News in its shortest

കോഴിക്കോട്‌ കീരിടം നിലനിര്‍ത്തി: അടുത്ത കലോത്സവം ആലപ്പുഴ ജില്ലയില്‍

തൃശൂരില്‍ നടന്ന 58-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് കീരിടം നിലനിര്‍ത്തി. 895 പോയിന്റോടുയാണ് കോഴിക്കോടിന്റെ വിജയം. 893 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനം നിലനിര്‍ത്തി. 875 പോയിന്റോടെ മലപ്പുറം ജില്ല മൂന്നാം സ്ഥാനത്തെത്തി. ആതിഥേയായ ജില്ലയായ തൃശൂരിന് 865 പോയിന്റോടെ നാലാം സ്ഥാനത്ത് എത്താനേ സാധിച്ചുളളൂ. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു തൃശൂര്‍.

അടുത്ത കേരള സ്‌കൂള്‍ കലോത്സവം ആലപ്പുഴ ജില്ലയില്‍ നടത്തുമെന്ന് സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു.

24 വേദികളിലായി അഞ്ച് ദിവസം നീണ്ട കലോത്സവത്തില്‍ എച്ച്.എസ് ജനറല്‍ വിഭാഗത്തില്‍ പാലക്കാട് ഒന്നാമതും (423 പോയിന്റ്) കോഴിക്കാട് രണ്ടാമതും (419 പോയിന്റ്) എത്തി. എച്ച്.എസ്.എസ് ജനറല്‍ വിഭാഗത്തില്‍ മലപ്പുറവും കോഴിക്കോടും ഒന്നാമതും (476 പോയിന്റ്) പാലക്കാട് (470 പോയിന്റ്) രണ്ടാമതും എത്തി. എച്ച്.എസ് സംസ്‌കൃത വിഭാഗത്തില്‍ കോഴിക്കോട് ജില്ല 95 പോയിന്റോടെ ഒന്നാമത് എത്തിയപ്പോള്‍ 91 പോയിന്റ് നേടി പാലക്കാട് രണ്ടാമത് എത്തി.

എച്ച് എസ് അറബിക് വിഭാഗത്തില്‍ മലപ്പുറം ജില്ല (95 പോയിന്റ്) ഒന്നാം സ്ഥാനവും തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകള്‍ രണ്ടാം സ്ഥാനവും (93 പോയിന്റ്) പങ്കിട്ടു. വിജയികള്‍ക്ക് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സമ്മാനം നല്‍കി. ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് ജില്ലക്ക് നൂറ്റിപതിനെഴര പവന്‍ തൂക്കമുളള സ്വര്‍ണ്ണകപ്പും രണ്ടാം സ്ഥാനം നേടിയ പാലക്കാട് ജില്ലക്ക് 20 കിലോ തൂക്കമുളള വെളളിക്കപ്പും മൂന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലക്ക് അഞ്ചര കിലോ തൂക്കമുളള വെളളിക്കപ്പുമാണ് നല്‍കിയത്. എച്ച് എസ്, എച്ച് എസ് എസ് വിഭാഗത്തിലെ മികച്ച നടന്‍, നടി എന്നിവര്‍ക്കുളള സുവര്‍ണ്ണ മുദ്ര പ്രമുഖ വ്യപാരി ടി എസ് കല്ല്യാണരാമന്‍ എ ഡി പി ഐ ജെസ്സി ജോസഫിന് കൈമാറി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി പന്ത്രണ്ടാം തവണയും കിരീടം നേടിയ കോഴിക്കോടിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമോദിച്ചു. കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും മത്സരിക്കുകയും ചെയ്ത എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു. പുതിയ മാന്വല്‍ പ്രകാരം നടത്തിയ കലോത്സവം കൂടുതല്‍ ആരോഗ്യകരമായ മത്സരം സംഘടിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. അനഭിലഷണിയ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇത്തരം നടപടികള്‍ ഭാവിയിലും തുടരും അദ്ദേഹം പറഞ്ഞു.

ഭാവി തലമുറയെ കലാരംഗത്ത് എത്തിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തൃശൂരില്‍ 58-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രധാന വേദിയായ നീര്‍മാതളത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല മനുഷ്യരെ ആനന്ദിപ്പിക്കുക മാത്രമല്ല മനസ്സിനെ വിമലീകരിക്കുകയും ചെയ്യുമെന്നും അതിനാല്‍ കലയെ സംരക്ഷിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. അപ്പീലുകള്‍ ഓരോ മത്സരങ്ങളുടെയും നിറം കെടുത്തുമെങ്കിലും അപ്പീലുകളുടെ ബാഹുല്യം കൂടുന്നത് എങ്ങനെയെന്ന് പരിശോധിക്കണം. മത്സരിക്കുന്നത് കുട്ടികള്‍ ആണെങ്കിലും രക്ഷിതാക്കള്‍ മത്സരബുദ്ധിയോടെ എത്തുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

ഇത്തരം പ്രവണതകളെ ഇല്ലായ്മ ചെയ്യാനാവണം. വ്യാജന്‍മാരെ കലാരംഗത്തേക്ക് പ്രവേശിപ്പിക്കുന്നത് തടയാനുളള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം ആലോചിക്കണം. കാലികപ്രസക്തമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ കുട്ടികള്‍ സമൂഹത്തിന്റെ ഭാഗമാകുന്നുവെന്നത് അത്യധികം സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം മുതല്‍ താഴെത്തട്ടിലുളള സ്‌കൂള്‍ കലോത്സവങ്ങളില്‍ വിജിലന്‍സ് കവറേജ് ഏര്‍പ്പെടുത്തുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കലാരംഗത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കുത്തക താല്‍പര്യങ്ങളെ ഇല്ലാതാക്കുന്നതിനും വ്യാജ അപ്പീലുകള്‍ നിയന്ത്രിക്കുന്നതിനുമാണിത്. കലോത്സവങ്ങളെ സാംസ്‌കാരികപരമായ ഉന്നമനത്തിലേക്ക് എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്‌കൂളില്‍ നിന്ന് സര്‍ഗ്ഗപ്രതിഭകള്‍ ഉയര്‍ന്നുവരുന്നത് സൈസര്‍ഗ്ഗികമായ കഴിവുകള്‍ ഉള്‍ക്കൊണ്ടാവണം. ഇതിനായി മാധ്യമങ്ങള്‍ നിര്‍ദ്ദേശിച്ച പ്രകാരം എസ്‌തെറ്റിക്‌സ് ഓഡിറ്റ് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മനസ്സില്‍ പൊതുഇടങ്ങള്‍ സൃഷ്ടിച്ച് കുട്ടികളുടെ സര്‍ഗ്ഗസൃഷ്ടികളെ പരിപോഷിപ്പിച്ചെടുക്കുകയാണ്് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കലോത്സവരേഖയുടെ പ്രകാശനം ഇന്നസെന്റ് എം പി നിര്‍വഹിച്ചു. സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ രാജന്‍ എം എല്‍ എ ഏറ്റുവാങ്ങി.

മേയര്‍ അജിത ജയരാജന്‍ പതാക കൈമാറ്റം നടത്തി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ കലോത്സവ അവലോകനവും ജേതാക്കളെ പ്രഖ്യാപിക്കലും നിര്‍വഹിച്ചു. എം പി മാരായ സി എന്‍ ജയദേവന്‍, ഡോ. പി കെ ബിജു, എം എല്‍ എ മാരായ ബി ഡി ദേവസ്സി, കെ വി അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ഗീതാ ഗോപി, അനില്‍ അക്കര, പ്രൊഫ. കെ യു അരുണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇ.വേണുഗോപാലമേനോന്‍, കൗണ്‍സിലര്‍ കെ മഹേഷ്, പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട്, സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്‍ നായര്‍, സബ് കളക്ടര്‍ ഡോ.രേണുരാജ്, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ സുധീര്‍ ബാബു, വി.എച്ച് എസ് ഇ ഡയറക്ടര്‍ പ്രൊഫ.എ.ഫറൂഖ്, ആര്‍ എം എസ് എ പ്രോജക്ട് ഡയറക്ടര്‍ ആര്‍ രാഹുല്‍, എസ്.എസ്.എ ഡയറക്ടര്‍ ഡോ.എ വി കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ സ്വാഗതവും എ ഡി പി ഐ ജെസ്സി ജോസഫ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗക്കളരിയിലെ കൊച്ചു കലാകാരന്‍മാരുടെ മൃദംഗമേളയോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. സമ്മേളനശേഷം സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ സംഗീത സായാഹ്നം അരങ്ങേറി.

Comments are closed.