ലോക കേരള സഭ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സംവിധാനം രൂപീകരിക്കും
പ്രഥമ ലോക കേരള സഭ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുള്ളതുമായ ആശയങ്ങള്‍ പ്രായോഗികമാക്കുന്നതിന് ആഗോളതലത്തില്‍ തന്നെ പ്രവാസികളെയാകെ കൂട്ടിയോജിപ്പിക്കുന്നതിനുവേണ്ടിയുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും.
വിദേശത്തുള്ള പ്രവാസി വ്യവസായ-വാണിജ്യ സംരംഭകരുമായി സജീവബന്ധം പുലര്‍ത്തുന്നതിനുവേണ്ടി പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കും. ഒരോ വിദേശമേഖലയ്ക്കും പ്രത്യേക ചേംബറുകള്‍ എന്ന നിലയിലാവും ഇത്. ഇവരും കേരളത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ചേംബറുകളും തമ്മില്‍ സൗഹൃദബന്ധം വളര്‍ത്തിയെടുത്ത് ആഗോളതലത്തിലെ മലയാളികളായ വ്യവസായ-വാണിജ്യ സംരംഭക കൂട്ടുകെട്ട് ഉണ്ടാക്കും.
എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍. പ്രൊഫഷണലുകളുടെ സേവനം കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും. അതുവഴി കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലയില്‍ വികസനം സാധ്യമാക്കുകയുമാണ് ലക്ഷ്യം.
വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുമായ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി നോര്‍ക്കയില്‍ പ്രത്യേക വിഭാഗങ്ങള്‍. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മേഖലാ ഉപവകുപ്പുകളും ഉണ്ടാകും. ഇതിന്റെ ചുമതല പ്രൊഫഷണലുകളെ ഏല്‍പ്പിക്കും.
കേരള വികസന നിധി രൂപീകരിക്കും. നിശ്ചിത തുകയ്ക്കുള്ള ഡിപ്പോസിറ്റ് പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയ്യാറുള്ള പ്രവാസികള്‍ക്ക്, പ്രവാസം മതിയാക്കി മടങ്ങിയെത്തുമ്പോള്‍ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ നേടുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. ഗള്‍ഫില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നാട്ടില്‍ ഒരു തൊഴില്‍ ഉറപ്പുവരുത്താനുള്ള നിക്ഷേപം എന്ന നിലയില്‍ ഈ സംരംഭം ഈ രംഗത്തെ പുതുമയുള്ള കാല്‍വെയ്പ്പായിരിക്കും.
പ്രവാസികള്‍ക്ക് സംരംഭമാരംഭിക്കുന്നതിനായി പ്രത്യേക വായ്പാ സൗകര്യങ്ങള്‍. സംരംഭകരാകാന്‍ തയ്യാറാകുന്നവരുമായി, പ്രത്യേകിച്ച് പ്രൊഫഷണലുകളുമായി നാട്ടിലേക്കുള്ള മടക്കത്തിനുമുമ്പ് തന്നെ ആശയവിനിമയം നടത്തുവാന്‍ ഒരു ഏജന്‍സി സ്ഥാപിക്കും. നിക്ഷേപകര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ ആവശ്യമായ അനുവാദവും ലഭ്യമാക്കും.
പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കുമെല്ലാം സംരക്ഷണം നല്കാന് ഉതകുന്ന സ്കീം ഉണ്ടാക്കും.
Comments are closed.