പഴയന്നൂര്‍ ഇനി ആദര്‍ശ ഗ്രാമം
പഴയന്നൂര്‍ ഇനി ആദര്‍ശ ഗ്രാമമായി മാറും. കേന്ദ്രാവിഷ്കൃത പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി) പദ്ധതിയിലേക്ക് പഴയന്നൂര്‍ ഗ്രാമത്തെ തെരഞ്ഞെടുത്തതായി ആലത്തൂര്‍ എം പി ഡോ. പി.കെ.ബിജു അറിയിച്ചു. അയ്യന്തോള്‍ ആസൂത്രണഭവനില്‍ പദ്ധതി നടത്തിപ്പിനായുളള ആലോചനയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകായിരുന്നു എം പി. അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം എല്ലാ മേഖലകളിലും സമഗ്രവികസനമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷാ കാര്‍ഷികവൃത്തി, തൊഴില്‍ തുടങ്ങി സകലമേഖലകളേയും സംജോയിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.
പഞ്ചായത്തിലെ സ്കൂളുകളുടെ ഭൗതികസാഹചര്യം ഒരുക്കുക. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുക. ആറ് വയസ്സ് വരെയുളള കുട്ടികള്‍ക്ക് ഐ സി ഡി എസിന്റെ സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടോ എന്നും ആദിവാസി മേഖലകളില്‍ പദ്ധതി പൂര്‍ണ്ണമായി നടപ്പിലാക്കുന്നുണ്ടോ എന്നും ഉറപ്പു വരുത്തുക. പഴയന്നൂര്‍ കൃഷി തൊഴില്‍ മേഖലയായതു കൊണ്ട് കൃഷിയെ പ്രോത്സാഹപ്പിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് കാര്യക്ഷമമായി ഇടപെടണം.
15 നും 35 നും ഇടയിലുളള യുവാക്കള്‍ക്ക് സ്കില്‍ ട്രെയിനിങ്ങ് നല്കി സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ബാങ്കുകള്‍ വായ്പ നല്‍കണം. സാമൂഹ്യ സുരക്ഷിതത്വത്തിനായി പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ആര് എസ് ബി വൈ കാര്‍ഡ് നല്‍കണം. ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തി ആധാര്‍ കാര്‍ഡ് നല്‍കണം. ഇതിനായി കുടുംബശ്രീയുടെ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചാത്തിലെ ഭിന്നശേഷിക്കാര്‍, വിധവകള്‍, വൃദ്ധര്‍ എന്നിവര്‍ക്ക് കൃത്യമായി പെന്ഷന് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. വില്ലേജിലെ ലൈബ്രറികള്‍ ഇ-ലൈബ്രറി ആക്കി മാറ്റും.
ഗ്രാമപഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ എ ടി എം കൗണ്ടറുകള്‍ സ്ഥാപിക്കും.പദ്ധതിയുടെ നടത്തിപ്പിനായി ഫെബ്രുവരി ഒന്നിന് തെരഞ്ഞെടുക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സര്‍വെയ്ക്കുളള പരിശീലനം നല്‍കും. തുടര്‍ന്ന് ഫെബ്രുവരി 14 ന് പഴയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ അടക്കമുളളവരുടെ അവലോകന യോഗം നടത്തും. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്, പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭന രാജന്, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥ എം.കെ.ഉഷ, ചാര്‍ജ്ജ് ഓഫീസര്‍ കെ.ജി.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments are closed.