News in its shortest

സംസ്ഥാനം ഐ. എസ്. ആര്‍. ഒയുമായി സഹകരിച്ച് നോളജ് സെന്റര്‍ സ്ഥാപിക്കും


ഐ. എസ്. ആര്‍. ഒയുടെ സഹായത്തോടെ തിരുവനന്തപുരത്ത് നോളജ് സെന്റര്‍ സ്ഥാപിക്കാന്‍ ധാരണ. ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ ഡോ. കെ. ശിവനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഐ. ടി, ഇലക്ട്രോണിക്സ്, എയ്റോസ്പേസ് ടെക്നോളജി എന്നീ മേഖലകളില്‍ വ്യവസായ സംരംഭകരെ ആകര്‍ഷിക്കുന്നതിന് കിന്‍ഫ്രയുടെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന സൗകര്യം ഒരുക്കും. ഇതിനാവശ്യമായ സാങ്കേതിക സഹായം ഐ. എസ്. ആര്‍. ഒയുടെ ശാസ്ത്രജ്ഞരും എന്‍ജിനിയര്‍മാരും നല്‍കും.

ഡോ. അബ്ദുള്‍ കലാമിന്റെ പേരിലുള്ള നോളജ് സെന്ററിന്റെയും സയന്‍സ് മ്യൂസിയത്തിന്റേയും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഡോ. കെ. ശിവന്‍ അറിയിച്ചു. ബംഗളൂരുവില്‍ മടങ്ങിയെത്തിയാലുടന്‍ ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി കവടിയാറില്‍ 1.75 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ലോഞ്ചിംഗ് വെഹിക്കിള്‍, സാറ്റലൈറ്റുകള്‍ എന്നിവയ്ക്കാവശ്യമായ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഐ. എസ്. ആര്‍. ഒയുടെ തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളിലേക്കും ഉത്പാദ്പ്പിച്ചു നല്‍കുന്നതിന് കെല്‍ട്രോണിനെ ചുമതലപ്പെടുത്താമെന്നും സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയിലുള്ള ഇളവുകള്‍ നല്‍കാമെന്നും ധാരണയായി.

മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ ഘടിപ്പിക്കുന്നതിനുള്ള 500 നാവിക് ഉപകരണങ്ങള്‍ ഉടന്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ഐ. എസ്. ആര്‍. ഒ പ്രതിനിധികള്‍ അറിയിച്ചു. കൂടുതല്‍ നാവിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ കെല്‍ട്രോണിന് കൈമാറും. നാവിക് സംവിധാനത്തിന്റെ പരീക്ഷണം വിജയിച്ചതിലുള്ള സന്തോഷവും സംതൃപ്തിയും ചെയര്‍മാനെ അറിയിച്ചു. ഓഖി ദുരിതാശ്വാസ നിധിയിലേക്കുള്ള വി. എസ്. എസ്. സി ജീവനക്കാരുടെ 16.70 ലക്ഷം രൂപയുടെ ധനസഹായം ഡയറക്ടര്‍ എസ്. സോമനാഥ് കൈമാറി.

ഡോ. കെ. ശിവന്റെ നേതൃത്വത്തില്‍ ഐ. എസ്. ആര്‍. ഒ സയന്റിഫിക് സെക്രട്ടറി പി. ജി. ദിവാകര്‍, വി. എസ്. എസ്. ഡി ഡയറക്ടര്‍ എസ്. സോമനാഥ്, എല്‍. പി. എസ്. സി ഡയറക്ടര്‍ വി. നാരായണന്‍ എന്നിവരാണ് ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും സന്നിഹിതയായിരുന്നു.

Comments are closed.