജെ ജോസഫ്
കോഴിക്കോട് : ചെറുപ്പത്തിലേ കുട്ടികളുടെ തലച്ചോറിലേക്ക് മതം അടിച്ചു കയറ്റുന്നത് തടയണമെന്നും, മതവിഭ്യാഭ്യാസത്തിനും 18 വയസ്സ് തികയണം എന്ന നിബന്ധയുണ്ടായിരിക്കണമെന്നും പ്രെഫ. ടി ജെ ജോസഫ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മതവിദ്യാഭ്യാസത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്ര- സ്വതന്ത്രാചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടാഗോര്‍ഹാളില്‍ നടന്ന ‘പാന്‍ 22’ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കയായിരുന്നു പ്രൊഫ. ടി ജെ ജോസഫ്.
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് ഇസ്‌ലാമിക മതമൗലികവാദികള്‍ കൈ വെട്ടിയ ജോസഫ് മാസ്റ്റര്‍, 2010ല്‍ തനിക്ക് നേരെ ആക്രമണം ഉണ്ടായ സമയത്തേക്കാള്‍ കാര്യങ്ങള്‍ മോശമായി വരികയാണെന്ന് ചൂണ്ടിക്കാട്ടി.
” അന്ന് കേരളത്തില്‍ ഒന്നോ രണ്ടോ സംഘടനകള്‍ മാത്രമാണ്, പ്രത്യക്ഷമായി വര്‍ഗീയതയും മത മൗലികാവാദവും പറഞ്ഞിരുന്നത്. പക്ഷേ ഇന്ന് ദൗര്‍ഭാഗ്യവശാല്‍ ഒരു പാട് സംഘടനകള്‍ ആയി. ഏറ്റവും ഒടുവിലായി ഒരു റാലിയില്‍ ഒരു കുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യങ്ങളാണ് കേരളം ചര്‍ച്ചചെയ്യുന്നത്. ആ കുട്ടിക്ക് ഇതൊക്കെ പറയാനുള്ള ഊര്‍ജം എവിടെനിന്ന് കിട്ടി, എന്ന് ഓര്‍ക്കണം. ഒരു 12 വയസ്സുകാരന് ഇതൊക്കെ തനിയെ പറയാനും കഴിയും. പക്ഷേ ചെറുപ്പത്തിലേ മതം മസ്തിഷ്‌ക്കത്തിലേക്ക് അതിശക്തമായി കടത്തിവിടുന്നതാണ് ഇവിടുത്തെ പ്രശ്‌നം. ഒരു പാരമ്പര്യം എന്ന നിലയില്‍ മതം പഠിപ്പിച്ചോട്ടെ. പക്ഷേ വിശദമായ പഠനം കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ട് മതി എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറണം. മതപാഠശാലകള്‍ക്കായി ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് സര്‍ക്കാര്‍ ചെലവിടുന്നത് നിര്‍ത്തണം. നമ്മുടെ വിദ്യാഭ്യാസം പുര്‍ണ്ണമായും മതേതരം ആവണം”- പ്രൊഫ. ടി ജെ ജോസഫ് ചൂണ്ടിക്കാട്ടി.
തന്റെ ഭാര്യ സലോമിയുടെ മരണം ഒരു മത പ്രചോദിത കുറ്റകൃത്യമാണെന്ന് വേണമെങ്കില്‍ കണക്കാക്കാമെന്ന് ജോസഫ് മാസ്റ്റര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അറബ്യേയില്‍ ഉണ്ടായ മതത്തിന്റെ ശിക്ഷയും, ജനിച്ചുവളര്‍ന്ന മതത്തിന്റെ ശിക്ഷയും, സ്‌റ്റേറ്റിന്റെ ശിക്ഷയും ഒരുമിച്ച് ഏറ്റവുവാങ്ങേണ്ടി വന്ന വ്യക്തിയാണ് ഞാന്‍. മുഹമ്മദ് എന്ന പേര് ഒരു ചോദ്യത്തില്‍ ചേര്‍ക്കുമ്പോള്‍ ഞാന്‍ സ്വപ്‌നത്തില്‍പോലും അത് പ്രവാചകന്റെ പേരായി ചിത്രീകരിക്കപ്പെടും എന്ന് ഓര്‍ത്തില്ല. പക്ഷേ അങ്ങനെ പറഞ്ഞുകൊണ്ടാണ് ഒരു കൂട്ടര്‍ എന്റെ പേരില്‍ മത നിയമം നടപ്പാക്കിയത്. എന്നാല്‍ തുടര്‍ന്ന് ഞാന്‍ ജനിച്ച മതവും സഭയും എന്നെ വീണ്ടും ശിക്ഷിക്കയാണ് ഉണ്ടായത്. എന്നെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതോടെ കുടുംബത്തിന്റെ ഏക വരുമാനം നിന്നു. അങ്ങനെ ഒക്കെയുണ്ടായ ഡിപ്രഷനെ തുടര്‍ന്നാണ് ഭാര്യ ജീവനൊടുക്കിയത്. അതുപോലെ എനിക്കെതിരെ മത നിന്ദാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുകയാണ്, സ്‌റ്റേറ്റ് ചെയ്തത്. എന്നാല്‍ കോടതി അതെല്ലാം തള്ളിക്കളയുകമാണ് ഉണ്ടായത്.”- ജോസഫ് മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
അഭിമുഖം വായിക്കാം: ചോദ്യപേപ്പര്‍ വിവാദ കേസെടുത്തത് ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍: പ്രൊഫ ടി ജെ ജോസഫ്
ആണ്‍-പെണ്‍, രോഗം-സൗഖ്യം, ശരി- തെറ്റ്, ഇടത്-വലത്, എല്‍.ഡി.എഫ്.-യു.ഡി.എഫ്. തുടങ്ങി ദ്വന്ദ്വങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നവര്‍ ഇതിനപ്പുറമായി ഒന്നും ചിന്തിക്കുന്നില്ലെന്ന് ആരിഫ് ഹുസൈന്‍ തെരുവത്ത് പറഞ്ഞു.ഓഹരിച്ചൂതാട്ടം, കമ്പോള താത്പര്യം, മൂലധനശക്തികളെ പ്രീതിപ്പെടുത്തല്‍, സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ തുടങ്ങിയ വാക്കുകള്‍ എപ്പോഴും മുഴങ്ങുന്ന കേരളം സാമ്പത്തിക അന്ധവിശ്വാസികളുടെ തലസ്ഥാനമാണെന്ന് പി.ബി. ഹരിദാസന്‍ പറഞ്ഞു.’ഇന്ത്യന്‍ ഭരണഘടനയും ഗ്രെഗര്‍ സാംസയും’ എന്ന വിഷയത്തില്‍ സി.കെ. ഫൈസലും യൂണിഫോം സിവില്‍കോഡ് എന്ന വിഷയത്തില്‍ സി. രവിചന്ദ്രനും സംസാരിച്ചു.
മതപാഠശാലകള്‍ക്കായി ലക്ഷക്കണക്കിന് സര്‍ക്കാര്‍ ഫണ്ട് ചെലവിടുന്നത് നിര്‍ത്തണം: പ്രൊഫ.ടി.ജെ ജോസഫ്
- Design