News in its shortest

കോഹ്ലിക്ക് ഭീഷണി ബാബര്‍; റമീസ് രാജയുടെ പ്രവചനം സത്യമാകുമോ?

പാകിസ്താനിലെ ബാറ്റിങ് താരോദയം ബാബര്‍ അസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നേട്ടങ്ങളെ മറികടക്കുമെന്ന് മുന്‍ പാക് താരം റമീസ് രാജ. പക്ഷേ, അദ്ദേഹത്തിന് സമ്മര്‍ദ്ദരഹിതമായി കളിക്കാന്‍ സാധിക്കണം. ബാബര്‍ ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തും ടി20യില്‍ ഒന്നാം സ്ഥാനത്തുമാണുള്ളത്. ഏകദിനത്തില്‍ മൂന്നാമതുമാണ്. അദ്ദേഹത്തിന് കോഹ്ലിയെ വരെ തോല്‍പിക്കാനുള്ള പ്രതിഭയുണ്ടെന്ന് റമീസ് പറയുന്നു. പക്ഷേ, തോല്‍ക്കുന്നതിനെ കുറിച്ച് ചിന്തിക്കാതെ കളിക്കണമെന്ന് റമീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോഹ്ലിയുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനെ ബാബര്‍ നിരുത്സാഹപ്പെടുത്തുന്നു. കോഹ്ലി ഏറെ നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞുവെന്നും സ്വന്തം രാജ്യത്ത് അദ്ദേഹം മഹാനാണെന്നും ബാബര്‍ പറഞ്ഞു. പക്ഷേ, അദ്ദേഹം ഇന്നെവിടെ നില്‍ക്കുന്നുവോ തനിക്കും അവിടെയെത്തണമെന്ന് ബാബര്‍ കൂട്ടിച്ചേര്‍ത്തു.

2010-ല്‍ പാകിസ്താന്റെ അണ്ടര്‍ 19 ലോകകപ്പ് ടീമിലെത്തുമ്പോള്‍ ബാബറിന് പ്രായം 15. അടുത്ത ലോകകപ്പിന് 2012-ല്‍ പാക് ടീമിനേയും നയിച്ചു കൊണ്ടാണ് അദ്ദേഹമെത്തിയത്. എങ്കിലും ചാമ്പ്യന്‍മാരായ ഇന്ത്യയോട് തോല്‍ക്കാനായിരുന്നു വിധി. പക്ഷേ, ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ബാബറായിരുന്നു.

2015-ല്‍ സിംബാബ്വേയ്‌ക്കെതിരെ ഏകദിനത്തില്‍ അരങ്ങേറിയ ബാബര്‍ 2016-ല്‍ ടി20യില്‍ ഇംഗ്ലണ്ടിനെതിരേയും ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയും പാഡണിഞ്ഞു.

യുഎഇയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ അദ്ദേഹം അവസരം മുതലെടുത്തു. സ്വപ്‌നതുല്യമായ തുടക്കം ലഭിച്ചു. തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങളില്‍ സെഞ്ച്വറി.

2017-ല്‍ ബാബര്‍ അഞ്ചാം ഏകദിന സെഞ്ച്വറി നേടുമ്പോള്‍ അതിവേഗം അഞ്ച് സെഞ്ച്വറികള്‍ തികച്ചവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം പിടിച്ചു. ക്വിന്റണ്‍ ഡി കോക്ക് ആണ് പട്ടികയില്‍ ഒന്നാമന്‍. ബാബര്‍ 25 ഏകദിനങ്ങളില്‍ നിന്നാണ് അഞ്ച് സെഞ്ച്വറികള്‍ കുറിച്ചത്. അതേസമയം, 25 മത്സരങ്ങളില്‍ നിന്ന് അദ്ദേഹം കുറിച്ചത് 1306 റണ്‍സുകളാണ്. ജോനാതന്‍ ട്രോട്ടിന്റെ റെക്കോര്‍ഡാണ് ബാബര്‍ സ്വന്തം പേരില്‍ എഴുതിയത്. 25 മത്സരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡ്.

മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള താരത്തിനുവേണ്ടിയുള്ള പാകിസ്താന്റെ അന്വേഷണം ഒടുവില്‍ അവസാനിച്ചത് ബാബറിലാണ്.

ഇതുവരെ 26 ടെസ്റ്റുകള്‍ കളിച്ച ബാബര്‍ 48 ഇന്നിങ്‌സുകളില്‍ നിന്നായി 1850 റണ്‍സ് എടുത്തിട്ടുണ്ട്. 143 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ആവറേജ് 45.12. അഞ്ച് സെഞ്ച്വറികള്‍. 12 അര്‍ദ്ധ സെഞ്ച്വറികള്‍.

ഏകദിനത്തില്‍ 74 മത്സരങ്ങളില്‍ നിന്ന് 11 സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ 3359 റണ്‍സ് എടുത്ത ബാബര്‍ അഭിമുഖീകരിച്ചത് 3857 പന്തുകളാണ്. ശരാശി 54.18. ഉയര്‍ന്ന സ്‌കോര്‍ 125.

പഞ്ചാബിലെ ലാഹോറില്‍ 1994 ഒക്ടോബര്‍ 15-ന് ജനിച്ച ബാബര്‍ വലംകൈയന്‍ ബാറ്റ്‌സ്മാനാണ്.

ടി20യിലാകട്ടെ, 38 മത്സരങ്ങളില്‍ നിന്ന് 1471 റണ്‍സെടുത്തിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 97. ആവറേജ് 50.71. അഭിമുഖീകരിച്ച പന്തുകള്‍ 1148.

Comments are closed.