എംഐയുടെ ഹെഡ് സെറ്റ് ഗിഫ്റ്റ് നല്കി പണികിട്ടിയ ഉപഭോക്താവിന്റെ കദനകഥ
പട്ടത്തെ ഒരു കടയിൽനിന്ന് Mi യുടെ വയർലെസ് ഹെഡ് ഫോൺ വാങ്ങി ഒരാൾക്ക് സമ്മാനം കൊടുത്തു. ഒരാഴ്ച കഴിഞ്ഞില്ല അതിലൊരെണ്ണത്തിൽ ശബ്ദമില്ലെന്ന് സമ്മാനം വാങ്ങിയ ആൾ അറിയിച്ചു.. റീപ്ലെയിസ്മെന്റ് വാറന്റിയുണ്ടെന്നൊക്കെ മേനി പറഞ്ഞ് (സത്യത്തിൽ അതുണ്ട്, കവറുകളയരുതെന്ന് കടക്കാരൻ പറഞ്ഞായിരുന്നു ! ) വേണ്ടതിലധികം ഇളിഭ്യനായി അതു വാങ്ങി കരമന സർവീസ് സെന്ററിൽ കൊണ്ടു കൊടുത്തു. “അല്പം വെയിറ്റ് ചെയ്യൂ“ എന്ന് പറഞ്ഞപ്പോൾ ഇപ്പം കിട്ടും എന്നാണ് വിചാരിച്ചത്.
സ്റ്റോക്കില്ലാത്ത കാരണം അടുത്തയാഴ്ച വരാൻ പറയാനായിരുന്നു വെയിറ്റ് ചെയ്യാൻ പറഞ്ഞത്. കാരണം ഈ സാമഗ്രി അവരുടെ ഹെഡ് ഓഫീസിലുണ്ടോ എന്ന് മെയിലയച്ച് ചെക്കു ചെയ്യണമത്രേ. അടുത്തയാഴ്ച വരട്ടെ എന്നു ചോദിക്കാൻ ഫോൺ വിളിച്ചപ്പോൾ സാംഗ്രി ഹെഡ് ഓഫീസിലും ഇല്ല. പകരം നമ്മൾ എം ഐ അക്കൗണ്ടു തുടങ്ങണം. അതിലേക്ക് തുല്യ വിലയ്ക്കുള്ള കൂപ്പണയ്ക്കും. അതുപയോഗിച്ച് ഓൻലൈൻ ഓർഡർ ചെയ്ത് മറ്റേതെങ്കിലും സാമഗ്രി വാങ്ങാം. അതെങ്കിലതെന്നു വിചാരിച്ചു തീരുന്നതിനുമുൻപ്, അക്കൗണ്ട് അവർ തുടങ്ങി ഇനി എന്റെ ഫോണിൽ വരുന്ന ഒ ടി പി പറഞ്ഞു കൊടുത്താൽ മതിയെന്ന്.. ഒന്നു രണ്ടു പ്രാവശ്യം കളിച്ചിട്ടും ആ കളി ശരിയാവാത്തതുകൊണ്ട്, ഞാൻ അക്കൗണ്ട് തുടങ്ങിയിട്ട് നമ്പരയച്ചുതരാം.. എന്നു പറഞ്ഞ്, അപ്പത്തന്നെ പോയി അക്കൗണ്ട് തുടങ്ങി നമ്പരയച്ചുകൊടുത്തു.. നമ്മുടെ ഭാഗത്തുനിന്ന് ഒരു കുറവുണ്ടാകരുത് !
പിന്നെ കാത്തിരിപ്പാണ്.. കൂപ്പണും വന്നില്ല, ജ്യോതിയും വന്നില്ല. വീണ്ടും അങ്ങോട്ട് വിളിച്ച് കൂപ്പണെവിടെ എന്നു ചോദിച്ചപ്പോൾ ക്യൂവിൽ നിർത്തിയിട്ട് പയ്യൻസ് പറയുന്നു. അവർ പ്രോസസ് ചെയ്തു എന്നാണ് കാണിക്കുന്നത്. കിട്ടാത്തത് നമ്മുടെ കുറ്റം കൊണ്ടാണ് എന്ന്. അതായത് കൂപ്പൺ കിട്ടാത്തതിനു കാരണം ഞാൻ ഇനി ഏതെങ്കിലും ജ്യോതിഷക്കാരനെക്കൊണ്ട് പ്രശ്നം വയ്പ്പിച്ചു നോക്കി അവരെ അറിയിക്കണമെന്ന്..
രണ്ടുദിവസം കഴിഞ്ഞ് ഒന്നുകൂടി ചൂടായപ്പോൾ ( പണം നമ്മുടെയാണ്, പുറമേ മാനഹാനിയും!) കൂപ്പണെന്തോ ടെക്നിക്കൽ പ്രോബ്ലമുണ്ട് എന്നവർ തിരിച്ചറിയുന്നു. ഇനിയിപ്പോൾ വേറെ സാമഗ്രി തരാം, വളരെ വിലയുള്ളതാണെങ്കിലും കൂടുതലായ വില കൊടുക്കണ്ടാ. അതെങ്കിലത് എന്തെങ്കിലും ആവട്ടെ, ലാഭം നമുക്കാണല്ലോ, നഷ്ടം അവർക്കല്ലേ എന്നൊക്കെ വിചാരിച്ച് പഴയ ചിരിച് പുതുക്കികൊണ്ട് നിൽക്കുമ്പോൾ വീണ്ടും കസേരകളി ആരംഭിക്കുന്നു. തരാമെന്ന് വാഗ്ദത്തം ചെയ്ത സാമഗ്രിയും സ്റ്റോക്കില്ല. ഹെഡോഫീസിൽനിന്നു വരണം.. മെയിലയക്കുകയാണ്, കാത്തിരിക്കണം, എപ്പോൾ അവിടെനിന്ന് മറുപടി വരുമെന്ന് പറയാൻ പറ്റില്ല. .. വിളിച്ചറിയിക്കാം, വന്നു വാങ്ങണം.. എക്സെട്രാ എക്സെട്രാ..
ഹെഡ്ഫോണിൽ പാട്ടു കേൾക്കാൻ കൊതിച്ചിട്ടല്ല, സമ്മാനം കൊടുത്തവകയാണ്.. മാസം മൂന്നായി. നാണക്കേട് വേറേ.. എം ഐ വാങ്ങുന്നവർ ശ്രദ്ധിക്കുക, സർവീസ് സെന്ററിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.. എനിക്കിത് ആദ്യത്തെ അനുഭവം അല്ല..