അഞ്ചടി കനമുള്ള മതിലിനും രക്ഷിക്കാനായില്ല, ആധാര്‍ വീണ്ടും ചോര്‍ന്നു
ആധാര്‍ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു. വാര്‍ത്ത പുറത്തുവിട്ട വെബ്‌സൈറ്റിനെതിരെ നിയമ നടപടി ഭീഷണിയുമായി കേന്ദ്ര സര്‍ക്കാര്‍. ബയോമെട്രിക് ഐഡന്റിറ്റി പദ്ധതിയായ ആധാറിലെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷാ പാളിച്ചകള്‍ കാരണം ചോര്‍ന്നുവെന്ന് ഇസഡ് ഡി നെറ്റ് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ യുഐഡിഎഐ വാര്‍ത്ത നിഷേധിക്കുകയും വെബ്‌സൈറ്റിന് എതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പറഞ്ഞു.
ആധാര്‍ എടുത്തിട്ടുള്ളവരുടെ പേര്, 12 അക്ക തിരിച്ചറിയല്‍ സംഖ്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നിട്ടുള്ളത്. ആധാറിലെ സുരക്ഷാ വീഴ്ചകള്‍ സര്‍ക്കാര്‍ ഏജന്‍സികളെ അറിയിച്ചിട്ടും പരിഹരിച്ചില്ലെന്ന് വെബ്‌സൈറ്റ് പറയുന്നു.
ആധാറിനെ കുറിച്ച് കേസില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആധാര്‍ വിവരങ്ങള്‍ അഞ്ചടി കനമുള്ളതും 13 അടി ഉയരവുള്ള മതിലിനുള്ളിലാണ് സൂക്ഷിക്കുന്നതെന്നും അതിനാല്‍ വിവരങ്ങള്‍ ചോരില്ലെന്നും സുപ്രീംകോടതിയെ അറിയിച്ച് അപഹാസ്യനായി മാറി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ചോര്‍ച്ചയെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വരുന്നത്.
നേരത്തെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടറുടെ ജോലി നഷ്ടമായിരുന്നു. പിന്നാലെ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ എഡിറ്ററും രാജി വച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കാരണമാണിതെന്ന ആരോപണം നിലനില്‍ക്കവേയാണ് പുതിയ ചോര്‍ച്ച പുറത്തുവരുന്നത്.
വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.