ബിജെപി നേതാവ് യെദ്യൂരപ്പ ഏറ്റവും വലിയ അഴിമതിക്കാരനെന്ന് അമിത് ഷാ, പറഞ്ഞത് പിന്നീട് വിഴുങ്ങി ബിജെപി അധ്യക്ഷന്‍
ബിജെപിയെ പ്രതിരോധത്തിലാക്കി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായി യെദ്യൂരപ്പ ഏറ്റവും വലിയ അഴിമതിക്കാരനെന്ന് അമിത് ഷാ പറഞ്ഞു. വേദിയില്‍ കൂടെ അടുത്ത മുഖ്യമന്ത്രിയായി ബിജെപി ഉയര്‍ത്തി കാണിക്കുന്ന യെദ്യൂരപ്പയും ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു നേതാക്കള്‍ എന്താണ് സംഭവിച്ചതെന്ന് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പറഞ്ഞത് ആ വേദിയില്‍ തന്നെ ഷാ വിഴുങ്ങുകയും ചെയ്തു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമ്മയക്ക് എതിരെ ആഞ്ഞടിച്ച് സംസാരിച്ചു കൊണ്ടിരിക്കവേയാണ് ആരോപണങ്ങളെയെല്ലാം നിക്ഷ്പ്രഭമാക്കി കൊണ്ട് അമിത് ഷാ യെദ്യൂരപ്പ ഏറ്റവും വലിയ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ച് സംസാരിച്ചത്.
പ്രസ്താവന തിരുത്തിയെങ്കിലും കോണ്‍ഗ്രസ് വെറുതെ വിട്ടിട്ടില്ല. അവര്‍ ഷായുടെ പ്രസ്താവനയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മുമ്പ് കര്‍ണാടകയില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച യെദ്യൂരപ്പ വലിയ അഴിമതി ആരോപണ വിധേയനായി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്തു പോകേണ്ടി വന്നിരുന്നു. പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് നിര്‍ണായകമായ വോട്ടുകള്‍ പിടിച്ചത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഇതേതുടര്‍ന്ന് അഴിമതി ആരോപണങ്ങളെ അവഗണിച്ച് ബിജെപി യെദ്യൂരപ്പയെ തിരികെ പാര്‍ട്ടിയിലെടുത്തു. അഴിമതിക്ക് എതിരെ വായ്തോരാതെ സംസാരിക്കുന്ന ബിജെപി നേതാക്കള്‍ അഴിമതി ആരോപണ വിധേയനായ യെദ്യൂരപ്പയെ തിരികെയെടുത്തത് ഇരട്ടത്താപ്പാണെന്ന് വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.