തൃശൂരിലും ഇനി നൈറ്റ് ഷോപ്പിങ്
ഡിസംബർ 15 മുതൽ ജനുവരി 15 വരെ നീണ്ടു നിൽക്കുന്ന ഹാപ്പി ഡെയ്സ് നൈറ്റ് ഷോപ്പിങ്ങിലൂടെ രാത്രികാല ഷോപ്പിങ് അനുഭവത്തിന് തൃശൂർ നഗരം വേദിയാകുന്നു. തൃശൂർ കോർപ്പറേഷൻ, ചേംബർ ഓഫ് കോമേഴ്സ് വ്യാപാര വ്യവസായി ഏകോപന സമിതി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ, ബേക്കറി മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ, വ്യാപാര വ്യവസായ സഹോദര സംഘടനകൾ, കലാസാംസ്കാരിക, സാമൂഹ്യസേവന സംഘടനകൾ സംയുക്തമായാണ് ഹാപ്പി ഡെയ്സ് നൈറ്റ് ഷോപ്പിങ് സംഘടിപ്പിക്കുന്നത്.
വൈകീട്ട് 6 മണി മുതൽ രാത്രി 11 വരെ ഇത് നീണ്ടു നിൽക്കും. ക്രിസ്തുമസ്-പുതുവത്സരം ആഘോഷങ്ങളും ഇതിൽ കൂട്ടിയിണക്കും. നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്വാഗത കമാനങ്ങൾ ഉൾപ്പെടെ നഗരപ്രാന്തപ്രദേശങ്ങൾ ദീപാലങ്കാരം കൊണ്ട് കമീനയമാക്കും. വിവിധ ഇടങ്ങളിലായി കലാ-സാംസ്കാരിക പരിപാടികളും പൈതൃക പാരമ്പര്യ കലാരൂപ പ്രദർശനവും ഉണ്ടാകും.
കുട്ടികൾക്കും, സ്ത്രീകൾക്കും ഉൾപ്പെടെ കലാകായിക മത്സരങ്ങൾ, സ്ഥാപനങ്ങളിലൂടെ ഓഫറുകൾ, നറുക്കെടുപ്പ്, അമ്യൂസ്മെന്റ് പാർക്ക് എന്നിവയും ഉണ്ടാവും. കിഴക്കേകോട്ട, ശക്തൻ മാർക്കറ്റ്, കൊക്കാലെ, വഞ്ചികുളം, പടിഞ്ഞാറേകോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കാൽ എന്നിവിടങ്ങളിൽ വലിയൊരു വ്യാപാര ശ്യംഖല രാത്രി 11 വരെ തുറന്ന് പ്രവർത്തിക്കും. ഇതിനായി സംഘാടക സമിതിയും രൂപീകരിക്കും. നൈറ്റ് ഷോപ്പിങ്ങിനെത്തുന്നവർക്ക് രാത്രി സൗജന്യ വാഹനയാത്ര സൗകര്യവും ഏർപ്പെടുത്തും.
Comments are closed.