News in its shortest

എന്‍ഡിഎയുടേത് യുപിഎയെ നാണിപ്പിക്കുന്ന കോര്‍പറേറ്റ് ദാസ്യമെന്ന് മുഖ്യമന്ത്രി

സാമ്പത്തിക കാര്യങ്ങളില്‍ വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാടുകളായിരുന്നു യുപിഎ നടപ്പിലാക്കി വന്നതെങ്കില്‍ അവരെപോലും നാണിപ്പിക്കുന്ന കോര്‍പ്പറേറ്റ് ദാസ്യമാണ് ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സാമ്പത്തിക രംഗം പ്രതിസന്ധിയിലേക്ക് വീണപ്പോള്‍ കൂടുതല്‍ ഉദാരവത്കരണമാണ് വേണ്ടതെന്നു വാദിച്ചു കോര്‍പ്പറേറ്റ് ഫണ്ടിങ്ങിന്റെ കൂടി ആനുകൂല്യത്തില്‍ അധികാരത്തിലേറിയ ഇന്നത്തെ ബിജെപി സര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മോശം ധനകാര്യമാനേജ്‌മെന്റ് ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്ത് ബാങ്കിങ് മേഖല മുന്‍പില്ലാത്ത വിധം ചക്രശ്വാസം വലിക്കുകയാണ്, പാവങ്ങളായ ഉപഭോക്താക്കളെ പിഴിഞ്ഞാണ് ഇപ്പോള്‍ അവര്‍ നിലനില്‍പ്പിനു ശ്രമിക്കുന്നത്.

നൂറുകോടി വീതമോ അതിലേറെയോ കിട്ടാകടമായിമാറിയ 1,463 അക്കൗണ്ടുകളാണ് വിവിധ പൊതുമേഖല ബാങ്കുകളില്‍ ഉള്ളത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിറുത്താന്‍ കഴിയാത്ത പാവങ്ങളില്‍ നിന്നും പിഴയായി ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 1771 കോടി രൂപയാണ് എസ്ബിഐ മാത്രം പിരിച്ചെടുത്തത്. അതേ എസ് ബി ഐയില്‍ നൂറുകോടിക്ക് മേല്‍ കിട്ടാക്കടമുള്ള 205 അക്കൗണ്ടുകള്‍ ഉണ്ട് എന്നതാണ് കൗതുകകരമായ കാര്യം.

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകള്‍ക്ക് 7.34 ലക്ഷം കോടിയാണ് കിട്ടാക്കടം. കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചാനിരക്കിലേക്കാണ് നമ്മുടെ രാജ്യം നീങ്ങുന്നത്. ആ സാഹചര്യത്തില്‍ കിട്ടാക്കടം ഗുരുതരമായി പെരുകുന്നത് രാജ്യത്തെ ബാങ്കിംങ് മേഖലയെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.