അമൃതപുരി സ്വതന്ത്ര രാജ്യംപോലെ, നടക്കുന്നത് നഗ്നമായ നിയമ ലംഘനങ്ങള്‍: പഞ്ചായത്ത്
അമൃതാനന്ദമയിയുടെ ആസ്ഥാനമായ അമൃതപുരിയില്‍ നടക്കുന്നത് നഗ്നമായ പരിസ്ഥിതി നിയമലംഘനങ്ങളാണെന്ന് ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി സലീന. മഠവും അമൃതാനന്ദമയിയും പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ഏറെ സംസാരിക്കുന്നുണ്ടെങ്കിലും മഠം പരിസ്ഥിതിക്ക് വലിയ ഭീഷണിയാണെന്ന് സലീന പറയുന്നു.
അമൃതപുരി മഠം അധികൃതര്‍ നടത്തുന്ന പാരിസ്ഥിതിക നിയമ ലംഘനങ്ങളെ കുറിച്ച് ഹഫിങ്ടണ്‍പോസ്റ്റ്.ഇന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ലേഖകനോട് സിപിഐഎമ്മുകാരിയായി പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ദാവീദും ഗോലിയാത്തും തമ്മിലെ പോരാട്ടത്തിനാണ് തങ്ങളൊരുങ്ങുന്നതെന്ന് സലീന പറയുന്നു. തങ്ങള്‍ ജയിക്കുമെന്ന പ്രതീക്ഷ അവര്‍ പ്രകടിപ്പിക്കുന്നു.
തീരദേശ നിയന്ത്രണ ചട്ടങ്ങളാണ് മഠം ലംഘിക്കുന്നത്. കോയമ്പത്തൂരില്‍ ജഗദീഷ് വാസുദേവിന്റേയും ഇഷാ ഫൗണ്ടേഷന്റേയും പരിസ്ഥിതി നിയമ ലംഘനങ്ങള്‍ക്ക് സമാനമാണ് അമൃതപുരിയിലും നടക്കുന്നതെന്ന് ഹഫ്പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമൃതപുരി സ്ഥിതി ചെയ്യുന്ന ആലപ്പാട് പഞ്ചായത്തില്‍ 508 സിആര്‍ഇസഡ് ലംഘനങ്ങള്‍ കണ്ടെത്തിയതായി സെക്രട്ടറി ടി ദിലീപ് പറയുന്നു. അതില്‍ 83 വലിയ നിര്‍മ്മാണങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിച്ചുള്ളതാണ്. ആ 83 നിയമവിരുദ്ധ കെട്ടിടങ്ങളുടേയും ഉടമ അമൃതാനന്ദമയി മഠമാണെന്ന് ദിലീപ് കൂട്ടിച്ചേര്‍ത്തു.
83 കെട്ടിടങ്ങളില്‍ 10 എണ്ണത്തിന്റെ പ്ലാന്‍ 2005 ഏപ്രിലില്‍ മഠം പഞ്ചായത്തിന് നല്കി. എന്നാല്‍ പ്ലാനിന് അനുമതി ഉണ്ടായിരുന്നില്ല. ആ പത്ത് കെട്ടിടങ്ങള്‍ക്കും അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടങ്ങളുടെ പട്ടികയില്‍പ്പെടുത്തി പഞ്ചായത്ത് നമ്പര്‍ നല്കി. മറ്റ് കെട്ടിടങ്ങള്‍ക്ക് ഈ നമ്പര്‍ ഇല്ല. ഈ നമ്പര്‍ ലഭിച്ചാല്‍ മഠത്തിന് കെട്ടിടം കൈവശം വച്ച് ഉപയോഗിക്കാം. പക്ഷേ, അന്തിമ തീരുമാനത്തിന് അനുസരിച്ചാകും പിന്നീട് ഈ കെട്ടിടത്തിന്റെ ഭാവി.
ഈ കെട്ടിടങ്ങളെല്ലാം വേലിയേറ്റ രേഖയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. 14 നില ഉയരമുള്ള കെട്ടിടവും അതിലുണ്ട്. കടലില്‍ നിന്നും കഷ്ടിച്ച് ഒരു മീറ്റര്‍ അകലെയാണ് കെട്ടിടങ്ങള്‍.
കെട്ടിടത്തിന്റെ പ്ലാന്‍ കൂടാതെ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിനുള്ള രേഖകളും മഠം സമര്‍പ്പിച്ചിട്ടില്ലെന്ന് സെക്രട്ടറി പറഞ്ഞുവെന്ന് ഹഫ്പോസ്റ്റ് എഴുതുന്നു.
വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ഹഫിങ്ടണ്‍പോസ്റ്റ്.ഇന്‍
Comments are closed.