News in its shortest

മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യത്തെ ദുർബലമാക്കുന്നു: ഡോ.സെബാസ്റ്റ്യൻ പോൾ

സ്വതന്ത്ര മാധ്യമ പ്രവർത്തനം ഉറപ്പു വരുത്തുന്നതിനായി രൂപം കൊടുത്തിട്ടുളള പ്രസ്സ് കൗൺസിൽ പോലുളള സ്ഥാപനങ്ങൾ ദുർബലമാകുന്നത് ജനാധിപത്യ സംവിധാനത്തിന് ഒരിക്കലും ഭൂഷണമല്ലെന്ന് മുൻ എംപിയും മാധ്യമ നിരീക്ഷകനുമായ സെബാസ്റ്റ്യൻ പോൾ. ഭരണഘടന സ്ഥാപനങ്ങൾ സ്വന്തം കർത്തവ്യങ്ങൾ വിസ്മരിക്കുന്നത് ഏകാധിപത്യപ്രവണതകളെ വളർത്തുന്നതിന് മാത്രമേ ഉപകരിക്കൂ. ദേശീയ പത്രദിനത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങൾക്ക് കൂച്ച് വിലങ്ങിടാനുളള ശ്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഇന്ന് രാജ്യത്ത് നടക്കുന്നുണ്ട്. മാധ്യമങ്ങളെ ഏതു വിധേനയും ചൊൽപ്പടിക്ക് നിർത്താനുളള അധികാര കേന്ദ്രങ്ങളുടെ നീക്കങ്ങളെ ശക്തമായി ചെറുക്കാനായില്ലെങ്കിൽ ജനാധിപത്യം, മതേതരത്വം തുടങ്ങി കാലങ്ങളായി സൂക്ഷിച്ചു പോന്ന മൂല്യങ്ങൾ നമുക്ക് എന്നന്നേയ്ക്കുമായി നഷ്ടപ്പെടും. ജനങ്ങളെ വിവരമറിയിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്ന മാധ്യമ പ്രവർത്തകർക്കെതിരെ കോടതികളിൽ കയ്യേറ്റമുണ്ടായപ്പോഴും പെയ്ഡ് ന്യൂസ് എന്ന അനാരോഗ്യകരമായ പ്രവണത മാധ്യമങ്ങളിൽ തലപൊക്കിയപ്പോഴും ശരിയായ രീതിയിൽ ഇടപെടുന്നതിൽ ഇന്ത്യയിലെ പ്രസ് കൗൺസിൽ പരാജയപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ചരിത്രത്തോട് നീതി പുലർത്തി വേണം ദേശീയ പത്രദിനം ആചരിക്കാൻ. ഇന്ത്യൻ മാധ്യമ ചരിത്രത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയ ധീരനും ക്രാന്തദർശിയുമായ ജെയിംസ് അഗസ്റ്റസ് ഹിക്കിയെ അനുസ്മരിക്കാനുളള അവസരമായിക്കണ്ട് അദ്ദേഹത്തിന്റെ പത്രം ഹിക്കീസ് ബംഗാൾ ഗസറ്റ് പുറത്തു വന്ന ജനുവരി 29 ന് ദേശീയ മാധ്യമദിനമായി ആചരിക്കുന്നതായിരിക്കും ഉചിതമെന്നും ഡോ.സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു.

കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല അധ്യക്ഷത വഹിച്ചു. കേരള മീഡിയ അക്കാദമി ജേർണലിസം വിഭാഗം അദ്ധ്യാപിക കെ.ഹേമലത സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ.എം.ശങ്കർ, ഫോട്ടോജേർണലിസം വിഭാഗം കോ ഓർഡിനേറ്റർ ലീൻ തോബിയാസ്, പബ്ലിക് റിലേഷൻസ് വിഭാഗം അദ്ധ്യാപിക വി.ജെ.വിനീത എന്നിവർ ആശംസയും ജേർണലിസം കമ്മ്യൂണിക്കേഷൻ വിഭാഗം വിദ്യാർത്ഥി വിപിൻ ദാസ് നന്ദിയും പറഞ്ഞു.

Comments are closed.