ലോക്ക്ഡൗണ്‍: സാധനങ്ങളും മരുന്നും വാങ്ങാന്‍ കഞ്ഞിക്കുഴി മാതൃക
തോമസ് ഐസക്ക്
ലോക്ഡൗൺ കാലത്ത് എല്ലാവരും വീട്ടിലിരിക്കണം. അപ്പോൾ അത്യാവശ്യം വാങ്ങേണ്ട കാര്യങ്ങളൊക്കെ എങ്ങനെ നടക്കും? ലോക്ഡൗണെന്നു പറഞ്ഞ് ഇന്നും നാളെയും ആക്രാന്തം പിടിച്ച് കടകളിൽ തിക്കിത്തിരക്കി കയറേണ്ടതില്ല.
പ്രാദേശികമായി ആവശ്യമുള്ള മരുന്നും ഭക്ഷണവും മറ്റ് ഉൽപ്പന്നങ്ങളും വീടുകളിൽ എത്തിക്കുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കഴിയും. എങ്ങനെയെന്നതിന് ഉദാഹരണമാണ് ഇന്ന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് എടുത്ത തീരുമാനം.
ഇന്നു കാലത്ത് പുതിയ എംഎൽഎ പി. പ്രസാദ് മോട്ടോർ സൈക്കിൾ സ്ക്വാഡ് ഫ്ലാഗ് ഓഫ് ചെയ്തു.ഒരു ഡസൻ യുവസന്നദ്ധപ്രവർത്തകരുടെ ഒരു ബൈക്ക് സംഘത്തിനു രൂപം നൽകിയിരിക്കുകയാണ്.
എന്തു സാധനം ആവശ്യമുണ്ടെങ്കിലും കാൾ സെന്ററിൽ വിളിക്കാം. അവ വീട്ടിൽ എത്തിച്ചിരിക്കും. മരുന്ന്, പലചരക്ക്, ഭക്ഷണം ഇങ്ങനെ എന്തും. തീർന്നില്ല ഏതു കടയിൽ നിന്നു വേണോ ആ കടയിൽ നിന്നു തന്നെ വാങ്ങിയെത്തിക്കും.
സർവ്വീസ് ചാർജ്ജില്ല. ചരക്ക് വീട്ടിൽ ഡെലിവറി ചെയ്യുമ്പോൾ ബില്ലിലെ പണം നൽകിയാൽ മതിയാകും. ക്വാറന്റൈൻ വീടാണെങ്കിൽ പൊതി വാതിൽപ്പടിയിൽ വയ്ക്കുകയേയുള്ളൂ. പണം ഓൺലൈനായി നൽകണം. ഏതെങ്കിലും വീട്ടുകാരൻ പണം നൽകിയില്ലെങ്കിലോ? കടക്കാരനു നഷ്ടമുണ്ടാവില്ല. പണത്തിനു പഞ്ചായത്തിന്റെ ഗ്യാരണ്ടിയുണ്ട്.
ക്വാറന്റൈൻ വീടുകളിൽ മാത്രമേ പണം കൈമാറുന്നതിനു കാലതാമസവും ആശയക്കുഴവും ഉണ്ടാകാൻ ഇടയുള്ളൂ. ഏതായാലും ലോക്ഡൗൺ കാലത്ത് കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ആളുകൾക്ക് കമ്പോളത്തിൽ പോകാൻ അനുവാദമില്ലാത്തതുകൊണ്ട് മുട്ടുണ്ടാവില്ല. ഏതായാലും കാൾ സെന്റർ ഉണ്ടല്ലോ.
ഫോൺ മുഖേനയുള്ള കൗൺസിലിംഗും ആരംഭിക്കും. ഇനി ടെലിമെഡിസിനിലേയ്ക്കും വ്യാപിപ്പിക്കാം. എന്തുവേണമെന്നുള്ളതിനു നല്ലൊരു മാതൃകയാണിത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ആര്യാട് ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിൽ ഇതുപോലൊരു സംവിധാനം കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഉണ്ടായിരുന്നു.
ഇതു വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതിന് ഇന്ന് ഓൺലൈനായി ജനപ്രതിനിധികളുടെയും മറ്റും യോഗം നടക്കുകയാണ്. കേരളത്തിന്റെ കരുത്താണ് പ്രാദേശിക ഭരണകൂടങ്ങൾ എന്ന് ഒരിക്കൽക്കൂടി തെളിയും.
(തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചത്)
Comments are closed.