പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന പുക മരണ കാരണം ആകുന്നത് എങ്ങനെ?
ഡൽഹിയിലെ സ്കൂൾ ബാഗ് നിർമ്മാണ ശാലയിൽ ഉണ്ടായ തീപിടുത്തവും, അനുബന്ധമായി 43 പേരുടെ മരണവും, അതിൽ 33 പേർ മരിച്ചത് വിഷപ്പുക ശ്വസിച്ചും ആണെന്ന് വായിച്ചു കാണുമല്ലോ? എന്താണ് പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന പുക? അതെന്താണ് മരണ കാരണം ആകുന്നത്?
ആദ്യമായി നമുക്ക് പ്ലാസ്റ്റിക്കിന്റെ രാസ ഘടന വിശദമായി നോക്കാം.
കൃത്രിമമായതോ, പ്രകൃതി ജന്യമായതും കൃത്രിമമായതുമായതുമായി കൂട്ടിച്ചേർത്ത കാർബണിക മിശ്രണങ്ങളായ ‘പോളിമർ’ സംയുക്തങ്ങളെ ആണ് പൊതുവായി പ്ലാസ്റ്റിക്കുകൾ എന്ന് പറയുന്നത്. കുറഞ്ഞ തന്മാത്രാ തൂക്കമുള്ള ധാരാളം ആവര്ത്തിക ഏകകങ്ങളായ ‘മോണോമറിൽ നിന്ന് രൂപം കൊള്ളുന്ന തന്മാത്രാ ഭാരം കൂടിയ സംയുക്തങ്ങളാണ് പോളിമറുകൾ എന്ന് സ്കൂളിൽ പഠിച്ചിട്ടുണ്ടാവുമല്ലോ? ഉദാഹരണത്തിന് ‘വിനൈൽ ക്ലോറൈഡ്’ എന്ന മോണോമർ തന്മാത്രകളെ രാസപ്രവർത്തനം നടത്തി (polymerization) നടത്തിയാണ് PVC അഥവാ പോളി വിനൈൽ ക്ലോറൈഡ് ഉണ്ടാക്കുന്നത്.
അപ്പോൾ പ്ലാസ്റ്റിക് കത്തിയാലോ?
കാർബണിക മിശ്രണങ്ങളായ ‘പോളിമർ’ സംയുക്തങ്ങളെ ആണ് പൊതുവായി പ്ലാസ്റ്റിക്കുകൾ എന്ന് പറയുന്നത് എന്ന് പറഞ്ഞല്ലോ, പക്ഷെ ഇതിൽ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ ഇവ കൂടാതെ ക്ലോറിൻ, നൈട്രോജൻ, ഫ്ലൂറിൻ എന്നീ മൂലകങ്ങളും കാണാം. പ്ലാസ്റ്റിക് കത്തുമ്പോൾ കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ, ഓക്സിജൻ, ജലബാഷ്പം, ക്ലോറിൻ വാതകം ഇവ കൂടതെ വിഷമയം ഉള്ള വാതകങ്ങളും ഉണ്ടാവും. ഉദാഹരണത്തിന് വിഷ വാതകം ആയ കാർബൺ മോണോക്സൈഡ്, ടോക്സിക്ക് ആയ ഡൈഓക്സിൻ (Dioxins), പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാർബണുകൾ [Polycyclic aromatic hydrocarbons (PAHs)], എന്നിവ ഉണ്ടാകാം.
അപ്പോൾ ഈ പുക ആരോഗ്യത്തിന് ഹാനികരം അല്ലെ?
അതെ, ഒരു കാരണവശാലും ഇത് ശ്വസിക്കുവാൻ ഇട വരരുത്. പുകയുമായി എത്രയും അകലം പാലിക്കാമോ അത്രയും നന്നാണ്. ഡൈഓക്സിൻ (Dioxins), പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാർബണുകൾ (PAHs) എന്നിവ കാൻസറിന് കാരണം ആയേക്കാവുന്നതും മാരക വിഷവും ആണ്.
ശ്വസിച്ചിട്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ (ശ്വാസം മുട്ടൽ, അലർജി, ശർദ്ദി etc) ഉണ്ടായാൽ ഉടനെ വൈദ്യ സഹായം നേടണം.
ഈ പുക എത്ര മാത്രം വിഷം ആണ്?
എത്ര മാത്രം ഇത് ശ്വാസ വായുവിൽ അടങ്ങി ഇരിക്കുന്നു എന്നത് അനുസരിച്ചാണ് ഇതിന്റെ വിഷം തീരുമാനിക്കപ്പെടുന്നത്. ”sola dosis facit venenum” toxicology യുടെ അടിസ്ഥാന പ്രമാണം ആണിത്. അതായത് “The dose makes the poison” ഡോസ് (മാത്ര/ അകത്തേയ്ക്ക് പോകുന്ന അളവ്) ആണ് ഒരു വസ്തുവിന്റെ വിഷലിപ്തത (toxicity) നിർണ്ണയിക്കുന്നത്. എന്തു തരം പ്ലാസ്റ്റിക് കത്തിയത്, എത്ര മാത്രം കത്തി, എന്നൊക്കെ കൃത്യമായി അറിയാതെ വിഷലിപ്തത കണക്കാക്കാൻ പറ്റില്ല. അതു കൊണ്ട് പുക കലർന്ന വായു ഒരു കാരണവശാലും ശ്വസിക്കരുത്.
പൊതു ജനങ്ങൾ എന്തൊക്കെ മുൻകരുതൽ എടുക്കണം.
തീ കാണുന്നതിനായി ഒരിക്കലും തീപിടുത്തം ഉണ്ടായ ഫാക്ടറി സമീപത്തേക്ക് പോകരുത്. കഴിവതും അകലം പാലിക്കണം. അടുത്തു താമസിക്കുന്നവർ ബന്ധു വീടുകളിലേക്കോ, സുഹൃത്തുക്കളുടെ വീടുകളിലേക്കോ താൽക്കാലികമായി താമസം മാറ്റുക. തീ കത്തി തീർന്നാൽ, പുക അന്തരീക്ഷ വായുവും ആയി കലർന്ന് അപകട സാദ്ധ്യത കുറയും, അപ്പോൾ തിരികെ സുരക്ഷിതമായി വരാം. ഫാക്ടറി ജീവനക്കാർ, ഫയർ ഫൈറ്റേഴ്സ്, ആരോഗ്യ പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ കത്തിയ ഫാക്ടറിയുടെ സമീപത്തേക്ക് പോകുമ്പോളും വേണ്ട വ്യക്തിഗത സുരക്ഷാ ക്രമീകരണങ്ങൾ (PPE) ഇല്ലാതെ പോകരുത്.
അപ്പോൾ പുക അടങ്ങിയിട്ടും ആശങ്കയ്ക്ക് വകയുണ്ടോ? ദൂര വ്യാപകമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?
അകാരണമായി ഭയപ്പെടേണ്ട കാര്യം ഇല്ല. പുക അടങ്ങുന്നത് വരെ സംയമനം പാലിക്കണം. കഴിവതും അകലം പാലിക്കണം. മുകളിൽ പറഞ്ഞല്ലോ, “The dose makes the poison” ഡോസ് (മാത്ര/ അകത്തേയ്ക്ക് പോകുന്ന അളവ്) ആണ് വിഷത്തിന്റെ അളവ് തീരുമാനിക്കുന്നത് എന്ന്. അപ്പോൾ പ്ലാസ്റ്റിക് കത്തി അത് അന്തരീക്ഷത്തിലേക്ക് കലർന്നാൽ പിന്നെ ഇതിന് കാര്യമായ ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാവാൻ വഴി ഇല്ല.
എഴുതിയത് സുരേഷ് സി. പിള്ള
കൂടുതൽ വായനയ്ക്ക്
“Polyvinyl chloride toxicity in fires: hydrogen chloride toxicity in fire fighters.” Dyer, Robert F., and Victor H. Esch. Lindberg, H. K., Väänänen, V., Järventaus, H., Suhonen, S., Nygren, J., Hämeilä, M., … & Norppa, H. (2008). JAMA 235.4 (1976): 393-397.
Toxicity of building materials. Elsevier, 2012, Pacheco-Torgal, Fernando, Said Jalali, and Aleksandra Fucic, eds..
“Persistent free radicals, heavy metals and PAHs generated in particulate soot emissions and residue ash from controlled combustion of common types of plastic.” Valavanidis, Athanasios, et al. Journal of hazardous materials 156.1-3 (2008): 277-284.
Genotoxic effects of fumes from asphalt modified with waste plastic and tall oil pitch. Mutation Research/Genetic Toxicology and Environmental Mutagenesis, 653(1), 82-90.
“Most Plastic Products Release Estrogenic Chemicals: A Potential Health Problem That Can Be Solved”. Yang, Chun Z.; Yaniger, Stuart I.; Jordan, V. Craig; Klein, Daniel J.; Bittner, George D. (2 March 2011). Environmental Health Perspectives. 119 (7): 989–996.
Comments are closed.