മോണിക്ക സെലസ്: പാതിവഴിയിൽ ചതിച്ചു വീഴ്ത്തപ്പെട്ട പ്രതിഭ
അതവളുടെ പതിവ് തുടക്കം ആയിരുന്നു. തകർത്തു വിട്ടെന്നോ, ഏകപക്ഷീയമെന്നോ നാളെ പത്രങ്ങളിൽ വാർത്ത വന്നേക്കാം. എന്തുതന്നെയായാലും ലോക ഒന്നാം നമ്പർ താരം വെല്ലുവിളിയൊന്നുമില്ലാതെ തന്റെ എതിരാളിയെ തകർത്തു വിടുന്ന ഒരു മത്സരത്തിന്റെ സ്വാഭാവിക തുടക്കമായിരുന്നു അത്.
ഹാംബുർഗിൽ 1993 ഏപ്രിൽ 30 ന് മഗ്ഡലീന മലീവയ്‌ക്കെതിരായ മോണിക്ക സെലസിന്റെ ക്വാർട്ടർ ഫൈനൽ. ലോക ഒന്നാം നമ്പർ താരം, സെലെസ് ഇതിനകം തന്നെ ആദ്യ സെറ്റ് സ്വന്തമാക്കിയിരുന്നു. രണ്ടാമത്തെ സെറ്റ്ൽ മത്സരം കടുത്തു., ആദ്യ മൂന്ന് ഗെയിം നഷ്ടപ്പെടുത്തിയതിനു ശേഷം സെലെസ് പിന്നീടുള്ള നാല് ഗെയിം തുടർച്ചയായി നേടി സ്കോർ 4-3 എത്തിച്ചു.
മത്സരത്തിന്റെ അവസാനങ്ങളിൽ അസാധാരണമായ സ്ഥൈര്യം കാട്ടാറുള്ള അവർ ആ മാച്ചിന്റെ അവസാനം മുന്നിൽ കണ്ടു. ഓരോ രണ്ട് ഗെയിമുകളിലും അനുവദിക്കപ്പെട്ട 90 സെക്കൻഡ് വിശ്രമത്തിനായി തന്റെ ബെഞ്ചിലേക്കവൾ നടന്നു. വെള്ളം ഒരിറക്ക് കുടിച്ചവൾ ഏകാഗ്രതയോടെ ഒരു നിമിഷം കണ്ണടച്ചു.
****
ടെന്നീസ് കാർട്ടൂണുകൾ വരച്ചു നൽകിയാണ് അച്ഛൻ അവളെ വളർത്തിയത്. ആഭ്യന്തര വംശീയ പ്രശ്നങ്ങളിൽ ഉഴലുന്ന ആ നാട്ടിൽ ഒരു നല്ല ടെന്നീസ് കോർട്ട് പോലും അവൾക്കില്ലായിരുന്നു. കാർ പോർച്ച് ആയിരുന്നു എട്ടാം വയസ്സ് വരെ അവളുടെ ടെന്നീസ് കോർട്ട്. ടെന്നീസിൽ ഉയരങ്ങൾ കീഴടക്കാൻ ഏട്ടനെക്കാളും ദൃഢനിശ്ചയം അവൾക്കുണ്ടെന്ന തോന്നലിൽ അച്ഛൻ തന്റെ കയ്യിലുള്ളതെല്ലാം വിറ്റു പെറുക്കി രണ്ടും കല്പിച്ചൊരു പലായനം നടത്തി.
ബോംബുകൾക്കും, മരണങ്ങൾക്കും, അറ്റ് പോയ കൈകാലുകൾക്കും, വെറുപ്പുകൾക്കും നടുവിൽ വശം കേട്ട് പോയൊരാളുടെ അതിജീവന യാത്ര… അത് എത്തി ചേർന്നത് വിഖ്യാതമായ ഒരു ടെന്നീസ് അക്കാഡമിക്ക് മുന്നിൽ ആയിരുന്നു. ക്രിസ് എവെർട്, ആന്ദ്രേ അഗാസി പോലെയുള്ളവർ ടെന്നീസ് പഠിച്ച അമേരിക്കൻ ഐക്യ നാട്ടിലെ പ്രസിദ്ധമായ നിക്ക് ബെല്ലെട്ടോറി അക്കാഡമിയിൽ….1980കളിലെ വനിതാ ടെന്നിസ് സംഭവബഹുലമായിരുന്നു.
മാർട്ടിന – എവെർട് പോരാട്ടങ്ങളിൽ ഒന്നിൽ ക്രിസ് എവെർട് മാർട്ടീനയെ 6-0 6-0 എന്ന സ്‌കോറിൽ തകർത്തു വിട്ടു. മാർട്ടീന പക്ഷെ തിരിച്ചു വന്നത് സമാനതകൾ ഇല്ലാത്ത ഫിറ്റ്നസുമായിട്ടായിരുന്നു. വനിതാ ടെന്നിസിൽ കേട്ട് കേൾവിയില്ലാത്ത ക്രോസ്സ് ട്രെയിനിംഗ്, ഫിറ്റ്നസ് റെജിമെനിലൂടെ മാർട്ടീന അത്യുന്നതങ്ങളിലെത്തി. ടെന്നിസിൽ മാർട്ടീന മാത്രമായി. എൺപതുകളുടെ രണ്ടാം പകുതിയിൽ പക്ഷെ പുത്തൻ താരോദയങ്ങളുണ്ടായി.
മാർട്ടീനയുടെ സെർവ് ആൻഡ് വോളിക്ക് വെല്ലുവിളിയുയർത്താൻ എവെർട്ടിന്റെ സോഫ്റ്റ് ഗ്രൗണ്ട്സ്‌ട്രോക്ന് പരിമിതികൾ ഉണ്ടായിരുന്നു. അവിടെയാണ് പോണി ടൈൽ തലമുടിയും, എക്കാലത്തെയും മികച്ചതെന്ന് പറയാവുന്ന കരുത്തുറ്റ ഫോർഹാൻഡും, കോർട്ട് മൂവ്മെന്റുമായി സ്റ്റെഫി ഗ്രാഫെന്ന സുന്ദരി ടെന്നീസ് ലോകത്തെ പിടിച്ചു കുലുക്കിയത്. കരുത്തൻ ഫോർഹാൻഡും ഫുട്‍വർക്കും, സേർവും, ഓൾ കോർട്ട് ഗെയിമുമായി സ്റ്റെഫി – മാർട്ടീന പോരാട്ടങ്ങളിൽ തുടർച്ചയായി സ്റ്റെഫി വിജയിച്ചു. 1987 മുതൽ 1990 വരെ തുടർച്ചയായി 13 ഗ്രാൻഡ്സ്ലാമുകളിൽ അവർ ഫൈനലിൽ എത്തി. ഒൻപതു ഗ്രാൻഡ്സ്ലാമുകളിൽ വിജയം നേടുകയും ചെയ്തു.
1988 ൽ അക്ഷരാർത്ഥത്തിൽ സ്റ്റെഫി മാത്രമായിരുന്നു വനിതാ ടെന്നീസ്. 4 ഗ്രാൻഡ്സ്ലാമുകളും ഒളിമ്പിക്സ് സ്വർണവും സ്റ്റെഫി നേടി. 1889 ലാവട്ടെ 97% ആയിരുന്നു അവരുടെ വിജയശതമാനം. എതിരാളികളെ തകർത്തെറിഞ്ഞു സ്റ്റെഫി ഉയരങ്ങൾ കീഴടക്കുമ്പോൾ മോണിക്ക സെലെസ് എന്ന അഭയാർത്ഥി ബാലിക പിതാവിനൊപ്പം തന്റെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുകയായിരുന്നു.
സ്റ്റെഫിയിൽ നിന്നും ഭിന്നമായി ഇരു വിങ്ങുകളിലും ശക്തമായ ഷോട്ട് ആയിരുന്നു സെലെസ്ന്റേത്. ജിം കോരിയറെന്ന വിഖ്യാത പുരുഷ ടെന്നീസ് താരവുമായി സെലെസ് ഒരിക്കൽ പന്ത് തട്ടി. തുടർച്ചയായി നാല് തവണ അയാളെയവൾ കോർട്ട് ന്റെ ഇരു വശത്തേക്കും ഓടിച്ചു വിട്ടു. അരിശം പൂണ്ട കൊറിയർ പിന്നീട് അവളോട് മിണ്ടിയതേയില്ല. 1989 സ്റ്റെഫിയുടെ തേരോട്ടം തുടരുന്നതിനിടെ മോനിക്ക ടെന്നിസിൽ അരങ്ങേറി. മാസങ്ങൾക്ക് ശേഷം സാക്ഷാൽ ക്രിസ് എവെർട് നെ തോല്പിച്ചവൾ ആദ്യത്തെ കിരീടവും നേടി.
ആദ്യ ഗ്രാൻഡ്സ്ലാമിൽ തന്നെ സെമിയിൽ എത്തിയ സെലെസ് സ്റ്റെഫി ഗ്രാഫിനോട് പൊരുതി തോറ്റു. എന്നാലത് വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനയായിരുന്നു. 1990 ഫ്രഞ്ച് ഓപ്പണിൽ സ്റ്റെഫിയെ തോൽപിച്ചു കിരീടം നേടിയതോടെ വനിതാ ടെന്നീസ് ന്റെ ശാക്തിക ബലാബലത്തെ എട്ടായി മടക്കിയെറിഞ്ഞു കൊണ്ട് സെലെസ് ടെന്നീസ് ന്റെ പുതിയ റാണിയായി. ഗ്രാഫിനെയും മറികടന്നുകൊണ്ടുള്ള അഭൂതപൂർവമായ തേരോട്ടമായിരുന്നു അത്.
സെലെസ് ന്റെ കടന്നാക്രമണത്തിൽ സ്റ്റെഫിയടക്കമുള്ള താരങ്ങൾ രണ്ടാം നിരയിൽ ഒതുങ്ങിപോയി. സെലെസ് അതീവപ്രതിഭാശാലിയും കഠിനാധ്വാനിയുമായിരുന്നു. പരമ്പരാഗത ടെന്നീസ് ശൈലികൾ തകർത്തെറിഞ്ഞായിരുന്നു അവളുടെ വരവ്. ഡബിൾ ഹാൻഡ് ബാക്ക്ഹാൻഡിലും ഫോർഹാൻഡിലും അസാമാന്യമായ കരുത്തും ദൈവീകമായ കൃത്യതയും സമ്മേളിച്ചിരുന്നു. സ്റ്റെഫി അടക്കമുള്ള താരങ്ങളുടെ ബാക്ക്ഹാൻഡ് ഒരു പരിമിതിയാണെങ്കിൽ അവൾക്കത് ഏറ്റവും വിശ്വസിക്കാവുന്ന ഒന്നായിരുന്നു. ബേസ് ലൈനിൽ നിന്നും സെലെസ് കെട്ടഴിച്ച് വിട്ട അടങ്ങാത്ത ആക്രമണം ടെന്നീസ് ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞിരുന്നു. ഇരു വിങ്ങിലെയും കരുത്തുറ്റ ഷോട്ടിനോടൊപ്പം കോർട്ട് സ്പീഡും, ജാഗ്രതയും, കൗശലവും അവളെ വേറിട്ട് നിർത്തി.
ഇടം കൈ ആയത് കൊണ്ട് തന്നെ ഇരു വിങ്ങിലും അവൾ സൃഷ്ടിക്കുന്ന ആംഗിളുകൾ, ഒരിക്കലും തളരാത്ത മനസും പോരാട്ട വീര്യവും കരുത്തും ഒത്തിണങ്ങിയപ്പോൾ സെലെസ് ആ കാലത്ത് തന്റെ എതിരാളികൾക്ക് മേൽ ഒരു പടി കയറി നിന്നു. യഥാർത്ഥത്തിൽ കാലങ്ങൾക്ക് മുന്നിൽ സഞ്ചരിച്ച പ്രതിഭയായിരുന്നു സെലെസ്. പവർ ടെന്നീസ് ന്റെ ആദ്യ വക്താവ്, അത് സെലെസ് ആയിരുന്നു. ഒരു പക്ഷെ സ്റ്റെഫിയെക്കാളും ആധുനിക വനിതാ ടെന്നിസ് നെ സ്വാധിനീച്ചതും, മാറ്റിമറിച്ചതും സെലെസ് ആവും.
പുതിയ ദശാബ്ദം അവരുടേതായിരുന്നു. 1991 ജനുവരി മുതൽ 1993 ഫെബ്രുവരി വരെ സെലസ് മത്സരിച്ച 34 ടൂർണമെന്റുകളിൽ 33 ലും ഫൈനലിലെത്തി, അതിൽ 22 കിരീടങ്ങളും അവർ നേടി. പില്കാലത്ത് റോജർ ഫെഡറരുടെ ആധിപത്യം പോലെയായിരുന്നു അവളുടെ വിജയശതമാനം ; 92.9% {159-12}. അത്യപൂർവമായ പ്രതിഭാ വിസ്ഫോടനത്തിൽ സെലെസ് തന്റെ എതിരാളികളെ വള്ളപ്പാടിന് പുറകിൽ നിർത്തി. ഏറ്റവും അഭിമാനകരമായ ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ ഈ കാലയവിൽ പങ്കെടുത്ത 9 ഗ്രാൻഡ് സ്ലാമുകളിൽ എട്ടിലും ജേതാവ് ഈ ഇടംകൈ താരമായിരുന്നു. 55 കളികളിൽ ഒരെണ്ണം മാത്രമാണ് അവൾ തോറ്റത്. ഈ നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും, കൗമാരക്കാരി അവളുടെ ഗെയിം മെച്ചപ്പെടുത്തണം എന്ന് വിശ്വസിച്ചു.
1992 നവംബർ ൽ “ഇത് ഇതുവരെ കണ്ടതൊന്നും തന്റെ കരിയറിലെ ഉന്നതിയല്ലയെന്നും, മികച്ച പ്രകടനങ്ങൾ വരാനിരിക്കുതെയുള്ളുയെന്നും അവൾ പറഞ്ഞു. ഇടവേള തീരാനായത് കൊണ്ട് അവൾ ഒരിറക്ക് വെള്ളം കുടിക്കാനായി ബോട്ടിൽ എടുക്കാൻ കുനിഞ്ഞു. അടുത്ത കുറച്ച് നിമിഷങ്ങൾ ടെന്നീസിലെ ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണ് കായിക രംഗമെന്നു ആരും വിചാരിച്ചു കാണില്ല. എന്തോ കുഴപ്പമുണ്ടെന്ന ഒരു സൂചനയും മോണിക്കയിലും ഉണ്ടായിരുന്നില്ല….
********
ഗുന്തർ പഷേ ഒരു അസാധാരണ സ്റ്റെഫി ഗ്രാഫ് ഫാൻ ആയിരുന്നു. അന്ധമായ ആരാധനയുടെ ഏതോ തലങ്ങളിൽ സ്റ്റെഫിയുടെ വിജയങ്ങൾ അയാൾ തന്റെ വിജയമായി കണ്ടു. സ്റ്റെഫിയുടെ ലോക ഒന്നാം നമ്പർ പദവി സെലെസ് പിടിച്ചെടുത്തപ്പോൾ പഷേ അത്യധികം സങ്കടപ്പെട്ടു. ഇനി സ്റ്റെഫി തിരിച്ചു വരണമെങ്കിൽ സെലെസ് ഇല്ലാതെയാവണമെന്ന് അയാൾ ചിന്തിച്ചു.
ഹാംബുർഗിൽ പറ്റിയ അവസരം കിട്ടിയപ്പോൾ പഷേ കത്തിയുമായി കോർട്ടിൽ ചാടിയിറങ്ങി, മുന്നോട്ട് ആഞ്ഞിരുന്ന സെലസിന്റെ പുറത്തേക്ക് അയാൾ തന്റെ നീണ്ട കത്തി ആഞ്ഞു കുത്തി. പിന്നിൽ മിന്നൽ പാഞ്ഞു പോയപ്പോലെ..അസഹ്യമായ വേദനയിൽ സെലെസ് നു പതിയെ ബോധം നഷ്ടപ്പെട്ടു. രണ്ട് മാസം കഴിഞ്ഞു വിംബിൾഡൺ കളിക്കാനായേക്കുമെന്ന് ആദ്യം ഡോക്ടർമാർ പറഞ്ഞെങ്കിലും അവളുടെ ചികിത്സ നീണ്ടു നീണ്ടു പോയി.
മാസങ്ങൾ പലതും കഴിഞ്ഞു, ഒരു ചീപ്പെടുത്തു മുടി ചീകാൻ തനിക്കു പറ്റുന്നില്ലെന്ന് അവളൊരിക്കൽ പറഞ്ഞു. തോൾപലകക്ക് താഴെയേറ്റ ആ കുത്ത്, ശരീരത്തിൽ ഏൽപ്പിച്ച ആഘാതത്തെക്കാൾ എത്രയോ മടങ്ങ് മനസ്സിനേൽപ്പിച്ചു. ജീവിതത്തിൽ അവളേറ്റവും കൂടുതൽ ചിലവഴിച്ച, ഏറ്റവും ഇഷ്ടപ്പെട്ട, സുരക്ഷിതയെന്ന് കരുതിയ ടെന്നീസ് കോർട്ട് അവളെ ആദ്യമായി എന്തെന്നില്ലാതെ ഭയപ്പെടുത്തി… ആശുപത്രികിടക്കയിലെപ്പോഴോ അവളറിഞ്ഞു, ജീവിതത്തിൽ അവളേറ്റവും സ്നേഹിച്ച അച്ഛൻ കജോലിക്ക് കാൻസർ ബാധിച്ചിരിക്കുന്നു..
ഏതൊരു പ്രശനങ്ങൾക്കും അവളാദ്യം ഉത്തരം തേടിയിരുന്നത് അച്ഛനിലേക്കായിരുന്നു, അദ്ദേഹം ഒരു വഴി കണ്ടെത്തുമെന്ന് അവൾക്കറിയാമായിരുന്നു… പക്ഷെ കാൻസർ തിന്നു തീർക്കുന്ന ആ മനുഷ്യനെ കൂടുതൽ വിഷമിപ്പിക്കാൻ അവൾക്ക് പറ്റുമായിരുന്നില്ല. സെലെസ് ലോകത്താദ്യമായി ഒറ്റപ്പെട്ടു. കത്തിക്കുത്തും, അച്ഛന്റെ അസുഖവും അവളിൽ അരക്ഷിതാവസ്ഥയുണ്ടാക്കി…
പതിയെ പതിയെ അവൾ വിഷാദരോഗിയായി തീർന്നു. സെലസിന്റെ പ്രതിഭയോ കരുത്തോ, മാനസിക ദൃഢതയോ ഇല്ലാത്ത എതിരാളികൾക്ക് മേൽ സ്റ്റെഫി തിരിച്ചെത്തി, വീണ്ടും വീണ്ടുമവർക്ക് മേൽ വെന്നിക്കൊടി പാറിച്ചു. കിരീടങ്ങളിൽ നിന്നും കിരീടങ്ങളിലേക്ക് സ്റ്റെഫി കയറിപോകവേ, അമേരിക്കയിലെ മാനസിക വിദഗ്ധരുടെ വാതിലുകൾ കയറിയിറങ്ങി സെലെസ്.
ഡിപ്രെഷന്റെ ഏതോ തലങ്ങളിൽ അവൾക്ക് ആശ്വാസമായി തോന്നിയത് ഭക്ഷണമായിരുന്നു. ജങ്ക് ഫുഡുകൾ, ഉരുളകിഴങ്ങ് ചിപ്സ് എന്നിവയിൽ അവൾ സമാധാനം കണ്ടെത്തി. മുറിവുണങ്ങി, തിരിച്ചു വരാൻ റാക്കറ്റ് ഏന്തി കോർട്ടിൽ ഇറങ്ങിയപ്പോഴെല്ലാം തന്റേതെന്ന് കരുതിയ കോർട്ട് അവളെ ഭയപ്പെടുത്തി. ഒന്നാം നിരയിൽ നീണ്ട കത്തിയുമായി ഒരാൾ അവളെ പിന്തുടരുന്ന പോലെ… എന്തിനുമേതിനും അവൾ ആശ്രയിക്കാറുള്ള അച്ഛൻ അതിലും തീവ്രമായ രോഗാവസ്ഥയിലും… താൻ ഏറ്റവും വിശ്വസിച്ച തന്റെ ജീവിതം കൈവെള്ളയിൽ നിന്നും ഊർന്നു പോകുന്നതവളെ, ആ 19കാരിയെ ഏറ്റവും ദുർബലപ്പെടുത്തി. അക്രമണകാരിക്ക് ശിക്ഷയൊന്നും ലഭിക്കാതെ പോയതും, ഹാംബുർഗ് ഓപ്പൺ ഒന്നുമേ സംഭവിക്കാത്തത് പോലെ തുടർന്ന് നടത്തിയതും, ജർമ്മന് ഫെഡറേഷനെതിരെ അവൾ നൽകിയ കേസ് പരാജയപ്പെട്ടതും അവളുടെ മുറിവിന്മേലുള്ള വെട്ടുകൾ തന്നെയായിരുന്നു.
ലോകം ഒരു 19 കാരിയോട് കരുണ കാട്ടില്ലെന്നും, അതെത്രയോ ക്രൂരമാണെന്നും അവൾ ആത്മനിന്ദയോടെ തിരിച്ചറിഞ്ഞു. ലോക ഒന്നാം നമ്പർ പദവി, സെലെസ് തിരിച്ചെത്തുമ്പോൾ നൽകാനുള്ള വോട്ടെടുപ്പിൽ സബാറ്റിനി ഒഴിച്ച് ആദ്യ 18 ൽ 17 പേരും എതിർത്തപ്പോൾ ആ മുറിവിന്മേലുള്ള അവസാനത്തെ അണിയടിയായി അത്. 21 മത്തെ പിറന്നാളിന് ലോകം കാല്കീഴില് ആക്കേണ്ട പെണ്ണൊരുത്തി, തന്റെ മുറിയിൽ, വാതിലും ജാലകവുമടച്ചു, ബാഗ് നിറയെ ഉരുളകിഴങ്ങു ചിപ്സും, ചോക്കലേറ്റ്മായി പൊട്ടിക്കരഞ്ഞു.
താൻ ഏറ്റവും സന്തോഷിക്കുക നീ കോർട്ട്ൽ ഇറങ്ങുമ്പോൾ ആയിരിക്കുമെന്ന് അച്ഛൻ കജോലി രോഗകിടക്കയിൽ നിന്നും പറഞ്ഞപ്പോൾ, അവസാനം രണ്ട് വർഷങ്ങൾക്കും ഏകാന്തതക്കും വിഷാദരോഗത്തിനുമിടയിൽ സെലെസ് 1995 ൽ റാക്കറ്റേന്തി. തടി കൂടിയതിനെ അപ്പോഴും മാധ്യമങ്ങൾ പരിഹസിച്ചു….6-7 മണിക്കൂർ പ്രാക്ടീസ്ന് ശേഷവും ഭക്ഷണനിയന്ത്രണം അവൾക്ക് കഴിഞ്ഞില്ല, ഡിപ്രെഷന്റെ ബാക്കിതുക. രണ്ടാം വരവിലെ സെലെസ് ഒരിക്കലും പഴയ ഒന്നാം നമ്പർ താരം അല്ലായിരുന്നു. അവളുടെ സ്പീഡും അജിലിറ്റിയും നഷ്ടമായിരുന്നു.
ശക്തമായ ഷോട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും സെലസിനെ അടയാളപ്പെടുത്തിയ അവളുടെ മാനസിക ദൃഢത അവൾക്കില്ലായിരുന്നു. ജയിക്കാവുന്ന പല കളികളും തോറ്റു തോറ്റു, പരിക്കേറ്റ കാലുമായി തന്റെ പ്രതിഭയോട് ഒരിക്കലും നീതി പുലർത്താനാവാതെ സെലെസ് മാഞ്ഞു മാഞ്ഞു പോയി… വസന്തത്തിന്റെ ആരംഭത്തിൽ തന്നെ വാടിപോയി സെലെസ്, പൂക്കാതെ, കായ്ക്കാതെ, വളർന്നൊന്ന് നേരാം വണ്ണം പന്തലിക്കപോലും ചെയ്യാതെ….2022ൽ അമേരിക്കയിലെ ഒരു ഇന്റർവ്യൂ മുറിയിൽ ഞാൻ സെലസിനെ എന്റെ മുന്നിൽ കാണുന്നുണ്ട്.
ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടെന്നീസ് താരം മുന്നിലിരിക്കവേ, മാർട്ടീന നവരത്ലോവയുടെ 18 ഗ്രാൻഡ്സ്ലാം റെക്കോർഡ് തകർത്തു, 20ലധികം കിരീടങ്ങൾ നേടിയതിനെ പറ്റി, ഏറ്റവും വലിയ എതിരാളി ആയിരുന്ന സ്റ്റെഫിയെ തറപറ്റിച്ചതിനെ പറ്റി, അവരുടെ ഡബിൾഹാൻഡഡ് ഫോർഹാൻഡിനെ പറ്റി, ഒരിക്കലും കീഴടങ്ങാൻ കൂട്ടാക്കാത്ത പോരാട്ടവീര്യത്തെ പറ്റിയെല്ലാമെനിക്ക് ചോദിക്കാനുണ്ട്…മനസ്സിൽ, പക്ഷെ ചോദിക്കുന്നതൊക്കെയും കണ്ണീരിൽ പൊതിഞ്ഞ, നീതികേടിനാൽ നീറുന്ന ആ മുറിവിനെ പറ്റിയാവും, നേടാതെ പോയ എത്രയോ കിരീടങ്ങളെ പറ്റിയാവും, നീതി കിട്ടാത്ത അവരുടെ പ്രതിഭയെ പറ്റിയാവും, പാതിവഴിയിൽ ചതിച്ചു വീഴ്ത്തപ്പെട്ടതിനെ പറ്റിയാവും.
ഫേസ്ബുക്കില്‍ കുറിച്ചത്