News in its shortest

മിതാലി ക്രിക്കറ്ററാണെന്ന് അറിവുള്ളവര്‍ക്കുപോലും അവരുടെ വിലയറിയില്ല

ഹാരിസ് കടവത്ത്‌

ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഇതിഹാസമാണ് വിരമിച്ചത്.

സച്ചിൻ തെണ്ടുൽക്കർ വിരമിച്ചപ്പൊ ആരാധകർ കണ്ണീർ പൊഴിച്ചതുപോലെ ആരും കണ്ണീരൊഴുക്കാനിടയില്ല.

സൗരവിൻ്റെ വിരമിക്കലിലും ലക്ഷ്‌മണിൻ്റെയും ദ്രാവിഡിൻ്റെയുമൊക്കെ വിരമിക്കലിലും രോഷാകുലരായതുപോലെ ചെയ്യാനുമിടയില്ല.

ആ ലെജൻഡിൻ്റെ പേര് പോലും ഒരുപക്ഷേ ” cricketer retired today ” എന്ന് ഗൂഗിൾ ചെയ്യാതെ പറയാൻ പറ്റണമെന്നുമില്ല.

ആ പേരറിയുന്നവർക്ക്, അവരുടെ മഹത്വമറിയുന്നവർക്ക് പക്ഷേ ഒരു യുഗമാണ് അവസാനിച്ചതെന്ന് ആരും പറഞ്ഞുകൊടുക്കാതെ തന്നെ അറിയാൻ കഴിയും.

” മിതാലി “

” മിതാലി ദൊരൈ രാജ്..”

അവരൊരു ക്രിക്കറ്ററാണെന്ന് അറിവുള്ളവർക്കുപോലും ഒളിമ്പിക് സ്വർണമെഡൽ ജേതാവിനൊപ്പം ഖേൽ രത്ന പുരസ്കാരത്തിലേക്ക് എത്താൻ തക്കവണ്ണമുള്ള അവരുടെ നേട്ടങ്ങളുടെ പൂർണ വലിപ്പം അറിയണമെന്നുമില്ല.

ഒരുപക്ഷേ ഒന്നിലധികം കളിക്കാരെ ബാറ്റ് എടുക്കാൻ സച്ചിൻ തെണ്ടുൽക്കർ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിൽ അതുപോലെ തന്നെ പ്രചോദനമായിട്ടുണ്ട് മിതാലി ഇന്ത്യൻ വനിതാ ക്രിക്കറ്റിന്.

വനിതാ ക്രിക്കറ്റിനെക്കുറിച്ചോ കളിക്കുന്നവരെക്കുറിച്ചോ ഒന്നും അറിയാത്ത ഒരു സമയമുണ്ടായിരുന്നു. അന്നുപോലും ആദ്യം കേട്ട പേരുകളിലൊന്ന് മിതാലി രാജ് എന്നായിരുന്നു.

അത് അവരുടെ പ്രഭാവത്തിന് ഒരു ഉദാഹരണം മാത്രമാണ്..

അതിനൊരു കാരണമുണ്ട്.

സച്ചിൻ തെണ്ടുൽക്കർ കളിച്ചിട്ടുളളത് 463 വൺ ഡേ ഇൻ്റർനാഷണൽ മൽസരങ്ങളാണ്. മിതാലി രാജ് 220 എണ്ണവും.

തട്ടിച്ചുനോക്കിയാൽ ഇരുന്നൂറിലധികം മാച്ചുകളുടെ അന്തരം.

പക്ഷേ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ആകെ കളിച്ചിട്ടുള്ളത് 1002 മാച്ചുകളാണെന്നും വനിതാ ക്രിക്കറ്റ് ടീം കളിച്ചത് 295 മൽസരങ്ങൾ മാത്രമാണെന്നും അറിയുമ്പൊഴാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ മിതാലി രാജിൻ്റെ സ്ഥാനമെന്താണെന്ന് ഒരല്പം അദ്ഭുതത്തോടെ തിരിച്ചറിയേണ്ടിവരുന്നത്.

ടീം ആകെ കളിച്ച മൽസരങ്ങളിൽ 75% മൽസരങ്ങളിൽ കളിക്കുക.. ക്യാപ്റ്റനാവുക. ടീം ആകെ കളിച്ച മൽസരങ്ങളിൽ പകുതിയോളമെണ്ണത്തിൽ ടീമിനെ നയിക്കുക. അതും 60% ൽ അധികം വിജയശതമാനത്തോടെ..

സമാനതകളില്ലാത്ത നേട്ടം

അതുകൊണ്ട് തീർന്നില്ല.

വനിതാ ഏകദിന ക്രിക്കറ്റിൽ ഏഴായിരത്തിന് മുകളിൽ റൺ സ്കോർ ചെയ്ത ഒരേയൊരു വനിത

ലോകത്ത് ആദ്യമായി 200 ഏകദിന മൽസരങ്ങൾ കളിച്ച വനിത.

വിമൻസ് വൺ ഡേ ഇൻ്റർനാഷണൽ മൽസരങ്ങളിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ റൺ നേടിയ വനിത. 7805 റണ്ണുള്ള മിതാലിക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരിക്ക് 5992 റണ്ണേയുള്ളു എന്നറിയുമ്പൊഴാണ് അമ്പരക്കുന്നത്.

രണ്ടാം സ്ഥാനത്തുള്ളയാൾ 2016 ൽ കളി നിർത്തി. റെക്കോഡ് തകർക്കാൻ സാധ്യതയുള്ണിന് പിന്നിലാണ്.

പത്തൊൻപത് വയസും ഇരുന്നൂറ്റിയൻപത്തിനാല് ദിവസവും മാത്രം പ്രായമുള്ളപ്പൊ ടെസ്റ്റ് ഡബിൾ

അരങ്ങേറ്റത്തിൽ സെഞ്ചുറി.. അതും പതിനാറ് വയസിൽ..

20 വർഷം ക്രിക്കറ്റിങ്ങ് കരിയറിൽ പൂർത്തിയാക്കിയ ആദ്യ വനിത.

വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം അർധസെഞ്ചുറികൾ തുടർച്ചയായി നേടിയ പ്ലേയർ.

പൂജ്യത്തിന് പുറത്താവാതെ ഏറ്റവും അധികം ഇന്നിങ്ങ്സുകൾ (74)

ആറ് ലോകകപ്പുകൾ കളിച്ച ഒരേയൊരു വനിതാ ക്രിക്കറ്റർ

ലിസ്റ്റിട്ട് പോയാൽ ഇനിയും നീളും..

അപ്പൊഴും ഒരു ചോദ്യം ബാക്കിനിൽക്കുകയാണ്.

ഒരിക്കൽ മിതാലി രാജിനോട് ഏറ്റവും ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരാണെന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചു. മിതാലിയുടെ മറു ചോദ്യത്തിന് ഉത്തരം ഒരുപക്ഷേ ഇന്നും ഉണ്ടാവില്ല..

” നിങ്ങൾ ഈ ചോദ്യം ഒരു പുരുഷ ക്രിക്കറ്ററോട് ചോദിച്ചിട്ടുണ്ടോ? ” എന്നായിരുന്നു അത്.

ആ ഒരൊറ്റച്ചോദ്യം ഒരുപാടിടങ്ങളിൽ ചോദിക്കേണ്ടിവരും.

രണ്ടാം തരക്കാരായി മനുഷ്യ സമൂഹത്തിൻ്റെ പാതിയെ കണക്കാക്കുന്നതിനെക്കാൾ വലിയ നീതിനിഷേധം എന്താണുള്ളത്?

അവരുടെ വിടവാങ്ങലിലും ആഘോഷിക്കലുകളില്ലാതെ പോയേക്കാം. പക്ഷേ ഒരിക്കൽ ലോകം മിതാലിക്ക് അർഹിക്കുന്ന കിരീടം നൽകിയിരിക്കും..

10868 കരിയർ റണ്ണുകളുമായി പരിമിതികളുടെ പുറത്തുനിന്ന് സമാനതകളില്ലാത്ത നേട്ടവുമായി തലയുയർത്തി നിൽക്കുന്ന, ഇന്ന് ലോക ക്രിക്കറ്റ് അറിയുന്ന ഒന്നിലധികം ക്രിക്കറ്റർമാരുടെ പ്രചോദനമായ മിതാലി..

അക്ഷരം തെറ്റാതെ വിളിക്കണം..

‘ ലെജൻഡ് ‘ എന്ന്.. 🏏

#kdpd

മിതാലി ക്രിക്കറ്ററാണെന്ന് അറിവുള്ളവര്‍ക്കുപോലും അവരുടെ വിലയറിയില്ല

silver leaf psc academy kozhikode, silver leaf psc academy calicut, best psc coaching center kozhikode, kozhikode psc coaching, kozhikode psc coaching center contact,