എന്റെ സങ്കല്‍പ്പത്തിലെ സഖാവ്; എന്‍ ഇ ബാലറാമിനെ കുറിച്ച് അഷ്ടമൂര്‍ത്തി എഴുതുന്നു
അഷ്ടമൂര്‍ത്തി കെ വി
ഒരു കമ്മ്യൂണിസ്‌റ്റുകാരന്‍ എങ്ങനെ ആയിരിയ്‌ക്കണമെന്ന് എന്റെ സങ്കല്‍പ്പത്തിലുണ്ടോ അതായിരുന്നു എന്‍ ഇ ബാലറാം എന്ന് ഗീതാനസീറിന്റെ Geetha Nazeer `ബാലറാം എന്ന മനുഷ്യന്‍’ എന്ന പുസ്‌തകം വായിയ്‌ക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.
ജീവിതത്തില്‍ ലാളിത്യം കാത്തുസൂക്ഷിയ്‌ക്കുന്നവനും മനുഷ്യരോട് ഇടപഴകുന്നവനും പുസ്‌തകങ്ങള്‍ വായിയ്‌ക്കുന്നവനും ആണ് എന്റെ സങ്കല്‍പ്പത്തിലെ സഖാവ്. അതെല്ലാമായിരുന്നു ഞാലില്‍ ഇടവലത്ത് ബാലറാം.
പിണറായി ഗ്രാമത്തിലെ പാറപ്രം എന്ന പ്രദേശത്ത് 1939-ല്‍ നടന്ന സമ്മേളനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്ക് ബീജാവാപം നല്‍കിയത്. അതില്‍ പങ്കെടുത്ത 40 പേരില്‍ ഒരാളായിരുന്നു എന്‍ ഇ ബാലറാം.
Also Read: ആദ്യ പ്രതിഫലം 50 രൂപ, അസുര നിരസിച്ചത് 18 പ്രമുഖ പ്രസാധകര്‍, ഇന്ന് തിരക്കേറിയ എഴുത്തുകാരന്‍
പിന്നീട് നിയമസഭാംഗമായും മന്ത്രിയായും സി പി ഐയുടെ സ്റ്റേറ്റ് സെക്രട്ടറിയുമായും രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചപ്പോഴൊക്കെ മുകളില്‍പ്പറഞ്ഞ മൂന്ന് ഗുണങ്ങളും വിടാതെ പിന്തുടര്‍ന്നാണ് എന്‍ ഇ ബാലറാം ജീവിച്ചത്.
കയ്യില്ലാത്ത ബനിയനും ഒറ്റമുണ്ടുമായിരുന്നു വേഷം. ചെരിപ്പു പോലും ഒരു വിദേശരാജ്യം സന്ദര്‍ശിയ്‌ക്കാന്‍ പോയപ്പോഴാണ് ആദ്യമായി ധരിയ്‌ക്കുന്നത്. ചുണ്ടില്‍ മുറിബീഡിയുമായി കസേരയില്‍ കാലെടുത്തു വെച്ച് കുന്തിച്ചിരിയ്‌ക്കുന്ന വ്യവസായമന്ത്രിയുടെ ചിത്രം ഗീതാനസീര്‍ വരച്ചിട്ടിട്ടുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശിച്ച ഏതു ജോലി നിര്‍വ്വഹിയ്‌ക്കുമ്പോഴും അത് പാവപ്പെട്ടവര്‍ക്ക് എങ്ങനെ ഉപകരിയ്‌ക്കും എന്ന കാര്യത്തില്‍ ബദ്ധശ്രദ്ധാലുവായിരുന്നു സഖാവ് ബാലറാം.
പാര്‍ട്ടി ഏല്‍പിച്ച തിരക്കു പിടിച്ച ഉത്തരവാദിത്വങ്ങള്‍ക്കിടയിലും അദ്ദേഹം വായനയില്‍ മുഴുകി. കുട്ടിക്കാലത്തു തന്നെ തുടങ്ങിയ ശീലമായിരുന്നു അത്. ബാലറാം എന്ന വായനക്കാരന് അക്കാര്യത്തില്‍ വിവേചനമുണ്ടായിരുന്നില്ല. വായിച്ചു കൂട്ടിയ പുസ്‌തകങ്ങള്‍ക്ക് കണക്കില്ല. വേദവും ഉപനിഷത്തും സാഹിത്യവും ശാസ്‌ത്രവും എന്നു വേണ്ട അദ്ദേഹത്തിന്റെ വായനയുടെ പരിധിയില്‍ വരാത്ത വിഷയങ്ങളൊന്നുമുണ്ടായിരുന്നില്ല. ബാലറാമിന്റെ വായനയ്‌ക്ക് നിയന്ത്രണം കൊണ്ടുവരണം എന്നു പോലും പാര്‍ട്ടി ഒരു ഘട്ടത്തില്‍ ആലോചിച്ചിരുന്നു എന്ന് ബാലറാമിന്റെ മരുമകന്‍ കൂടിയായ പ്രശസ്‌ത എഴുത്തുകാരന്‍ എന്‍ ഇ സുധീര്‍ ഒരു കുറിപ്പില്‍ പറയുന്നുണ്ട്. പോരാത്തതിന് എഴുത്തും. ബാലറാമിന്റെ സമ്പൂര്‍ണ്ണകൃതികള്‍ 3880 പുറങ്ങളില്‍ 10 വോള്യങ്ങളായാണ് പ്രസിദ്ധീകൃതമായിട്ടുള്ളത്.
Also Read: പരിഭാഷ വാക്കുകളെ പോലെ ഭാവവും പ്രധാനം
അദ്ദേഹത്തിന്റെ ഈ പാണ്‌ഡിത്യം മറ്റൊരു തരത്തില്‍ ഉപയോഗപ്പെടുത്താനാവാതെ പോയതാണ് എന്നെ നടുക്കുന്നത്. അത് കമ്മ്യൂണിസത്തിന് ഒരിന്ത്യന്‍ പാത തീര്‍ക്കാനുള്ള ഉദ്യമം നടക്കാതെ പോയതാണ്. എന്‍ ഇ സുധീര്‍ Sudheer NE ബാലറാമിനേക്കുറിച്ച് അടുത്ത കാലത്ത് എഴുതിയ ഒരു ലേഖനത്തില്‍നിന്ന് അല്‍പം ഉദ്ധരിയ്‌ക്കട്ടെ:
“സോവിയറ്റ് യൂണിയനില്‍ ഗൊര്‍ബച്ചേവിന്റെ പരിഷ്‌കാരം കൊടുമ്പിരിക്കൊണ്ട കാലത്ത് നമ്മുടെ നാട്ടിലും കമ്മ്യൂണിസത്തിന്റെ വഴികളേപ്പറ്റി ചില സന്ദേഹങ്ങള്‍ ഉയര്‍ന്നിരുന്നു. ചര്‍ച്ചകള്‍ ധാരാളം നടന്നു. മാറ്റങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവരുടെ പതിവുരീതികളില്‍നിന്നു മാറാന്‍ തയ്യാറായില്ല. ഇവിടെ എല്ലാം ഭദ്രം എന്ന വ്യാജനിലപാടുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവര്‍ ഗൊര്‍ബ്ബച്ചേവിനെ വില്ലനായി കണ്ടു. അദ്ദേഹം നടപ്പില്‍ വരുത്തിയ ഗ്ലാസ്‌നോസ്‌തും പെരിസ്‌ത്രോയിക്കയും തള്ളിക്കളയേണ്ട ആശയങ്ങളാണെന്നു വാദിച്ചു. മറുവാദം ഉന്നയിച്ചവര്‍ പതിവുപോലെ ആലസ്യത്തിലേയ്‌ക്കു മടങ്ങി./കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി പി ഐ) എന്ന ചെറിയ പാര്‍ട്ടി മാത്രം ചില ആലോചനകള്‍ക്കു തയ്യാറായി. പാര്‍ട്ടിയുടെ ഭരണഘടന പുതുക്കിപ്പണിയുന്നതിനേപ്പറ്റി ആലോചിയ്‌ക്കാനും അതിനായി ഒരു രൂപരേഖ തയ്യാറാക്കാനുമായി അവര്‍ പണ്‌ഡിതനും പ്രമുഖ നേതാവുമായിരുന്ന എന്‍ ഇ ബാലറാമിനെ ചുമതലപ്പെടുത്തി. അദ്ദേഹം ഏകദേശം രണ്ടു വര്‍ഷം അതിനായി കഠിനാദ്ധ്വാനം ചെയ്‌തു. സമൂലവും സമഗ്രവുമായ മാറ്റങ്ങള്‍ ബാലറാം മുന്നോട്ടു വെച്ചു. അത് സോവിയറ്റ് യൂണിയനിലേയും കിഴക്കന്‍ യൂറോപ്പിലേയും അനുഭവപശ്ചാത്തത്തില്‍ മാത്രം ഊന്നിക്കൊണ്ടായിരുന്നില്ല. കമ്മ്യൂണസത്തിന് ഒരു ഭാരതീയമുഖം ഉണ്ടാക്കിയെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതേസമയം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പ്രായോഗികതയില്‍ മുന്നിട്ടുനിന്ന രണ്ടു രീതികളോടുള്ള എതിര്‍പ്പ് ബാലറാമിനെ അസ്വസ്ഥനാക്കിയിരുന്നു. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യവും ജനാധിപത്യകേന്ദ്രീകരണവും പുനര്‍ചിന്തകള്‍ക്കു വിധേയമാക്കേണ്ട രണ്ടു കാര്യങ്ങളാണെന്ന് വളരെക്കാലമായി അദ്ദേഹം കരുതിയിരുന്നു. ഇതെല്ലാം മനസ്സില്‍ വെച്ചുകൊണ്ടാണ് അദ്ദേഹം താനേറ്റെടുത്ത വലിയ ഉത്തരവാദിത്വത്തെ വിനിയോഗിയ്‌ക്കാന്‍ തീരുമാനിച്ചത്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇങ്ങനെയൊരു സുവര്‍ണ്ണാവസരം അദ്ദേഹം കാത്തിരിയ്‌ക്കുകയായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇതൊന്നും ഉള്‍ക്കൊള്ളാനുള്ള കരുത്ത് ആ ചെറിയ പാര്‍ട്ടിയുടെ നേതൃത്വത്തിന് അന്ന് ഉണ്ടായിരുന്നില്ല. ബാലറാമിന്റെ വേഗതയിലേയ്‌ക്ക് എത്താന്‍ ആ പാര്‍ട്ടിയ്‌ക്കു സാധിച്ചില്ല. ബാലറാമിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിപ്പോയി. ആ രേഖ വെളിച്ചം കണ്ടതേയില്ല. ക്ഷുഭിതനായ അദ്ദേഹം ആ രേഖകള്‍ കത്തിച്ചുകളഞ്ഞു എന്നാണറിവ്. അധികം വൈകാതെ കടന്നുവന്ന ഒരു ഹൃദയാഘാതം ബാലറാമിന്റെ ജീവിതത്തെ അവസാനിപ്പിയ്‌ക്കുകയും ചെയ്‌തു. മാറ്റം ആഗ്രഹിച്ച മറ്റു മുതിര്‍ന്ന നേതാക്കളും അവശരും രോഗാതുരരും ആയിരുന്നു. കാലം അവരേയും കവര്‍ന്നെടുത്തു. നേതൃത്വം അതിനേപ്പറ്റി പിന്നീടിങ്ങോട്ട് മൗനം പാലിച്ചു.”
ADVT: KAS Online Coaching visit: www.ekalawya.com
ഇത്രയും വിശദമായി പറഞ്ഞിട്ടില്ലെങ്കിലും ഈ വിഷയം `ബാലറാം എന്ന മനുഷ്യ’നിലും കടന്നുവരുന്നുണ്ട്. സത്യത്തില്‍ സുധീറിന്റെ ലേഖനമാണ് എന്നെ ഗീതാനസീറിന്റെ പുസ്‌തകത്തിലേയ്‌ക്ക് എത്തിച്ചത്.
ഗീതാനസീറിന്റെ പുസ്‌തകം പഴയ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയുടെ മകനെന്ന നിലയിലും ഇപ്പോഴും ഇടതുപക്ഷമനസ്സ് കാത്തുസൂക്ഷിയ്‌ക്കുന്ന ആളെന്ന നിലയിലും എനിയ്‌ക്ക് പ്രിയതരമാവുന്നുണ്ട്.
(അഷ്ടമൂര്‍ത്തി കെ വി ഫേസ്ബുക്കില്‍ കുറിച്ചത്)
Comments are closed.