ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ: മുഖ്യമന്ത്രി
ജനങ്ങളാണ് ഏതു സർവീസിന്റെയും യജമാനൻമാർ എന്ന ധാരണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ രാമവർമ്മപുരത്തെ കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 121 സബ് ഇൻസ്പെക്ടർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളെ സഹായിക്കുക, ജനങ്ങളുടെ കൂടെ നിൽക്കുക, ജനങ്ങളുടെ വിശ്വാസമാർജിക്കുക എന്നിവ ഏറ്റവും പ്രധാനമാണെന്ന് തിരിച്ചറിയാൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മടിയും ഭയവും ലവലേശവുമില്ലാതെ പോലീസ് സ്റ്റേഷനിൽ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതൊരു വ്യക്തിക്കും സാധിക്കണം. പോലീസ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും നിയമപരമായ കാര്യങ്ങളിൽ ചെയ്യേണ്ടതില്ല. നിയമം നടപ്പിലാക്കുന്നതിന് മുഖം നോക്കേണ്ട കാര്യവുമില്ല.
പക്ഷഭേദമെന്യേ കാര്യങ്ങൾ നടത്തണം. പാവപ്പെട്ടവർക്ക് നീതി നിഷേധിക്കരുത്. അവർക്ക് അൽപം മുൻഗണന കൊടുത്ത് അവരെ സഹായിക്കുന്ന ശൈലി സ്വീകരിക്കാനാവണം. വനിതകൾ പഞ്ചായത്തുകളിൽ ചെന്ന് സ്ത്രീകളുടെ പരാതി സ്വീകരിക്കുന്നത് കാര്യക്ഷമമായി തുടരണം.
വനിതകളെ നേരിട്ട് സബ് ഇൻസ്പെക്ടർമാരായി നിയമനം നൽകുന്ന ആദ്യ ബാച്ചാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 121 എസ്.ഐ ട്രെയിനികളിൽ 37 വനിതകളാണുള്ളത്. എസ്.ഐ റാങ്കിൽ വനിതകൾക്കും പുരുഷൻമാർക്കും ഒരുമിച്ചും ഒരു പോലെയും പരിശീലനം നൽകുന്നതും ഇതാദ്യമാണ്. പുരുഷൻമാർക്ക് സാധ്യമാവുന്ന ഏത് കഠിന പരിശീലന പരിപാടിയും സ്ത്രീകൾക്കും സാധ്യമാവുമെന്ന്, പുരുഷന് പിന്നിലല്ല സ്ത്രീ എന്ന് തെളിയിച്ചുകഴിഞ്ഞു.
വിദ്യാസമ്പന്നരായ വനിതകൾ സേനയിലേക്ക് കടന്നുവരുന്നത് പോലീസിനും ഗുണകരമാവും. പോലീസിന്റെ സൗമ്യമുഖം ഒന്നുകൂടി ദീപ്തമാവാൻ ഇത് സഹായിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും വനിതാ പോലീസ് ഓഫീസർമാരോട് സങ്കോചം കൂടാതെ തുറന്നുസംസാരിക്കാൻ കഴിയും. ഇതൊക്കെ കണ്ടുകൊണ്ടു തന്നെയാണ് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയത്. ഇവയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്.
ഇതോടെ കേരളത്തിലെ ആകെ വനിതാ പോലീസ് സ്റ്റേഷനുകളുടെ എണ്ണം പതിനാറായി. പോലീസിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കും. ഈ സർക്കാർ ആദ്യമായി വനിതാ ബറ്റാലിയനും രൂപം നൽകി. ഇതിൽനിന്ന് ഏതാനും പേരെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി വനിതാ കമാൻഡോ സംഘത്തിനും രൂപം നൽകി.
ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് പുതുതായി പോലീസിലേക്ക് കടന്നുവരുന്നത്. പരിശീലനം പൂർത്തിയാക്കിയ 121 എസ്.ഐ ട്രെയിനികളിൽ ഒരാൾ എം.ടെക് ബിരുദധാരിയും ഒരാൾ എം.ഫിൽ ബിരുദധാരിയുമാണ്. എം.ബി.എ-മൂന്ന് പേർ, പി.ജി-26 പേർ, ബി.ടെക്-ഒമ്പത്, ബി.എഡ്-10, എൽ.എൽ.ബി-ഒന്ന് എന്നിങ്ങനെ യോഗ്യതയുള്ളവർ ഈ ബാച്ചിലുണ്ട്. നിർമ്മിത ബുദ്ധി പോലുള്ള പുതിയ സംവിധാനങ്ങളിലേക്ക് കേരള പോലീസ് ചുവടുവെക്കുമ്പോഴാണ് സാങ്കേതിക യോഗ്യതയും പരിജ്ഞാനവും ഉള്ളവർ പോലീസിലേക്ക് കടന്നുവരുന്നത്. ഇവരുടെ സേവനം ഉപയോഗിക്കുന്നതിന് സർക്കാർ അടിയന്തിര മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബെസ്റ്റ് ഇൻഡോർ കാഡറ്റായി വി.എ. ആദർശ്, ബെസ്റ്റ് ഷൂട്ടറായി ദിപു എസ്.എസ്, ബെസ്റ്റ് ഇൻഡോറായി ആർ.പി. സുജിത്, സിൻസിയറിറ്റി ആൻഡ് ഡെഡിക്കേഷന് എസ്. ഗീതുമോൾ, ബെസ്റ്റ് കാഡറ്റായി എം. പ്രദീപ് എന്നിവർക്ക് മുഖ്യമന്ത്രി ട്രോഫി സമ്മാനിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പോലീസ് അക്കാദമി ഡയറക്ടർ ഡോ. ബി. സന്ധ്യ, തൃശൂർ കോർപറേഷൻ മേയർ അജിത വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Comments are closed.