Major review: കെജിഎഫ് നേക്കാളും RRR നേക്കാളും ബാഹുബലിയേക്കാളുമൊക്കെ വലിയ ഒരു മാസ് മൂവി
ഇത്തരം സിനിമകൾ കാണുമ്പോൾ എന്റെയൊരു പ്രശ്നം എന്താണെന്ന് വച്ചാൽ ഒരു പ്രേക്ഷകൻ എന്നതിലുപരി , നായകന്റെ ഇപ്പോഴും ജീവിച്ചിരിപ്പുള്ള ബന്ധുക്കളുടെ ആംഗിളിലൂടെ കൂടി അതിനെ സമീപിക്കും എന്നതാണ്..മേജർ പോലൊരു ബയോപിക് താങ്ങാൻ എനിക്ക് കഴിയുമോ എന്ന് പലവട്ടം ചിന്തിച്ചു..
ഇപ്പോഴും ജീവിച്ചിരിക്കുന്ന മേജർസന്ദീപിന്റെ മാതാപിതാക്കൾ ഉണ്ണികൃഷ്ണന്റെയും ധനലക്ഷ്മിയുടെയും ഈ സിനിമ കാണുമ്പോഴുള്ള വൈകാരികസംഘർഷങ്ങൾ എന്നെ ബാധിക്കുമെന്നത് തന്നെ കാരണം..എന്നിട്ടും എനിക്ക് പോവാതിരിക്കാൻ സാധിച്ചില്ല.. #major കാണാതിരിക്കാൻ സാധിച്ചില്ല.. ഉള്ളു നിറഞ്ഞ്, മനസ്സ് നിറഞ്ഞ്, പലപ്പോഴും കണ്ണു നിറഞ്ഞൊലിച്ച് സിനിമ കണ്ടു.. കണ്ടു കൊണ്ടിരുന്നു.. കണ്ടിറങ്ങി..
എല്ലാം കൊണ്ടും ഗംഭീരമായ ഒരു സിനിമാനുഭവം ആണ് മേജർ..കയ്യൊതുക്കത്തോടെ.., ഓവറാക്കി ചളമാക്കാതെ.. തീർത്തും precise ആയിട്ടുള്ള സ്ക്രിപ്റ്റും ഗൗരവമൊട്ടും കൈവിടാതെയുള്ള മേക്കിംഗും സിനിമയെ അവിസ്മരണീയമാക്കുന്നു..മേജർരവി മലയാളത്തിൽ മെഴുകുന്നത് പോലെയല്ലാതെ.. നാഗ്പ്പൂർപ്രോപ്പഗാണ്ടയിൽ ചുട്ടെടുക്കുന്ന ബോളിവുഡ്മസാലകളിൽ കാണും വിധമല്ലാതെ, അനതിവിദൂരമായ ചരിത്രത്തിൽ സംഭവിച്ച ഒരു terrorist അറ്റാക്കിനെയും എൻ എസ് ജി കമാൻഡോ ഓപ്പറേഷനേയും ഏറക്കുറെ റിയലിസ്റ്റിക് ആയി എങ്ങനെ ചിത്രീകരിക്കാമെന്ന് കാണിച്ചുതരുന്നതാണ് മെയിൻ ഹൈലൈറ്റ്..
2008ലെ മുംബൈ ടാജ് അറ്റാക്കിനെ തുടർന്ന് നടന്ന ‘ഓപ്പറേഷൻ ബ്ലാക്ക് ടോർണാഡോ”യിൽ മാത്രം ഫോക്കസ് ചെയ്യാതെ മേജർ സന്ദീപ് എന്ന യോദ്ധാവിന്റെ വ്യക്തിജീവിതം കൂടി അടങ്ങിയതാണ് സിനിമയുടെ ഘടന. സന്ദീപിന്റെ അച്ഛന്റെ ഓർമ്മകളിലൂടെ ആണ് സിനിമ വികസിക്കുന്നത്.. അതിൽ കുട്ടിക്കാലം മുതലുള്ള സന്ദീപിന്റെ ബാംഗ്ളൂരിലെയും കണ്ണൂരിലെയും ഹരിയാനയിലെയും ജീവിതം വിധം നോൺ ലീനിയറായി ചിതറിക്കിടക്കുന്നു.
അത് ഇമോഷണലി കണക്റ്റ് ചെയ്യും വിധം എഡിറ്റ് ചെയ്തിരിക്കുന്നു..സന്ദീപിന്റെ റോൾ ചെയ്തിരിക്കുന്ന തെലുങ്ക് നടൻ അദിവിശേഷിന്റേത്, എവിടെയും മുഴച്ചു നിൽക്കാത്ത ഷാർപ്പ് ആയിട്ടുള്ള പെർഫോമൻസ് ആണ്. അദ്ദേഹം തന്നെ ആണ് വെൽ ക്രോപ്പ്ഡ് ആയി സ്ക്രിപ്റ്റിങ് നടത്തിയിരിക്കുന്നതും എന്നത് കൗതുകമായി തോന്നി..ജനഗണമനയിലും നാരദനിലും ചർച്ച ചെയ്തതിൽ നിന്നും ഒരുപടി കൂടി മുന്നോട്ടുപോയി മീഡിയകൾ എങ്ങനെയാണ് രാജ്യസുരക്ഷ അപകടത്തിലായിരിക്കുന്ന ക്രിട്ടിക്കൽ ആയ അവസരങ്ങളിൽ പോലും ടിആർപി റേറ്റിങ്ങിന് വേണ്ടി സാമൂഹ്യദ്രോഹികളായി മാറുന്നത് എന്നതൊക്കെ കാണിച്ചു തരുന്നു..
പ്രകാശ് രാജിന്റെയും രേവതിയുടെയും പ്രകടനമികവ് സിനിമയെ അതിന്റെ ലക്ഷ്യം നിറവേറ്റുന്നതിൽ വളരെയേറെ സഹായിക്കുന്നുണ്ട്..സിനിമ തീർന്നിട്ടും സീറ്റിൽ തന്നെ മൗനമായി സ്തബ്ധരായിരിക്കുന്ന പ്രേക്ഷകരെയാണ് കാണാൻ സാധിച്ചത്..തിയേറ്ററിൽ നിന്ന് പോരുമ്പോൾ, എന്നെ സംബന്ധിച്ച് കെജിഎഫ് നേക്കാളും RRR നേക്കാളും ബാഹുബലിയേക്കാളുമൊക്കെ വലിയ ഒരു മാസ് മൂവി കണ്ട ഫീൽ ബാക്കി നിൽക്കുന്നുണ്ട്..
രാജ്മൗലിയുടെയൊ പ്രശാന്ത് നീലിന്റെയോ മറ്റാരുടെയെങ്കിലുമോ ഭാവനയിൽ വിരിഞ്ഞ ഒരു ഇമേജിനറിക്യാരക്റ്റർ അല്ല മേജർ സന്ദീപ് എന്നതുതന്നെ കാരണം..അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു അയാളുടെ ഹീറോയിസം.. അവസാനനൊടി വരെ പൊരുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ അന്ത്യവും.. അത് സമ്മാനിക്കുന്ന ഗൂസ്ബമ്പ് സന്ദർഭങ്ങൾ കുറച്ചൊന്നുമല്ല..
ബയോപിക്കുകളുടെ കൂത്തരങ്ങായ ബോളിവുഡിൽ നിന്നോ സ്വന്തം നാടായ കേരളത്തിൽ നിന്നോ അല്ല രാജ്യത്തെ മെഗാമാസ് മൂവി മൂവി ഇൻഡസ്ട്രി ആയ ടോളിവുഡിൽ നിന്നുമാണ് മേജർ പുറത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സിനിമ നിർമ്മിച്ചിരിക്കുന്നതാവട്ടെ തെലുങ്ക് സൂപ്പർസ്റ്റാർ ആയ മഹേഷ് ബാബുവും.. ശശി കിരൺ ടിക്ക എന്ന സംവിധായകന്റെയോ അദിവിശേഷെന്ന നടന്റെയോ പേര് മുൻപ് ശ്രദ്ധയിൽ പെട്ടിട്ടില്ല..
പക്ഷെ അവർ ചെയ്തുവച്ചിരിക്കുന്ന വർക്ക് ചെറുതല്ല.. അഭിനന്ദിക്കാതിരിക്കാൻ ഒരു രക്ഷയുമില്ല..മലയാളം ഡബ്ബിംഗ് വേർഷൻ ഏറക്കുറെ കുറ്റമറ്റതാണ്.. തിയേറ്ററിൽ നിന്നും കണ്ടിരുന്നില്ലെങ്കിൽ വലിയ നഷ്ടമായിരുന്നേനെ എന്ന് personaly ഞാൻ വിലയിരുത്തും..