സമ്പൂര്‍ണ്ണമദ്യരഹിതകേരളം സാക്ഷാത്കരിക്കാന്‍ കൊറോണവൈറസിന് കഴിയുമോ?
കെ വി അഷ്ടമൂര്‍ത്തി
ആദ്യമേ പറയട്ടെ, ഞാന്‍ മദ്യവിരുദ്ധനല്ല. വല്ലപ്പോഴുമൊക്കെ മദ്യം കഴിയ്ക്കാറുണ്ട്; കഴിയ്ക്കില്ലെന്ന് ഇനിയും പ്രതിജ്ഞയൊന്നും എടുത്തിട്ടില്ല. മദ്യവിമുക്തകേരളം എന്റെ സ്വപ്നവുമല്ല. എന്നാലും ചില കാര്യങ്ങള്‍ ഇപ്പോള്‍ പറയണമെന്നു തോന്നുന്നു.
കോവിഡ് 19 മരണനൃത്തം തുടരുമ്പോള്‍ കേരളം ഒരു പ്രത്യേകഘട്ടത്തിലൂടെ കടന്നു പോവുകയാണ്. മാര്‍ച്ച് 23ന് ബാറുകളും രണ്ടു ദിവസത്തിനു ശേഷം ബിവറേജസിന്റെ വില്പനശാലകളും അടച്ചതോടെ മദ്യത്തിന്റെ വില്പന അപ്പാടെ നിലച്ചിരിയ്ക്കുകയാണ്. മദ്യം കിട്ടാതെ ഇന്നലത്തോടെ ആറു പേര് ആത്മഹത്യ ചെയ്തുകഴിഞ്ഞു. സംസ്ഥാനത്താകെ വ്യാജമദ്യവാറ്റുകാരെ പിടികൂടിക്കൊണ്ടിരിയ്ക്കുകയുമാണ് ഇപ്പോള്‍. ആന്റണിയുടെ ചാരായനിരോധനകാലത്തേപ്പോലെയല്ല; അന്ന് ഇന്ത്യന്‍ നിര്മ്മിതവിദേശമദ്യത്തിന് വിലക്കൊന്നുമുണ്ടായിരുന്നില്ലല്ലോ.
ഈ നില എത്ര ദിവസങ്ങള്‍ തുടര്‍ന്നുകൊണ്ടു പോവും എന്നതിന് കൃത്യമായ ഉത്തരമൊന്നുമില്ലെങ്കിലും ഒരു മാസത്തേയ്ക്ക് വലിയ മാറ്റമൊന്നും നമുക്ക് പ്രതീക്ഷിയ്ക്കാനാവില്ല എന്നു തോന്നുന്നു.
അത്രയും കാലം മദ്യം ലഭിയ്ക്കാതെ വന്നാല്‍ മദ്യപന്മാര്ക്ക് എന്തു സംഭവിയ്ക്കും? അവര്‍ മദ്യപാനത്തിലുള്ള ആസക്തിയില്‍നിന്ന് എന്നെന്നേയ്ക്കുമായി മുക്തമാവുമോ? അത് വിദഗ്ധരാണ് പറഞ്ഞു തരേണ്ടത്.
ഒരനുഭവം ഇവിടെ പകര്‍ത്തട്ടെ:
പണ്ടുപണ്ട് ആന്റണി ചാരായം നിരോധിയ്ക്കുന്നതിനും മുമ്പത്തെ കഥയാണ്. ഞങ്ങളുടെ പറമ്പിന്റെ കിഴക്കേയറ്റത്ത് ഒരു കള്ളുഷാപ്പുയര്‍ന്നു. ആറാട്ടുപുഴയില്‍നിന്ന് പുതുക്കാട്ടേയ്ക്കുള്ള വഴിയരികിലെ പുറമ്പോക്കിലായിരുന്നു ഷാപ്പ് സ്ഥാപിച്ചത്. തെക്കേ വശത്ത് കരുവന്നൂര്‍പ്പുഴ, വടക്ക് മണ്ടേമ്പാടം. പുഴയില്‍നിന്നും പാടത്തുനിന്നുമുള്ള കാറ്റേറ്റ് ഇരിയ്ക്കാന്‍ പറ്റിയ സ്ഥലമായിരുന്നു തൊട്ടടുത്തുള്ള ഞങ്ങളുടെ പറമ്പ്. ആര്‍പ്പുവിളിയും ബഹളവും വഴക്കുമെല്ലാം കൊണ്ട് മുഖരിതമായി അവിടം. ഓട്ടോറിക്ഷകളും മോട്ടോര്‍ സൈക്കിളുകളും പാര്‍ക്ക് ചെയ്യാനും അവിടെ സൗകര്യമുണ്ടായിരുന്നു. ഊരകത്തിറങ്ങി കോവളം' എന്നു പറഞ്ഞാല്‍ ഓട്ടോറിക്ഷക്കാര്‍ നമ്മളെ സുരക്ഷിതമായി ഇവിടെ കൊണ്ടുചെന്നിറക്കും. മടക്കറിക്ഷകള് കിട്ടാനും സൗകര്യം. അങ്ങനെ വിജനമായി കിടന്നിരുന്ന കൊറ്റിയ്ക്കല്‍ കാപ്പില്‍ പെട്ടെന്ന് ആളും അനക്കുവുമായി. സന്ധ്യയാവുമ്പോഴേയ്ക്കും നാട്ടിലെ ആണുങ്ങളൊക്കെ ഒത്തുചേരുന്ന സ്ഥലമായി ആറാട്ടുപുഴയിലെ
കോവളം’.
അതിനിടെ കള്ളുഷാപ്പിന്റെ മറവില്‍ ചാരായം കൊടുക്കുന്നുണ്ട് എന്ന് ശ്രുതി പരന്നു. മഴക്കാലത്ത് ഒരു ദിവസം പാടത്തെ വെള്ളക്കെട്ടില്‍ കെട്ടിത്താഴ്ത്തിയ പ്ലാസ്റ്റിക് കാനുകളില്നിന്ന് ചാരായം കണ്ടെടുത്തതോടെ അത് സ്ഥിരീകരിയ്ക്കപ്പെട്ടു. മദ്യനിരോധനക്കാര്‍ ഇളകി. അടുത്തുള്ള ദലിത് കോളനിയില്‍നിന്നുള്ള സ്ത്രീകള്‍ ഷാപ്പിനെതിരെ സമരം തുടങ്ങി. ഒരാഴ്ച ഷാപ്പ് അടച്ചിട്ടതോടെ കള്ളു കിട്ടാതിരുന്ന കോളനിയിലെ ആണുങ്ങള്‍ക്ക് അതു കിട്ടിയില്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ലെന്നു ബോധ്യമായി. മാത്രമല്ല കുറേശ്ശെ സുഖവും തോന്നിത്തുടങ്ങി അവര്‍ക്ക്. വൈകാതെ അവരും എത്തി സത്യാഗ്രഹത്തിന്. വേറെ എവിടെയോ സ്ഥാപിയ്ക്കേണ്ടിയിരുന്നതാണ് ഈ ഷാപ്പ് എന്നും അവിടത്തെ ആളുകളുടെ എതിര്‍പ്പുകൊണ്ട് അവിടെ തുറക്കാന്‍ പറ്റാതെ പോയതാണ് എന്നും ആ ലൈസന്‍സ് ഉപയോഗിച്ചാണ് `കോവള’ത്ത് ഈ ഷാപ്പ് സ്ഥാപിച്ചത് എന്നും പിന്നീട് വെളിപ്പെട്ടു. അതോടെ ഷാപ്പുകാര് എന്നെന്നേയ്ക്കുമായി കുറ്റി പറിച്ച് സ്ഥലം വിട്ടു. പക്ഷേ അപ്പോഴേയ്ക്കും കോളനിയിലുള്ള കുറച്ചു പേര് മദ്യവിമുക്തരായിക്കഴിഞ്ഞിരുന്നു.
ഇത്ര വേഗം കുടിയന്മാര്ക്ക് മദ്യപാനവിരക്തി ഉണ്ടാവുമോ!
മറ്റൊരു സംഭവവും ഓര്‍മ്മ വരുന്നു: കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ബോംബെയില്‍ സിഗരറ്റ് ചില്ലറ വില്പനക്കാരുടെ ഒരു സമരം നടന്നു. തങ്ങള്‍ക്ക് വില്പനയിലുള്ള കമ്മീഷന് കൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്. കമ്മീഷന് കൂട്ടിക്കിട്ടുന്നതുവരെ സിഗരറ്റ് വില്‍ക്കില്ല എന്നു തീരുമാനിച്ചു. ഇന്ത്യന്‍ ടുബാക്കോ കമ്പനിയടക്കമുള്ള സ്ഥാപനങ്ങളാവട്ടെ വഴങ്ങിയില്ല. ഒരാഴ്ചയോളം സമരം നീണ്ടതോടെ ബോംബെയിലെ `വലിയന്മാര്’ക്ക് സിഗരറ്റില്ലെങ്കിലും കഴിച്ചുകൂട്ടാമെന്നായി. ഇനിയും തുടര്‍ന്നു പോയാല്‍ ഉള്ള കച്ചവടം തന്നെ നഷ്ടപ്പെടുമെന്നു ഭയപ്പെട്ട് വ്യാപാരികള്‍ സമരം നിരുപാധികം പിന്‍വലിയ്ക്കുകയാണുണ്ടായത്.
ഇത്ര വേഗം `വലിയന്മാര്’ക്ക് പുകവലി വിമുക്തരാകാനാവുമോ?
ഇന്നത്തെ ഇടതുപക്ഷസര്‍ക്കാരിന്റെ മദ്യനയം ഇരട്ടത്താപ്പാണ്. പറച്ചിലും പ്രവൃത്തിയും രണ്ടാണ്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കണമെന്ന ആദര്‍ശം പറയുമ്പോള്‍ത്തന്നെ മുക്കിലും മൂലയിലും മദ്യശാലകള്‍ക്ക് അനുമതി കൊടുത്തുകൊണ്ടേയിരിയ്ക്കുകയാണ് ഈ സര്‍ക്കാര്‍. ഇനി ഒരിഞ്ചു പോലും മുന്നോട്ടു പോവാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണല്ലോ ബാറുകളും ബിവറേജസ് വില്പനശാലകളും പൂട്ടാനുള്ള ഉത്തരവ് ഇറക്കിയത്.
വലതുപക്ഷവും വ്യത്യസ്തരൊന്നുമല്ല. കൂടുതല്‍ കാപട്യമുള്ളവര്‍ അവരാണ്. പെണ്ണുങ്ങളുടെ കണ്ണീരൊപ്പാന്‍ എന്ന വ്യാജപ്രസ്താവനയുമായി ചാരായം നിരോധിച്ച ആന്റണി; സ്വന്തം പ്രതിച്ഛായാനിര്മ്മാണത്തിനു വേണ്ടി മാത്രം നാലു നക്ഷത്രംവരെയുള്ള മദ്യശാലകള്‍ അടയ്ക്കണമെന്ന് നിര്‍ദ്ദേശിച്ച സുധീരന്; അയാളെ വെട്ടിനശിപ്പിയ്ക്കാന് വേണ്ടി എല്ലാ ബാറുകളും അടച്ചുപൂട്ടാന്‍ തീരുമാനിച്ച ഉമ്മന്‍ചാണ്ടി.
എന്നിട്ടും കേരളത്തില്‍ എന്താണുണ്ടായത് എന്ന് എല്ലാവര്‍ക്കുമറിയാം.
അറിയേണ്ടത് ഇതാണ്: ഇവരേക്കാളൊക്കെ ആത്മാര്‍ത്ഥതയുണ്ടായിരുന്ന മന്മഥനും കുമാരപിള്ളയും പരിശ്രമിച്ചിട്ടു പോലും നേടാന്‍ കഴിയാതെ പോയ സമ്പൂര്‍ണ്ണമദ്യരഹിതകേരളം ഈ കൊറോണവൈറസ് നടപ്പാക്കുമോ?
കാലമാണ് മറുപടി പറയേണ്ടത്
(ഫേസ് ബുക്കില്‍ കുറിച്ചത്)
Comments are closed.