News in its shortest

രാജ്യത്തെ ആദ്യ ‘കൂപ്പത്തോണ്‍’ കോഴിക്കോട് നടക്കും

കോഴിക്കോട്: ആഗോള തലത്തില്‍ സഹകരണമേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായുള്ള ആദ്യ ഹാക്കത്തോണ്‍ കോഴിക്കോട് കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ  പങ്കാളിത്തത്തോടെ നടക്കും. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റാണ് ഏപ്രില്‍ 29, 30 തിയതികളില്‍ നടക്കുന്ന പരിപാടിയ്ക്ക് ആതിഥ്യം വഹിക്കുന്നത്.

കോ-ഓപ്പറേറ്റീവ് ഹാക്കത്തോണിന്‍റെ ചുരുക്കപ്പേരായാണ് ‘കൂപ്പത്തോണ്‍’ എന്ന് ഈ പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്. മാറുന്ന തൊഴില്‍ മേഖലയില്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിലാണ് ഈ ആഗോളസമ്മേളനം നടക്കുന്നത്. ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ്(ഐസിഎ), ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍(ഐഎല്‍ഒ), ഐഐഎം കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

ഐസിഎയും യൂറോപ്യന്‍ യൂണിയനും സംയുക്തമായാണ് പരിപാടിയ്ക്ക് ഫണ്ട് ചെയ്യുന്നത്. ‘വികസനത്തില്‍ സഹകരണമേഖലയുടെ പ്രസക്തി: പൊതുജന കേന്ദ്രീകൃതമായ വാണിജ്യ ഇടപെടലുകള്‍’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഐസിഎ ഡോമസ് ട്രസ്റ്റും പരിപാടിയില്‍ സഹകരിക്കുന്നുണ്ട്.

ഏഷ്യ പസഫിക് മേഖലയില്‍ നിന്നുള്ള ഇരുപതോളം രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കു മുമ്പാകെ കൂപ്പത്തോണില്‍ മുന്നോട്ടു വരുന്ന മൂന്ന് പ്രധാനപ്പെട്ട ആശയങ്ങള്‍ സമര്‍പ്പിക്കും. ആശയങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളായി പരിവര്‍ത്തനം ചെയ്യുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പിന്തുണയും 60,000 രൂപയുമാണ് ഒന്നാം സ്ഥാനക്കാരനെ കാത്തിരിക്കുന്നത്.

നൂതന സാങ്കേതിക വിദ്യയിലൂടെ മാത്രമേ മൂല്യങ്ങള്‍ മുന്നോട്ടു വയ്ക്കാനാകൂ എന്ന് കെ എസ് യു എം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. കോപ്പത്തോണ്‍ പോലുള്ള മത്സരങ്ങള്‍ വിവിധ സ്റ്റാര്‍ട്ടപ്പുകളെ ഒന്നിച്ചു കൊണ്ടു വരാനും മികച്ച ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണമേഖല നേരിടുന്ന സൂക്ഷ്മമായ പ്രശനങ്ങളെ പരിഹരിക്കുന്നതിനുതകുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ ആഗോള തലത്തില്‍ സഹകരണമേഖല തയ്യാറാണെന്ന് യുഎല്‍സിസി അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ കിഷോര്‍ കുമാര്‍ പറഞ്ഞു. ഈ സമ്മേളനത്തിന്‍റെ പ്രമേയവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കും അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇ-ഗവേണന്‍സ്, മെമ്പര്‍ മാനേജ്മന്‍റ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മാനേജ്മന്‍റ് ഇന്‍ കോപ്സ് ആന്‍ഡ് നോളെഡ്ജ് മാനേജ്മന്‍റ് ഇന്‍ നോണ്‍ ടെക് കോപ്സ് എന്നിവയാണ് കോപ്പത്തോണിന്‍റെ പ്രമേയങ്ങള്‍.

ആദ്യ ദിനം നിരവധി സഹകാരികളുമായി സംവദിക്കാനുള്ള അവസരം പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്.

രജിസ്ട്രേഷനായി bit.ly/coopathon എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടുക. മറ്റ് വിവരങ്ങള്‍ https://worldofwork.coop/coopathon-registration/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- കിഷോര്‍- 9447234346, ജിതിന്‍-9744890674.

Comments are closed.