സ്വന്തം മൊബൈൽ ആപ്; സ്മാർട്ടായി പെരിഞ്ഞനം പഞ്ചായത്ത്
ഇനി മുതൽ പെരിഞ്ഞനം പഞ്ചായത്തിന്റെ വിവരങ്ങളും സേവനങ്ങളും തേടി പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങേണ്ടതില്ല. ഞൊടിയിടയിൽ ഗ്രാമ പഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങളും വാർത്തകളും അറിയിപ്പുകളും ഓൺലൈൻ സേവനങ്ങളും അപേക്ഷ ഫോറങ്ങളും ഉൾപ്പെടെ നൂറു കണക്കിന് സേവനങ്ങളുമായി സ്മാർട്ട് ഗ്രാമ പഞ്ചായത്ത് ആപ്ലിക്കേഷനിലൂടെ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ.. ചെയ്യേണ്ടത് ഇത്ര മാത്രം. പ്ളേസ്റ്റോറിൽ നിന്നും പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്ത് എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
പഞ്ചായത്തിനെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കി സ്മാർട്ടാവുകയാണ് പെരിഞ്ഞനം. എംഎൽഎ, എംപി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഈ ആപ്ലിക്കേഷൻ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ എല്ലാ മേഖലകളിൽ നിന്നുള്ള അറിയിപ്പുകളും വിവരണങ്ങളും ഇതിലൂടെ ലഭ്യമാകും. അറിയാനുള്ള അവകാശം കൂടുതൽ സുതാര്യമാക്കാൻ അതിനൂതന സാങ്കേതിക വിദ്യയിലൂടെ പൊതുജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ സന്തത സഹചാരിയാവുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് കെ കെ സച്ചിത്ത് പറഞ്ഞു.
ആപ്ലിക്കേഷനിൽ ലഭ്യമാകുന്ന സേവനങ്ങൾ:
ഗ്രാമ പഞ്ചായത്തിൽ നിന്നും ദിനംപ്രതി നൽകുന്ന അറിയിപ്പുകൾ നോട്ടിഫിക്കേഷനായി മൊബൈലിൽ ലഭ്യമാകും, പഞ്ചായത്ത് നോട്ടീസ് ബോർഡുകളിൽ മാത്രം കണ്ട് ശീലിച്ച പഞ്ചായത്ത് പുറത്തിറക്കുന്ന നോട്ടീസുകൾ പ്രാധാന്യം നഷ്ടമാവാതെ ഫോണുകളിൽ ലഭ്യമാകും, പഞ്ചായത്തിൽ നിന്നു ലഭ്യമാകുന്ന സേവനങ്ങളേയും സർട്ടിഫിക്കറ്റുകളേയും സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ (ഓരോ സേവനവും സർട്ടിഫിക്കറ്റുകളും ലഭ്യമാകുന്നതിന് സമർപ്പിക്കേണ്ട രേഖകൾ ചെയ്യേണ്ട കാര്യങ്ങൾ), പഞ്ചായത്തുമായി ബന്ധപ്പെട്ട പത്രവാർത്തകൾ പത്ര കട്ടിങ്ങുകളോടെ ലഭിക്കും, പഞ്ചായത്തിൽ സമർപ്പിക്കേണ്ട മുഴുവൻ അപേക്ഷ ഫോറങ്ങളും ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള സംവിധാനം, പഞ്ചായത്തിൽ ലഭ്യമായിട്ടുള്ള ഓൺലൈൻ സേവനങ്ങൾ, ജനന മരണ വിവാഹ സർട്ടിഫിക്കറ്റ്, പെർമിറ്റുകൾ, ഓൺലൈൻ പേയ്മെന്റ്, യോഗ നടപടികൾ തുടങ്ങിയവ, അനുബന്ധ സ്ഥാപനങ്ങളായ കൃഷിഭവൻ, ഹെൽത്ത് സെന്റർ, വെറ്ററിനറി, സ്കൂളുകൾ മറ്റു സ്ഥാപനങ്ങളെ സംബന്ധിക്കുന്ന പൂർണ്ണ വിവരങ്ങളും അവിടെ നിന്നുള്ള അറിയിപ്പുകളും, പൊതുജനങ്ങൾക്ക് ആപ്ലിക്കേഷൻ വഴി പരാതികളും നിർദ്ദേശങ്ങളും മരണം, തുടങ്ങിയ വാർത്തകളും അറിയിക്കുന്നതിനുള്ള സംവിധാനം, ലൈവ് സിസിടിവി സ്ട്രീമിങ്, പഞ്ചായത്ത് അസറ്റ്, ക്വിക്ക് അലർട്ട് സംവിധാനം, പബ്ലിക്ക് ടെക്സ്റ്റ് മെസേജിങ് സിസ്റ്റം, ഓൺലൈൻ സർവ്വേ, പഞ്ചായത്തിന്റെ ഓൺലൈൻ വാർഷിക പ്രോഗ്രസ് റിപ്പോർട്ട്.. തുടങ്ങി 100ലധികം സേവനങ്ങളുമായാണ് പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ മൊബൈൽ ഓൺലൈൻ ഗേറ്റ് വേ ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത്.
ഫെബ്രുവരി 7ന് രാവിലെ 11 ന് ചലച്ചിത്ര താരം ഉണ്ണിമായ മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്യും. ചടങ്ങിൽ സംസ്ഥാന കർഷകശ്രീ അവാർഡ് നേടിയ ജോർജ്ജ് അതിയുന്തനെ ആദരിക്കും.
പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത്, സെക്രട്ടറി സുജാത, ജില്ല പഞ്ചായത്ത് അംഗം ബി ജി വിഷ്ണു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ, സ്മാർട്ട് ആപ്പ് കമ്പനി പ്രതിനിധി സുദേവ്, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
Comments are closed.