News in its shortest

ഏറ്റവും വലിയ ശാസ്ത്രീയ വിദ്യാഭ്യാസം കേരളത്തിലാവും : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്


വിദ്യാഭ്യാസ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസ യജ്ഞം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ശാസ്ത്രീയ വിദ്യാഭ്യാസ സംവിധാനം കേരളത്തിലാകുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കൊടകര സര്‍ക്കാര്‍ എന്‍ ബി എച്ച് എസിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ ജി ഡി പി യുടെ അരശതമാനം വിദ്യാഭ്യാസ രംഗത്ത് നിക്ഷേപിക്കുമ്പോള്‍ കേരളത്തില്‍ ഇത് ആറ് ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ രംഗത്തെ വികസനത്തിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ രണ്ടായിരം കോടി രൂപയാണ് നിക്ഷേപിച്ചത്. എല്ലാ വിഷയത്തിലും മാത്രമല്ല ജീവിതത്തിലും എ പ്ലസ് ആണ് ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ മുഖ്യാതിഥിയായി. ഹൈടെക് ക്ലാസ് മുറി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജുള അരുണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളുടെ സംയുക്ത വികസന രേഖ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ പ്രസാദന്‍ മന്ത്രിക്ക് കൈമാറി. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ ജി ഡിക്‌സണ്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധ, പൂര്‍വവിദ്യാര്‍ത്ഥി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി വാഹിദ്, കെ എസ് അജിത, ഇ എല്‍ പാപ്പച്ചന്‍, യു നന്ദകുമാര്‍, കെ ആര്‍ ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.