ദ്രാവിഡിന്റെ വഴിയേ മകനും, സെഞ്ച്വറിയടിച്ച് ടീമിനെ വിജയിപ്പിച്ച് സമിത്
വന്മതില് എന്ന് വിളിപ്പേര് കേട്ട രാഹുല്‍ ദ്രാവിഡ് ഒന്നര പതിറ്റാണ്ടോളം ക്രിക്കറ്റ് മൈതാനം അടക്കിവാണു. ഒടുവില്‍ 2012-ല്‍ ആ ഇതിഹാസ ബാറ്റ്സ്മാന് കളിയവസാനിപ്പിച്ചു. ദ്രാവിഡിന്റെ മകനും അച്ഛനെ പോലെ ക്രിക്കറ്റിന്റെ ആരവങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ബിടിആര്‍ കപ്പ് അണ്ടര്‍ 14 ടൂര്‍ണമെന്റില്‍ രാഹുലിന്റെ മകന് സമിത് ഉജ്ജ്വല സെഞ്ച്വറി അടിച്ചു കൂട്ടുകയും തന്റെ സ്കൂളായ മല്ല്യാ അദിതി ഇന്റര്‍നാഷണലിന് 412 റണ്‍സിന്റെ കൂറ്റന്‍ വിജയം സമ്മാനിക്കുകയും ചെയ്തു. സമിത് 150 റണ്‍സാണ് അടിച്ചു കൂട്ടിയത്.
ഈ ടീമില്‍ സമിത് മാത്രമല്ല അച്ഛന്റെ വഴി പിന്തുടരുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ സുനില്‍ ജോഷിയുടെ മകന് ആര്യന് ജോഷിയും സമിതിനൊപ്പമുണ്ട്. ആര്യനാകട്ടെ 154 റണ്‍സാണ് നേടിയത്. ഇരുവരും ചേര്‍ന്നുള്ള കൂറ്റന്‍ കൂട്ടുകെട്ട് ടീമിന് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 500 റണ്‍സ് എന്ന സ്കോര്‍ സമ്മാനിച്ചു.
ഇരുവരുടേയും പ്രകടനത്തിനുശേഷം ബൗളര്‍മാര്‍ എതിരാളികളുടെ ശേഷക്രിയ കഴിച്ചു. കേവലം 88 റണ്‍സിന് എതിരാളികളായ വിവേകാനന്ദ സ്കൂള്‍ പുറത്തായി.
അണ്ടര്‍ 14 വിഭാഗത്തില്‍ സമിതിന്റെ പ്രകടനം സുസ്ഥിരമാണ്. ബാംഗ്ലൂര്‍ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബിനെ പ്രതിനിധീകരിക്കുന്ന സമിത് ടൈഗര്‍ കപ്പ് ക്രിക്കറ്റില്‍ ഫ്രാങ്ക് ആന്റണി സ്കൂളിന് എതിരെ 125 റണ്‍സ് നേടിയിരുന്നു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.