അടുത്ത അദ്ധ്യയന വര്‍ഷം മികവിന്റേത്: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്
അടുത്ത അദ്ധ്യയന വര്‍ഷം മികവിന്റെ വര്‍ഷമായി ആചരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഒല്ലൂര്‍ വൈലോപ്പിളളി എസ് എം എം ജി വി എച്ച് എസ് സ്‌കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂള്‍ മുതല്‍ കോളേജ് തലം വരെ കൃത്യ സമയത്ത് പരീക്ഷ നടത്തുന്നതിന്റെയും ഫലം പ്രസിദ്ധീകരിക്കുന്നതിന്റെയും കലണ്ടര്‍ പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികളുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനുളള പരിഷ്‌ക്കാരങ്ങള്‍ പാഠ്യപദ്ധതിയില്‍ നടപ്പാക്കും.
ഇന്‍ഫര്‍മേഷന്‍ (വിവരങ്ങള്‍) നോളജ് (ജ്ഞാനത്തിന്റെ) തലത്തിലേക്ക് ഉയര്‍ത്തി വിദ്യാര്‍ത്ഥികളില്‍ അന്വേഷണ ത്വര ഉണര്‍ത്തി അവരുടെ മികവ് ഉയര്‍ത്തുന്നതായിരിക്കണം വിദ്യാഭ്യാസം. നൂറു തലമുറയെ സംഭാവന ചെയ്ത വിദ്യാലയമാണ് വൈലോപ്പിളളി എസ് എം എം ജി വി എച്ച് എസ് എസ് സ്‌കൂള്‍. വിദ്യാഭ്യാസം വ്യക്തിത്വത്തിന്റെ കേന്ദ്രബിന്ദുവാണെങ്കില്‍ ഗ്രാമത്തിന്റെ ഹൃദയമാണ് വിദ്യാലയം. കഴിഞ്ഞ നൂറു വര്‍ഷത്തിനുളളില്‍ സംഭാവന ചെയ്ത പ്രഗല്‍ഭരേക്കാള്‍ അധികം പേരെ അടുത്ത നൂറു വര്‍ഷത്തില്‍ സംഭാവന ചെയ്യാന്‍ വൈലോപ്പിളളി എസ് എം എം ജി വി എച്ച് എസ് എസ് സ്‌കൂളിന് കഴിയണം. ശതാബ്ദി ആഘോഷ പ്രവര്‍ത്തനങ്ങള്‍ അനുകരണീയ മാതൃകയാക്കാന്‍ കഴിയും വിധം സംഘടിപ്പിക്കാന്‍ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.
ഇതോടൊപ്പം മലയാളത്തിന്റെ പ്രിയ കവിയും സ്‌കൂളിന്റെ പ്രധാനാദ്ധ്യപകനുമായിരുന്ന വൈലോപ്പിളളിയുടെ അര്‍ദ്ധകായ പ്രതിമ വിദ്യാഭ്യാസ വകുപ്പു മന്ത്രി അനാച്ഛാദനം ചെയ്തു. വി എച്ച് എസ് ഇ വിഭാഗം കാരുണ്യപ്രവര്‍ത്തന ധനശേഖരണാര്‍ത്ഥം നിര്‍മ്മിച്ചിട്ടുളള കുടകളുടെ വില്‍പ്പനയും മന്ത്രി നിര്‍വഹിച്ചു. മുന്‍ പി ടി ഐ പ്രസിഡണ്ട് ജോസ് കാച്ചപ്പളളി ആദ്യ കുട വാങ്ങി. സ്‌കൂളിന്റെ പുതിയ ലോഗോ മന്ത്രിയും കെ രാജന്‍ എം എല്‍ എ യും ചേര്‍ന്ന് പ്രകാശനം ചെയ്തു. മികച്ച ഗണിത അദ്ധ്യാപികയ്ക്കുളള അവാര്‍ഡ് വി ജെ മിനി മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. സന്തോഷ് ട്രോഫി ജേതാവായ ജിതിന്‍ എം എസിനെ ട്രോഫി നല്‍കി അനുമോദിച്ചു. പരിശീലകന്‍ ജോസഫ് കാട്ടുക്കാരനെ പൊന്നാട അണിയിച്ച് ആദരിച്ചു.
എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ അജിന്‍ പി എസ്, വി എച്ച് എസ് ഇ പരീക്ഷയില്‍ മികവു പുലര്‍ത്തിയ ഗ്ലാറ്റിന ജോജു, റോസ് മോള്‍ ജെയ്‌സണ്‍, ഹെലന്‍ ട്രിയ തെരേസ, ലിസ്‌ന ബേബി എന്നിവര്‍ക്ക് മന്ത്രി സമ്മാനം നല്‍കി. മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. കെ രാജന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് മറീന ജോസ്, പ്രിന്‍സിപ്പാള്‍ വിജന എ വി, കൗണ്‍സിലര്‍മാരായ സുരേഷിണി സുരേഷ്, കരോളി ജോഷ്വ, ഒ എസ് എ പ്രസിഡണ്ട് പി എസ് സതീശന്‍, സെക്രട്ടറി പ്രൊഫ. വി എ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കൗണ്‍സിലര്‍ സി പി പോളി സ്വാഗതവും പി ടി എ പ്രസിഡണ്ട് സി കെ പീതാംബരന്‍ നന്ദിയും പറഞ്ഞു.
Comments are closed.